CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 29 Minutes 16 Seconds Ago
Breaking Now

പാപത്തിന് നികുതി വാങ്ങാന്‍ ഒരുങ്ങി പാകിസ്ഥാന്‍; ട്വിറ്ററില്‍ ട്രോളിക്കൊല്ലല്‍ തുടങ്ങി !

പുകയില ഉത്പന്നങ്ങള്‍, ശീതളപാനീയങ്ങള്‍ പോലുള്ള വിപണിയിലിറക്കുന്നവരില്‍ നിന്നുമാണ് ഈ പാപ നികുതി ഈടാക്കാന്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

പാപത്തിന് നികുതി ഈടാക്കുന്ന ഒരു സര്‍ക്കാര്‍! അത് ലോകത്തില്‍ ഒരുപക്ഷെ നമ്മുടെ അയല്‍പക്കത്തെ രാജ്യത്ത് മാത്രമേ കാണൂ. ട്വിറ്റര്‍ ലോകവും ഈ പ്രത്യേക തരം ടാക്‌സിന്റെ പേര് കേട്ട് ഞെട്ടലിലാണ്. എന്നാല്‍ ഇവര്‍ കരുതുന്നത് പോലെ യഥാര്‍ത്ഥ പാപങ്ങള്‍ക്കല്ല ഈ ടാക്‌സ് എന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. പുകവലി, അമിതമായി മധുരം ചേര്‍ത്ത ശീതളപാനീയങ്ങള്‍ തുടങ്ങിയവയാണ് പാപത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്തി പാകിസ്ഥാന്‍ സര്‍ക്കാര്‍ ടാക്‌സ് ഏര്‍പ്പെടുത്തുന്നത്. ഇതിന് ഗുണാ ടാക്‌സ് അഥവാ പാപ നികുതി എന്ന പേര് നല്‍കിയതാണ് ട്വിറ്റര്‍ ലോകത്തെ കണ്‍ഷ്യൂഷനിലാക്കിയത്. 

പുകയില ഉത്പന്നങ്ങള്‍, ശീതളപാനീയങ്ങള്‍ പോലുള്ള വിപണിയിലിറക്കുന്നവരില്‍ നിന്നുമാണ് ഈ പാപ നികുതി ഈടാക്കാന്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് മന്ത്രി ആമെര്‍ മെഹ്മൂദ് കിയാനിയാണ് ഈ ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയത്. ആരോഗ്യ ബജറ്റിലേക്ക് ആവശ്യത്തിന് പണം കണ്ടെത്തുകയാണ് നികുതിയുടെ ലക്ഷ്യം. എന്നാല്‍ മലിനീകരണ നികുതി, ആരോഗ്യ നികുതി എന്നിവയെല്ലാം കഴിഞ്ഞ് ഇപ്പോള്‍ പാപത്തിനും നികുതി ഏര്‍പ്പെടുത്തുന്ന സര്‍ക്കാരിനെ നയിക്കുന്നത് സ്‌കൂളില്‍ തോറ്റ് പോയ രാഷ്ട്രീയക്കാരാണോയെന്നാണ് ചിലരുടെ ചോദ്യം. 

ഗുണാ എന്നാല്‍ ഉര്‍ദ്ദുവില്‍ പാപം എന്നാണര്‍ത്ഥം. കൊക്കൊകോളയിലും, പെപ്‌സിയിലും പാപ നികുതി ഏര്‍പ്പെടുത്തിയാല്‍ ചെയ്തുപോയ വോട്ട് തിരികെ ലഭിക്കണമെന്ന് മറ്റ് ട്വീറ്റന്‍മാരും ആവശ്യപ്പെടുന്നു. ലോകത്തില്‍ ഇത്തരം ഉത്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തി ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കുന്ന ആദ്യ രാജ്യമല്ല പാകിസ്ഥാന്‍. എന്നാല്‍ ഇതുകൊണ്ട് ജനം ഉപയോഗം കുറയ്ക്കുമെന്ന് ഉറപ്പില്ല. ഉദാഹരണത്തിന് കേരളത്തിന്റെ കാര്യം തന്നെ എടുക്കാം, മദ്യ ഉപയോഗം കുറയ്ക്കാന്‍ നികുതി വര്‍ദ്ധിപ്പിച്ച് വര്‍ദ്ധിപ്പിച്ച് സര്‍ക്കാരിന്റെ ഖജനാവ് നിറയുന്നതല്ലാതെ ഇതില്‍ യാതൊരു കുറവും കാണാനില്ല. 

എന്നിരുന്നാലും ചെറുപ്പക്കാരെ പുകവലിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഈ പാപ നികുതി വഴിയൊരുക്കുമെന്ന് പാക് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് അതിമോഹിക്കുന്നു. ഇതൊന്നും കുറഞ്ഞില്ലെങ്കിലും ഖജനാവിലേക്ക് നല്ല തോതില്‍ നികുതി വരുമാനം എത്തുമെന്ന് സര്‍ക്കാരിന് ഉറപ്പുണ്ട്. പുകവലി മൂലം പാകിസ്ഥാനില്‍ പ്രതിവര്‍ഷം 108,000 പേര്‍ക്ക് ജീവന്‍ നഷ്ടമാകുന്നുവെന്നാണ് കണക്ക്. 

 

 

 

 

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.