Breaking Now

ബെല്‍ഫാസ്റ്റിലെ സ്‌കൂളില്‍ മകനെ കൂട്ടാനെത്തിയ പിതാവിനെ വെടിവെച്ച് കൊന്നത് ക്രിമിനല്‍ കുടുംബങ്ങളുടെ കുടിപ്പകയില്‍; രണ്ട് അക്രമികളെ പോലീസ് പിടികൂടി; പ്രതികള്‍ കസ്റ്റഡിയില്‍; ഭയചകിതരായി കുട്ടികളും, രക്ഷിതാക്കളും, അധ്യാപകരും; ക്രിസ്മസ് ആഘോഷങ്ങളും ഒരുക്കങ്ങളും ഭയത്തില്‍ മുങ്ങി

രണ്ട് കുറ്റവാളി കുടുംബങ്ങള്‍ തമ്മിലുള്ള പകപോക്കലിന്റെ ഭാഗമായാണ് അക്രമമെന്നാണ് കരുതുന്നത്.

സ്‌കൂളില്‍ നിന്നും മകനെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ പിതാവിന് സ്‌കൂളിന് മുന്നിലിട്ട് വെടിവെച്ച് കൊന്നു. ബെല്‍ഫാസ്റ്റിലെ സെന്റ് മേരീസ് ഗ്രാമര്‍ സ്‌കൂളിന് മുന്നിലായിരുന്നു അക്രമം. നാല്‍പ്പതുകളില്‍ പ്രായമുള്ള ജിം ഡോണെഗനാണ് തന്റെ ആഡംബര കാറില്‍ ഇരിക്കവെ കൊല്ലപ്പെട്ടത്. അക്രമത്തില്‍ പ്രതികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 49, 51 വയസ്സ് പ്രായമുള്ള രണ്ട് പേരെയാണ് വെസ്റ്റ് ബെല്‍ഫാസ്റ്റ് പ്രദേശത്ത് നടന്ന തെരച്ചിലിനൊടുവില്‍ പിടികൂടിയതെന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ട് പോലീസ് സര്‍വ്വീസ് അറിയിച്ചു. ഇരുവരും കസ്റ്റഡിയില്‍ തുടരുകയാണ്. 

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഡോണെഗന് നേരെ നിരവധി തവണ വെടിയുതിര്‍ത്തതായി പോലീസ് വ്യക്തമാക്കി. തലയ്ക്ക് വെടിയേറ്റ ഇദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചതായും അധികൃതര്‍ സ്ഥിരീകരിച്ചു. വെസ്റ്റ് ബെല്‍ഫാസ്റ്റിലെ സ്‌കൂളിന് സമീപത്തേക്ക് എത്തുന്ന ഒരാള്‍ തിരികെ ഓടിപ്പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ഇയാളുടെ തോളത്തുണ്ടായിരുന്ന ബാഗില്‍ തോക്ക് സൂക്ഷിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അക്രമത്തിന് ദൃക്‌സാക്ഷിയായ ഏഴ് വയസ്സുകാരന്‍ ഭയചകിതനായതായി കുട്ടിയുടെ അമ്മ വെളിപ്പെടുത്തി. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായുള്ള പരിപാടികള്‍ക്കായി ഒരുങ്ങവെയാണ് സംഭവം. 

ഈ സംഭവത്തിന് തൊട്ടുമുന്‍പ് വരെ തയ്യാറെടുപ്പുകളില്‍ മുഴുകിയ കുട്ടികള്‍ക്ക് ഇനി സാന്റയും സമ്മാനങ്ങളും സ്വപ്‌നം കാണാന്‍ കഴിയില്ലെന്ന് ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ പീറ്റ് മോണ്ട്‌ഗോമറി പ്രതികരിച്ചു. പട്ടാപ്പകല്‍ അവരുടെ സ്‌കൂളിന് മുന്‍വശത്ത് നടന്ന കൊലപാതകത്തെക്കുറിച്ചുള്ള ദുഃസ്വപ്‌നമാകും അവരെ പിന്തുടരുക. പഠിക്കാനും വളരാനുമുള്ള സുരക്ഷിതമായ സ്ഥലത്താണ് അത്യാഹിതം നടന്നത്. മൂന്ന് കുട്ടികളെ കടന്നെത്തിയ ശേഷമാണ് തോക്കുധാരി ഇരയ്ക്ക് നേരെ എട്ട് തവണ വെടിപൊട്ടിച്ചത്. കൂടുതല്‍ പേര്‍ക്ക് പരുക്കേറ്റില്ലെന്നത് മാത്രമാണ് ആശ്വസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രണ്ട് കുറ്റവാളി കുടുംബങ്ങള്‍ തമ്മിലുള്ള പകപോക്കലിന്റെ ഭാഗമായാണ് അക്രമമെന്നാണ് കരുതുന്നത്. സംഭവത്തെത്തുടര്‍ന്ന് സെന്റ് മേരീസ് ഗ്രാമര്‍ സ്‌കൂളിന് അവധി നല്‍കി കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കി. 
കൂടുതല്‍വാര്‍ത്തകള്‍.