കത്തോലിക്കാ വിശ്വാസികളുടെ ഇടയനായ പോപ്പ് ഫ്രാന്‍സിസിന്റെ ഏറ്റവും വലിയ തലവേദന എന്താണ്? ഇതിനുള്ള ഉത്തരം അദ്ദേഹം ഉടന്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുരോഹിതന്മാരിലെ സ്വവര്ഗ്ഗപ്രേമമാണ് തന്നെ ഏറ്റവും കൂടുതല്‍ വിഷമിപ്പിക്കുന്നതെന്ന് പോപ്പ് തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു. സ്വവര്‍ഗ്ഗപ്രേമം ചില സമൂഹങ്ങള്‍ ഒരു ഫാഷനാക്കി മാറ്റുകയാണെന്നും 81-കാരനായ പോപ്പ് പറയുന്നു.
പോപ്പിന്റെ പുസ്തകത്തിലെ ചില ഏടുകള്‍ ഇറ്റാലിയന്‍ ദിനപത്രമായ കൊറിയെര് ഡെല്ലാ സെറാ പുറത്തുവിട്ടിരുന്നു. ഇതിലാണ് സ്വവര്‍ഗ്ഗപ്രേമം ആശങ്കപ്പെടുത്തുകയാണെന്ന് പോപ്പ് അഭിപ്രായപ്പെടുന്നത്. സെമിനാരികളുടെയും, കോണ്വെന്റുകളുടെയും, മറ്റ് മതപരമായ കേന്ദ്രങ്ങളുടെയും ചുമരുകള്‍ക്കുള്ളില്‍ സ്വവര്‍ഗ്ഗപ്രേമം നിലനില്‍ക്കുന്നത് അവിടെ ജീവിക്കുന്ന പുരോഹതന്മാരെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുമെന്ന് ഫ്രാന്‍സിസ് ചൂണ്ടിക്കാണിക്കുന്നു.
സ്വവര്‍ഗ്ഗപ്രേമം ഫാഷനായി മാറുകയാണ്. ഈ മാനസിക നില സഭയുടെ ജീവിതത്തെയും സ്വാധീനിക്കും, പോപ്പ് അഭിപ്രായപ്പെട്ടു. സ്പാനിഷ് മിഷണറി പുരോഹിതന് ഫെര്‍ണാണ്ടോ പ്രഡോട്വോയുമായി നടത്തിയ നാല് മണിക്കൂര്‍ നേരത്തെ ആശയവിനിമയമാണ് ബുക്കായി പ്രസിദ്ധീകരിക്കുന്നത്.
ഭാവിയില്‍ പുരോഹിതന്മാരായി പുരുഷന്മാരെ സെമിനാരിയിലേക്ക് എടുക്കുമ്പോള്‍ ഇവരുടെ മാനുഷികവും, വികാരപരവുമായ പക്വതയില്‍ ഏറെ ശ്രദ്ധ വേണമെന്നും പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കി.