CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 20 Minutes 39 Seconds Ago
Breaking Now

52 മില്ല്യണ്‍ ഗൂഗിള്‍ പ്ലസ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു; പൊട്ടിപ്പാളീസായ സോഷ്യല്‍ മീഡിയ സര്‍വ്വീസ് നേരത്തെ അടച്ചുപൂട്ടും

ഗൂഗിള്‍ പ്ലസിന്റെ ഡാറ്റ ചോര്‍ന്നതോടെ 52 മില്ല്യണ്‍ ഉപയോക്താക്കളുടെ പേരുകളും, ഇമെയില്‍ വിലാസങ്ങളും, പ്രായവും, ജോലിയും വരെയുള്ള സ്വകാര്യ വിവരങ്ങള്‍ കൈവിട്ട് പോയതെന്നാണ് വിവരം.

ടെക് വമ്പന്‍മാരായിരുന്നിട്ടും സോഷ്യല്‍ മീഡിയ സര്‍വ്വീസ് വിജയകരമായി നടപ്പാക്കാന്‍ ഗൂഗിളിന് സാധിച്ചിട്ടില്ല. കൊട്ടിഘോഷിച്ച് ആരംഭിച്ച ഗൂഗിള്‍ പ്ലസ് പൊളിഞ്ഞ് പാളീസായതോടെ അടച്ചുപൂട്ടാന്‍ കമ്പനി തീരുമാനിച്ചിരുന്നു. ഇത് നാല് മാസം മുന്‍പ് തന്നെ അവസാനിപ്പിക്കാനുള്ള അവസരമൊരുക്കിയാണ് ടെക് വമ്പന്‍മാരില്‍ നിന്നും വന്‍ ചോര്‍ച്ച സംഭവിച്ചിരിക്കുന്നത്. ഗൂഗിള്‍ പ്ലസിന്റെ ഡാറ്റ ചോര്‍ന്നതോടെ 52 മില്ല്യണ്‍ ഉപയോക്താക്കളുടെ പേരുകളും, ഇമെയില്‍ വിലാസങ്ങളും, പ്രായവും, ജോലിയും വരെയുള്ള സ്വകാര്യ വിവരങ്ങള്‍ കൈവിട്ട് പോയതെന്നാണ് വിവരം. 

ഗൂഗിളിന്റെ സോഫ്റ്റ്‌വെയറില്‍ കടന്നുകൂടിയ വൈറസാണ് രണ്ട് മാസത്തിനിടെ ഈ പണി ഒപ്പിച്ചത്. ഇതോടെ നേരത്തെ കണക്കുകൂട്ടിയതിലും നാല് മാസം മുന്‍പ് തന്നെ വിജയിക്കാതെ പോയ സോഷ്യല്‍ മീഡിയ സര്‍വ്വീസ് അവസാനിപ്പിക്കാനാണ് ടെക് വമ്പന്റെ തീരുമാനം. ഒക്ടോബറില്‍ സമാനമായ സംഭവങ്ങളില്‍ 5 ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതോടെയാണ് ഗൂഗിള്‍ പ്ലസിന്റെ കണ്‍സ്യൂമര്‍ വേര്‍ഷന്‍ അവസാനിപ്പിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചത്. 2019 ആഗസ്റ്റില്‍ പ്രവര്‍ത്തനം നിര്‍ത്തുമെന്നായിരുന്നു കരുതിയിരുന്നത്. 

എന്നാല്‍ പുതുതായി മറ്റൊരു 52.5 മില്ല്യണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ കൂടി വൈറസ് ചോര്‍ത്തിയെന്ന് ഗൂഗിള്‍ അറിയിച്ചു. നവംബര്‍ 7 മുതല്‍ 13 വരെയുള്ള തീയതികളിലായിരുന്നു ചോര്‍ച്ച. വൈറസിന്റെ പ്രവര്‍ത്തനം മൂലം തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ക്ക് ഉപയോക്താവിന്റെ വിവരം ലഭ്യമാകാന്‍ വഴിയൊരുങ്ങുകയായിരുന്നു. പ്രൊഫൈല്‍ പ്രൈവറ്റായി സെറ്റ് ചെയ്താലും ഇതില്‍ നിന്നും രക്ഷപ്പെടാന്‍ സാധിച്ചിരുന്നില്ല. ചോര്‍ന്ന വിവരങ്ങള്‍ ഹാക്കര്‍മാരുടെ കൈകളില്‍ എത്തിയിട്ടില്ലെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. ഇതിന് മുന്‍പ് തന്നെ പിഴവ് തിരിച്ചറിഞ്ഞ് പ്രശ്‌നം ഒതുക്കിയെന്ന് കമ്പനി പറയുന്നു. 

പുതിയ വൈറസ് കൂടി കണ്ടെത്തിയതോടെ ഗൂഗിള്‍ പ്ലസിന്റെ പ്രവര്‍ത്തനം അടിയന്തരമായി അവസാനിപ്പിക്കുകയാണെന്ന് പ്രൊജക്ട് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് ഡേവിഡ് താക്കര്‍ വ്യക്തമാക്കി. അടുത്ത 90 ദിവസത്തിനുള്ളില്‍ ഇത് സംഭവിക്കും. ഗൂഗിളിന്റെ ആഭ്യന്തര പരിശോധനയിലാണ് വീഴ്ച തിരിച്ചറിഞ്ഞത്. ഇതേക്കുറിച്ച് ഉപയോക്താക്കളെ അറിയിച്ച് വരികയാണ്. തുടര്‍ന്നും ഉപയോക്താക്കളുടെ സ്വകാര്യത മാനിക്കുമെന്ന് കൂടി അദ്ദേഹം ബ്ലോഗില്‍ അവകാശപ്പെടുന്നു. 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.