സുകുമാരക്കുറിപ്പിന്റെ കഥ പ്രത്യേകിച്ച് ആവര്‍ത്തിക്കേണ്ട കാര്യമില്ല. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും ഒരു തുമ്പ് പോലും കിട്ടാതെ പോയ ആ കഥ വീണ്ടും ആവര്‍ത്തിച്ചു. പക്ഷെ ഇക്കുറി സുകുമാരക്കുറുപ്പിനെ പോലെ വിദഗ്ധമായി മുങ്ങാന്‍ പ്രതിക്ക് സാധിച്ചില്ല. അതിലും വിദഗ്ധമായി കുടുക്കാന്‍ പോലീസ് ബുദ്ധിക്ക് സാധിച്ചത് ഭാഗ്യം. സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് സംശയം തോന്നിയ പോലീസ് കാര്യങ്ങള്‍ക്ക് വ്യക്തത തേടിയത്. ഇതോടെ തൊഴിലാളിയെ കാറിലിട്ട് കത്തിച്ച് ഇന്‍ഷുറന്‍സ് തുക തട്ടാനുള്ള ആ നീക്കം പോലീസ് പൊളിച്ചു.
ചണ്ഡീഗഢ് സ്വദേശി ആകാശാണ് പദ്ധതി ഒരുക്കിയത്. എന്നാല്‍ പോലീസും, റെയില്‍വെ പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ പല്‍വാല്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് 'മരിച്ച' മനുഷ്യനെ പോലീസ് ജീവനോടെ പിടികൂടി. വന്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനാണ് ആകാശും കുടുംബവും ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഈ തുകയുടെ സമ്പൂര്‍ണ്ണ വിവരം കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് പറയാന്‍ കഴിയുക. ഗൂഢാലോചനയില്‍ പങ്കെടുത്ത് പദ്ധതി നടപ്പാക്കിയ ഇയാളുടെ അനന്തിരവന് രവി കുമാറിനെ പോലീസ് ഹിമാചല്‍ പ്രദേശില്‍ നിന്നും പൊക്കിയിരുന്നു.
നവംബര്‍ 20ന് നഹാന് പോലീസ് സ്റ്റേഷന് പരിധിയില്‍ ഒരു അപകടം നടന്നു. കാര്‍ പാരപ്പെട്ടില് ഇടിച്ചു തീപിടിച്ച് വാഹനത്തിലുണ്ടായിരുന്ന ആകാശ് എന്നയാള്‍ വെന്തുമരിച്ചു എന്നാണ് പോലീസ് കരുതിയത്. അടുത്ത ദിവസം ഫോറന്‍സിക് സംഘം സ്ഥലം സന്ദര്‍ശിച്ചു. ആകാശിന്റെ കുടുംബം മരണ സര്‍ട്ടിഫിക്കറ്റിനായി ധൃതി കാണിച്ചതോടെയാണ് പോലീസ് സംശയം തുടങ്ങുന്നത്. ഇതിനിടെ രാജസ്ഥാനില്‍ നിന്നും കാണാതായ ഒരു തൊഴിലാളിയെ തിരഞ്ഞ് പഞ്ചാബ് പോലീസും സ്ഥലത്തെത്തി. ഈ തൊഴിലാളി ആകാശിനൊപ്പമാണ് ജോലി ചെയ്തിരുന്നത്.
രവി കുമാറിനെ പിടിച്ചതോടെയാണ് കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വന്നത്. ചോദ്യം ചെയ്യലിലാണ് ആകാശും താനും ചേര്‍ന്നാണ് കാര്‍ കത്തിച്ചതെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്. വാഹനം മനഃപ്പൂര്‍വ്വം ഇടിപ്പിച്ച ശേഷം പോലീസ് സ്ഥലത്തെത്തും മുന്‍പ് തീയിട്ടതാണെന്ന് രവി പറഞ്ഞു. നേപ്പാളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ആകാശിനെ പോലീസ് പിടികൂടിയത്. തൊഴിലാളിയെ കൊലപ്പെടുത്തി കാറിനൊപ്പം കത്തിച്ച ബുദ്ധി അപ്പോഴാണ് ആകാശ് പോലീസിന് മുന്നില്‍ വിളമ്പുന്നത്. എന്തായാലും സംഭവത്തില്‍ പോലീസ് പുതിയ കേസുകള്‍ എടുത്തിട്ടുണ്ട്.