നടി ശ്രുതി ഹരിഹരന് ഒരു മാസത്തിന് മുന്‍പാണ് തമിഴ് താരം അര്ജ്ജുന് സര്‍ജയ്ക്കെതിരെ മീടൂ ആരോപണം ഉന്നയിക്കുന്നത്. തമിഴ് ചിത്രം നിപുണന്റെ സെറ്റില്‍ വെച്ച് തന്നെ ലൈംഗികമായി അതിക്രമിച്ചെന്നായിരുന്നു ശ്രുതിയുടെ വെളിപ്പെടുത്തല്‍. മീടൂ വെളിപ്പെടുത്തലുകളുടെ ഭാഗമായാണ് നിരവധി പ്രമുഖര്‍ ഇത്തരം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
ഡബ്യുസിസി അംഗം കൂടിയായ ശ്രുതി ഹരിഹരന് ഈ വെളിപ്പെടുത്തലോടെ അവസരങ്ങള്‍ ഇല്ലാതായെന്നാണ് അവര്‍ തന്നെ സമ്മതിക്കുന്നത്. അര്‍ജുനെതിരെ പരാതി പറഞ്ഞതോടെ ജോലികള്‍ ഇല്ലാതായി. 'അന്തസ്സിനെയിം അഭിമാനത്തെയും ഹനിക്കുന്ന അനുഭവമാണ് നേരിട്ടത്. ഇതാണ് പ്രതികരണമെങ്കില്‍ ഭാവിയില്‍ കുറച്ച് സ്ത്രീകള്‍ മാത്രമാകും അവസരങ്ങള്‍ ഭയന്ന് തുറന്ന് സംസാരിക്കുക. കാര്യങ്ങളെ യഥാര്‍ത്ഥമായ രീതിയില്‍ നേരിടാന്‍ സമയമായി', ശ്രുതി പറഞ്ഞു.
ഏതാനും മാസം മുന്‍പ് ആഴ്ചയില്‍ മൂന്ന് അവസരങ്ങളെങ്കിലും തേടിയെത്തുമായിരുന്നു. വിവിധ സ്ക്രിപ്റ്റുകള്‍ കേട്ടിരുന്നു. എന്നാല്‍ മീടൂ വെളിപ്പെടുത്തലോടെ ഇതുവരെ ആകെ ലഭിച്ചത് രണ്ട് അവസരങ്ങളാണ്. ഇതില്‍ താല്പര്യം തോന്നാത്തതിനാല്‍ എടുത്തതുമില്ല. അവസരങ്ങള്‍ കുറഞ്ഞെന്നത് സത്യമാണ്. ആളുകള്‍ക്ക് എന്റെ കൂടെ ജോലി ചെയ്യാന്‍ ബുദ്ധിമുട്ട് കാണും. ഇതില്‍ അതിശയമില്ല, ശ്രുതി പറയുന്നു.
എന്നാലും പോരാട്ടം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് താരം വ്യക്തമാക്കി.