CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 9 Minutes 35 Seconds Ago
Breaking Now

അഗസ്റ്റാവെസ്റ്റ്‌ലാന്‍ഡ് വിവിഐപി ഹെലികോപ്ടര്‍ അഴിമതിയിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മൈക്കിളിനെ ഇന്ത്യയിലേക്ക് നാടുകടത്തി ; ഇനി വെളിപ്പെടുത്തലുകളുടെ നാളുകളാകും..

ഡല്‍ഹിയിലേക്ക് സ്വകാര്യ ജെറ്റിലാണ് മൈക്കിളിനെ ദുബായ് അധികൃതര്‍ ഇന്ത്യയിലേക്ക് അയച്ചത്

ഇന്ത്യന്‍ ഏജന്‍സികളുടെയും, കേന്ദ്ര സര്‍ക്കാരിന്റെയും വിജയമായാണ് അഗസ്റ്റാവെസ്റ്റ്‌ലാന്‍ഡ് വിവിഐപി ഹെലികോപ്ടര്‍ അഴിമതിയിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മൈക്കിളിനെ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള ദുബായ് സുപ്രീംകോടതി ഉത്തരവിനെ വ്യാഖ്യാനിക്കുന്നത്. ഡല്‍ഹിയിലേക്ക് സ്വകാര്യ ജെറ്റിലാണ് മൈക്കിളിനെ ദുബായ് അധികൃതര്‍ ഇന്ത്യയിലേക്ക് അയച്ചത്. ഇന്ത്യയില്‍ നടക്കുന്ന കേസുകളില്‍ സഹകരിക്കാതെ ദുബായില്‍ കഴിഞ്ഞ് വരികയായിരുന്ന ബ്രിട്ടീഷ് പൗരന്റെ അപ്പീലുകള്‍ പരമോന്നത കോടതി തള്ളിക്കൊണ്ടാണ് ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ കോടതി ഉത്തരവിട്ടത്. 

നാടുകടത്തല്‍ നിബന്ധനകള്‍ പ്രകാരം ഇയാളെ ജയിലിലേക്ക് അയക്കില്ല. പകരം ഇന്ത്യന്‍ ഏജന്‍സികളുടെ സുരക്ഷാ കസ്റ്റഡിയിലാകും ക്രിസ്റ്റ്യന്‍ മൈക്കിളിനെ പാര്‍പ്പിക്കുക. ഇയാളെ റിമാന്‍ഡ് ചെയ്ത് കസ്റ്റഡിയില്‍ ലഭിക്കാനായി സിബിഐ പട്യാല ഹൗസ് കോടതി മുന്‍പാകെ ഹാജരാക്കും. അഗസ്റ്റാവെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതിയില്‍ രാഷ്ട്രീയക്കാര്‍ മുതല്‍ മുതിര്‍ന്ന എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരിലേക്ക് കൈക്കൂലി എത്തിച്ച സുപ്രധാന വ്യക്തിയാണ് മൈക്കിളെന്നാണ് ആരോപണം. എന്നാല്‍ ഈ ആരോപണം ഇയാള്‍ നിഷേധിക്കുന്നുണ്ട്. 

അഗസ്റ്റാവെസ്റ്റ്‌ലാന്‍ഡിന് അനുകൂലമായി കരാര്‍ ഉറപ്പിക്കാന്‍ 30 മില്ല്യണ്‍ യൂറോ, ഏകദേശം 225 കോടി രൂപ ഇയാള്‍ കൈപ്പറ്റിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപ്പെടുത്തുന്നത്. ഇന്റര്‍പോള്‍ അപേക്ഷ പ്രകാരം 2017 ഫെബ്രുവരി 8നാണ് മൈക്കിളിനെ ദുബായ് അധികൃതര്‍ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് 2018ലും അറസ്റ്റ് ചെയ്തു. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്ത് കരാറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് തനിക്ക് നേരെ ആരോപണം ഉയരുന്നതെന്നാണ് ദുബായ് അധികൃതരോട് മൈക്കിള്‍ അവകാശപ്പെടുന്നത്. മുന്‍ സര്‍ക്കാരിനെതിരെ ഉപയോഗിക്കാന്‍ നരേന്ദ്ര മോദി ഗവണ്‍മെന്‍് തന്നെ ഉപയോഗിക്കുകയാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. 

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അധികൃതരെ മൈക്കിള്‍ സ്വാധീനിച്ചെന്നാണ് ഇഡി ചാര്‍ജ്ജ്ഷീറ്റ് കുറ്റപ്പെടുത്തുന്നത്. 12 ഹെലികോപ്ടറുകളുടെ സര്‍വ്വീസ് സീലിംഗ് 6000 മീറ്ററില്‍ നിന്നും 4500 മീറ്ററാക്കി ചുരുക്കിയതോടെയാണ് അഗസ്റ്റാവെസ്റ്റ്‌ലാന്‍ഡിന് യോഗ്യത ലഭിച്ചത്. ഇതിനായി മൈക്കിള്‍ ഇന്ത്യയിലെ പ്രബലര്‍ക്കാണ് പണം നല്‍കിയത്. ഇതുവഴി റഷ്യന്‍, അമേരിക്കന്‍ ചോപ്പറുകള്‍ തള്ളപ്പെട്ടു. യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രി കാര്യാലയം, എസ്പിജി, സിവിസി, പ്രതിരോധ മന്ത്രാലയം എന്നിവിടങ്ങളില്‍ ഇയാള്‍ക്ക് പിടിപാട് ഉണ്ടായിരുന്നെന്നും ഇഡി വ്യക്തമാക്കി. കോണ്‍ഗ്രസിനെതിരെ ശക്തമായി ഉപയോഗിക്കാന്‍ കഴിയുന്ന ആയുധമാണ് മൈക്കിള്‍ എന്ന ഈ അഴിമതി ഇടനിലക്കാരന്‍. 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.