Breaking Now

ആചാരങ്ങളിലൂടെയും ആഘോഷങ്ങളിലൂടെയും നന്മയുടെ മഹത് സന്ദേശങ്ങളെ കാട്ടിത്തന്ന പൈതൃകം സ്വന്തമാക്കിയ നമുക്കിതാ ഒരു ആഘോഷവേള കൂടി. മാഞ്ചസ്റ്റര്‍ മലയാളിഹിന്ദു കമ്യൂണിറ്റിയുടെ ധനുമാസ തിരുവാതിര ഡിസംബര്‍ 22 ന്...

മംഗല്യവതികളായ സ്ത്രീകള്‍ തങ്ങളുടെ ദീര്‍ഘമാംഗല്യത്തിനും കന്യകമാര്‍ സദ്ഭര്‍തൃ സിദ്ധിക്കും വേണ്ടി ഭഗവാന്‍ ശ്രീ പരമേശ്വരനെ പ്രീതിപ്പെടുത്താനായി അനുഷ്ഠിക്കുന്നതാണ് തിരുവാതിര വ്രതം. ദക്ഷയാഗത്തില്‍ ക്ഷണിക്കപ്പെടാതെ ചെന്ന സ്വന്തം മകള്‍ സതീദേവിയെ ദക്ഷന്‍ അപമാനിച്ചതില്‍ ദു:ഖിതയായി സതീദേവി ദേഹത്യാഗം ചെയ്തപ്പോള്‍ തന്റെ ഭാര്യയുടെ വിയോഗത്തില്‍ ദുഃഖിതനും ക്രോധിതനുമായ പരമശിവന്‍ ദക്ഷനെ കൊല ചെയ്തതിനു ശേഷം ഹിമാലയത്തില്‍ തപസ്സനുഷ്ഠിക്കാന്‍ പോയി. അടുത്ത ജന്മത്തിലും ഭഗവാനെ ഭര്‍ത്താവായി ലഭിക്കണമെന്ന ആഗ്രഹഫലമായി സതീദേവി പാര്‍വ്വതിയായി പുനര്‍ജ്ജനിക്കുകയും ഭഗവാനെ പ്രീതിപ്പെടുത്താനായി പ്രാര്‍ത്ഥന തുടരുകയും ചെയ്തു. ദേവിയുടെ പ്രാര്‍ത്ഥനയില്‍ സംപ്രീതനായ ശ്രീ പരമേശ്വരന്‍  അര്‍ദ്ധാംഗനയായി ദേവിയെ തന്നിലേക്ക് സ്വീകരിക്കുകയും ചെയ്തു. ഇതില്‍ ആനന്ദഭരിതയായ ദേവി വനത്തില്‍ ആടിയും പാടിയും തുടിച്ചു കുളിച്ചും വെറ്റില ചവച്ചും ഊഞ്ഞാലാടിയുമെല്ലാം ഉല്ലസിച്ചു നടന്നതിന്റെ പ്രതീകാത്മകമായി സ്ത്രീകള്‍ ആഘോഷിക്കുന്നതാണ് തിരുവാതിര എന്ന് ഐതിഹ്യം. 

അതിരാവിലെ ഉണര്‍ന്ന് കുളത്തില്‍ പോയി തുടിച്ചു കുളിച്ച് വ്രതാനുഷ്ഠാനങ്ങള്‍ക്കാവശ്യമായ എട്ടങ്ങാടി നേദിച്ച് , ഗ്രാമത്തിലുള്ള ഏതെങ്കിലും തറവാടില്‍ ഒരുമിച്ചു കൂടി, ദശപുഷ്പം ചൂടി, തിരുവാതിര കളിയുമായി ഉറക്കമിളച്ച്, തിരുവാതിര പുഴുക്ക്, കൂവ കുറുക്ക് തുടങ്ങിയ വ്രതാനുയോജ്യമായ ആഹാരാദികള്‍ പങ്കുവെച്ചും തങ്ങളുടെ സന്തോഷം പങ്കിട്ടുമാണ് തിരുവാതിര ആഘോഷിച്ചു പോരുന്നത്. ഒരു കുടുംബത്തിന്റെ വിളക്കാണ് സ്ത്രീയെന്നതും ഒരു നല്ല കുടുംബത്തില്‍ നിന്നുമേ ഒരു നല്ല സമൂഹവും രാജ്യവും ഉടലെടുക്കൂ എന്ന ആപ്തവാക്യം ഇവിടെ വളരെ പ്രസക്തമാണ്. തന്റെ ഉറ്റവരുടെ നന്മക്കായി പ്രാര്‍ത്ഥിക്കുന്ന സ്ത്രീത്വത്തിന്റെ മഹത്വം ഉദ്‌ഘോഷിക്കുന്ന ഒരു പാരമ്പര്യമാണ് നമുക്കുള്ളത്. ആ നന്മക്ക് മൂല്യച്യുതി സംഭവിക്കാതെ തലമുറകളിലേക്കു കൈമാറാന്‍ നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം. 

അതിന്റെ ഭാഗമായി ഈ വരുന്ന ഡിസംബര്‍  22 ന് 6pm 9pm വരെ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റി (GMMHC) ധനുമാസ തിരുവാതിര സെയില്‍ മൂര്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ആഘോഷിക്കുകയാണ്. എട്ടങ്ങാടി, തിരുവാതിര പുഴുക്ക്, കൂവ പായസം എന്നിവ ഉണ്ടാക്കി, തുടിച്ച് കുളിച്ച് (സാങ്കല്പികം ) , ദശപുഷ്പം ചൂടി ഒരു തിരുവാതിര രാവിനായി ഏവരും ഒരുമിക്കുന്നു. ഏവര്‍ക്കും സ്വാഗതം

 
കൂടുതല്‍വാര്‍ത്തകള്‍.