നടി സേതുലക്ഷ്മിയുടെ മകന് വൃക്ക നല്‍കാമെന്ന് അറിയിച്ച് പൊന്നമ്മ ബാബു രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഷുഗറും കൊളസ്ട്രോളും ഉള്ളതിനാല്‍ വൃക്ക നല്കാന് കഴിയില്ലെന്ന് പരിശോധനയില്‍ ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുകയാണ്. താന്‍ അതിന്റെ വിഷമത്തിലാണെന്നും പൊന്നമ്മ ബാബു പറഞ്ഞു.
പൊന്നമ്മ ബാബുവിന്റെ വാക്കുകളിലേക്ക് .ഷുഗറും കൊളസ്ട്രോളും ഒക്കെ ഉള്ളതിനാല്‍ കിഡ്നി ദാനം ചെയ്യാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കിഡ്നി നല്കാന് ഒരു ചെറുപ്പക്കാരന് എത്തിയിട്ടുണ്ട്. ഒരു ചെക്കപ്പ് കഴിഞ്ഞു. ഇനി രണ്ട് ചെക്കപ്പ് കൂടി ബാക്കിയുണ്ട്. ഇതുവരെ കുഴപ്പമൊന്നുമില്ല. തിരുവനന്തപുരത്ത് വച്ചാകും ശസ്ത്രക്രിയ. എല്ലാത്തിനും ഞാന്‍ ചേച്ചിയ്ക്കൊപ്പമുണ്ടാകും. സാമ്പത്തികമായി കഴിയും പോലെ സഹായിക്കും. സുഹൃത്തുക്കളും സഹായിക്കാന്‍ ഒപ്പമുണ്ട്, പൊന്നമ്മ ബാബു പറഞ്ഞു.
'' ഒരു നടി സ്വന്തം മകന് വേണ്ടി പരസ്യമായി കൈകൂപ്പി അപേക്ഷിക്കുന്നത് കണ്ടപ്പോള്‍ സഹിച്ചില്ല, ഞാനുമൊരു അമ്മയല്ലേ, കരഞ്ഞുകൊണ്ടാണ് ചേച്ചിയെ വിളിച്ചത്. വര്‍ഷങ്ങളായുള്ള പരിചയമാണ് ഞങ്ങള്‍ തമ്മില്‍. ചേച്ചിയുടെ മൂത്ത മകള്‍ക്ക് കാന്സറിയാരുന്നു. അവര്‍ മരിച്ചുപോയി. ഇനി ചേച്ചിയെ നോക്കേണ്ടത് ഈ മകനാണ്. എല്ലാം ഓര്‍ത്തപ്പോള്‍ സഹിച്ചില്ല. ഒരു ജീവന് രക്ഷിക്കാമല്ലോയെന്ന് കരുതി. ചേച്ചിയുടെ ചെവിയില്‍ പറഞ്ഞ കാര്യമാണ്. ചേച്ചി ആരോടോ പറഞ്ഞ് സംഭവം പരസ്യമായതാണെന്നും പൊന്നമ്മ ബാബു പറയുന്നു.