CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 29 Seconds Ago
Breaking Now

എന്‍ടിആര്‍ !! ഒരു സിനിമയില്‍ ഒന്‍പത് നായികമാര്‍; വിദ്യാ ബാലന്‍ മുതല്‍ നിത്യാ മേനോന്‍ വരെ

കമല്‍ഹാസന്‍ പത്ത് കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ദശാവതാരം നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു നായകന് ഒന്‍പത് നായികമാര്‍ എത്തുന്നത് വളരെ അപൂര്‍വ്വമായി മാത്രം കേള്‍ക്കാന്‍ കഴിയുന്ന വാര്‍ത്തയാണ്. വിഭജിക്കപ്പെടാത്ത ആന്ധ്ര പ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് സൂപ്പര്‍താരവുമായിരുന്ന എന്‍എടി രാമ റാവുവിന്റെ ജീവിതകഥ പറയുന്ന എന്‍ടിആര്‍ കഥാനായകുഡുവിലാണ് ഒന്‍പത് മുന്‍നിര നായികമാര്‍ ഒരുമിക്കുന്നത്. ബ്രഹ്മാണ്ഡ തെലുങ്ക് ചിത്രമായി ഒരുങ്ങുന്ന കഥാനായകുഡു 2019ലാകും തീയേറ്ററിലെത്തുക. 

എന്‍ടിആറിന്റെ മകന്‍ ബാലകൃഷ്ണയെന്ന ബാലയ്യയാണ് പിതാവിന്റെ റോള്‍ ചെയ്യുന്നത്. മലയാളികള്‍ക്ക് തെലുങ്ക് ട്രോളുകളിലൂടെ സുപരിചിതനാണ് ബാലയ്യ. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവിന്റെ വേഷത്തിലെത്തുന്നത് റാണാ ദഗ്ഗുപതിയാണെന്നതാണ് മറ്റൊരു സവിശേഷത. ഇതിനെല്ലാം പുറമെയാണ് 9 മുന്‍നിര നായികമാര്‍ ഈ ബിജ് ബജറ്റ് ചിത്രത്തില്‍ നായികമാരാകുന്നത്. വിദ്യാ ബാലനാണ് മുഖ്യതാരം. എന്‍ടിആറിന്റെ ഭാര്യയായി വിദ്യ എത്തുന്നു. തെലുങ്കില്‍ ഏറെ തിരക്കുള്ള രാകുല്‍ പ്രീത് സിംഗ് അന്തരിച്ച നടി ശ്രീദേവിയുടെ റോള്‍ ചെയ്യും. 

മഹാനടിയില്‍ സാവിത്രിയായി അഭിനയിച്ച കീര്‍ത്തി സുരേഷ് ഇതേ റോള്‍ ഈ ചിത്രത്തിലും ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സംവിധായകന്‍ കൃഷ് ഈ റോളിലേക്ക് മറ്റൊരു മലയാളി താരത്തെയാണ് ഉറപ്പിച്ചത്. നിത്യാ മേനോനാണ് ഈ വേഷം ചെയ്യുന്നത്. ദേവസേനയായി ഞെട്ടിച്ച അനുഷ്‌കയും ചിത്രത്തിലുണ്ട്. പഴയകാല താരം സരോജാദേവിയുടെ റോളാണ് അനുഷ്‌കയ്ക്ക്. ശാലിനി പാണ്ഡെ സൗകാര്‍ ജാനകിയും, ഹന്‍സിക ജയപ്രദയായും എത്തും. 

മാളവിക നായര്‍, പായല്‍ രാജ്പുത് എന്നിവര്‍ ജയസുധ, കൃഷ്ണ കുമാരി എന്നിവരുടെ റോള്‍ അഭ്രപാളിയിലെത്തിക്കും. സൗത്ത് ഇന്ത്യയിലെ മുന്‍നിര താരങ്ങളെ ഒരുമിപ്പിക്കുന്ന ചിത്രമെന്ന ഖ്യാതിയാണ് ഇതോടെ എന്‍ടിആര്‍ ജീവിതകഥയ്ക്ക് ലഭിക്കുന്നത്. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.