വിജയ് സേതുപതി എന്ന സാധാരണക്കാരന്‍ പ്രേക്ഷകരുടെ മനസ്സുകളിലേക്ക് കുടിയേറിപ്പാര്‍ത്തത് ചുരുങ്ങിയ സമയം കൊണ്ടാണ്. ഒടുവിലായി ഇറങ്ങിയ 96-ലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും, സന്തോഷിപ്പിച്ചും, കരയിച്ചും, ചിന്തിപ്പിച്ചും ആ താരം മക്കള്‍ സെല്‍വന്‍ എന്ന വിളിപ്പേരും നേടിക്കഴിഞ്ഞു. വെള്ളിത്തിരയിലെ ആ തിളങ്ങുന്ന പേര് ഇനി ടെലിവിഷന്‍ ഷോയിലും എത്തുന്നതായാണ് വാര്‍ത്തകള്‍. കമല്‍ ഹാസനും, അരവിന്ദ് സ്വാമിയും, സൂര്യ, വിശാല്‍ എന്നിവര്‍ക്കെല്ലാം പിന്നാലെ വിജയ് സേതുപതി ഒരു ടെലിവിഷന്‍ ഷോ അവതരിപ്പിക്കാന്‍ എത്തുകയാണ്.
തിരക്കേറിയ താരമാണെങ്കിലും ടെലിവിഷന്‍ ഷോയിലൂടെ കൂടുതല്‍ ആളുകളിലേക്ക് എത്തുകയാണ് വിജയ് സേതുപതി. സണ്‍ ടിവിയിലെ ടോക്ക് ഷോയാണ് താരം അവതരിപ്പിക്കുക. വിജയ് സേതുപതി തന്നെയാണ് ഷോയുടെ കണ്‍സപ്റ്റ് ഡിസൈന്‍ ചെയ്തിട്ടുള്ളതെന്ന് സഹ നിര്‍മ്മാതാവ് കാര്‍ത്തിക് ശ്രീനിവാസന്‍ പറഞ്ഞു. ഇത്തരമൊരു ടോക്ക് ഷോ ഇതാദ്യമായാണ് കാണുക. യഥാര്‍ത്ഥ ജീവിതത്തിലെ ഹീറോസിനെ പരിചയപ്പെടുത്തുന്ന പോസിറ്റീവ് ഷോയാണിത്. അടുത്ത മാസം മുതല്‍ പരിപാടി ആരംഭിക്കും, ശ്രീനിവാസന്‍ വ്യക്തമാക്കി.
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം ആദ്യമായി അഭിനയിക്കുന്ന പേട്ടയാണ് വിജയുടെ പുതിയ റിലീസ്. ജിത്തു എന്നു പേരുള്ള വില്ലന്‍ കഥാപാത്രമായാണ് താന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുകയെന്ന് പേട്ടയുടെ ഓഡിയോ ലോഞ്ചിനെത്തിയ താരം വ്യക്തമാക്കിയിരുന്നു. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മ്മാണം. ഇതിന് പുറമെ ബാലാജി സംവിധാനം ചെയ്ത സീതാകത്തിയും റിലീസിന് ഒരുങ്ങുകയാണ്. ഗോവിന്ദ് വസന്തയാണ് ഈ ചിത്രത്തിന്റെയും ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്.
ഇതിനിടെ തെലുങ്കില്‍ ചീരഞ്ജീവിയും, അമിതാഭ് ബച്ചനും ഒരുമിക്കുന്ന സെയ് റാ നരസിംഹ റെഡ്ഡിയിലും വിജയ് സേതുപതി മുഖ്യവേഷത്തില്‍ എത്തുന്നുണ്ട്. ഇതിഹാസ സ്വാതന്ത്ര്യ സമര പോരാളി ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ കഥയാണ് ചിത്രം പറയുന്നത്.