നടി അക്രമിക്കപ്പെട്ടതിന്റെ സുപ്രധാന തെളിവായ ദൃശ്യങ്ങള്‍ തിരിമറി നടന്നിട്ടുണ്ടെന്ന വാദങ്ങള്‍ ആവര്‍ത്തിച്ച് സുപ്രീംകോടതിയില്‍ ദിലീപിന്റെ അഭിഭാഷകന്. മെമ്മറി കാര്‍ഡ് രേഖയായി പരിഗണിക്കുമ്പോള്‍ ആ ദൃശ്യങ്ങള്‍ പ്രതിയായ ആരോപിക്കപ്പെടുന്ന വ്യക്തിക്ക് കൈമാറുന്നത് ശരിയാണോയെന്ന പരമോന്നത കോടതിയുടെ ചോദ്യത്തിനാണ് ഈ രേഖ തന്നെ തിരിമറി നടന്നതാണെന്ന് സീനിയര്‍ അഭിഭാഷകന് മുകുള്‍ റോഹത്ത്ഗി വാദിച്ചത്.
ചാര്‍ജ്ജ് ഷീറ്റില്‍ ആരോപിക്കുന്നത് പ്രകാരം നടി ഓടുന്ന വാഹനത്തില്‍ വെച്ചാണ് അക്രമിക്കപ്പെട്ടതെന്ന് റോഹത്ത്ഗി പറയുന്നു. എന്നാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളില്‍ വാഹനം നിശ്ചലമാണ്. ദിലീപിന്റെ അഭിഭാഷകന്റെ വീഡിയോ പൂര്‍ണ്ണമായി കാണിച്ചിട്ടില്ല. പകരം എഡിറ്റ് ചെയ്ത ക്ലിപ്പുകളാണ് കാണിച്ചത്. ഇതില്‍ അപരിചിതരുടെ ശബ്ദവും കടന്നുകൂടിയിട്ടുണ്ട്.
ദിലീപിന്റെ നിരപരാധിത്വം തെളിയിക്കാന്‍ മെമ്മറി കാര്‍ഡിന്റെ കോപ്പി വേണമെന്നാണ് അഭിഭാഷകന് ആവശ്യപ്പെടുന്നത്. നടിയെ അക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. മെമ്മറി കാര്‍ഡ് വേണമെന്ന ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.
കേരള സര്‍ക്കാരിന്റെ വാദങ്ങള്‍ കേട്ട ശേഷം കാര്യങ്ങള്‍ തീരുമാനിക്കാമെന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്.