Breaking Now

പുതിയ വീട് സ്ത്രീധനമായി ചോദിച്ചിട്ടു നല്‍കാത്തതിന്റെ ദേഷ്യം ; നവവധുവിനെ ഭര്‍തൃവീട്ടുകാര്‍ ജീവനോടെ കത്തിച്ചു

ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലാണ് ഞെട്ടിക്കുന്ന കുറ്റകൃത്യം അരങ്ങേറിയത്.

സ്ത്രീധനം ചോദിക്കാനും, കൊടുക്കാനും പാടില്ലെന്നതാണ് നിയമം. പക്ഷെ നാട്ടിലെ നിയമങ്ങള്‍ എല്ലാം പാലിക്കാനുള്ളതാണോയെന്ന ചോദ്യം സ്വാഭാവികമായും ഉയരും. ഇന്ത്യയിലെ രീതി അനുസരിച്ച് സ്ത്രീയെ വിവാഹം കഴിക്കാന്‍ പുരുഷന്‍മാരുടെ വീട്ടുകാര്‍ സ്ത്രീധനം ചോദിച്ച് വാങ്ങും. ഇതിന് ബുദ്ധിമുട്ടുള്ളവര്‍ അല്‍പ്പം കൂടി മാന്യമായി നാട്ടുനടപ്പ് അനുസരിച്ച് നിങ്ങളുടെ കുട്ടിക്കുള്ളത് കൊടുത്താല്‍ മതിയെന്ന് സൗമ്യമായി മൊഴിയും. രണ്ടിന്റെയും അര്‍ത്ഥം ഒന്ന് തന്നെ, വിവാഹം നടക്കാന്‍ ധനം വേണം! ഇതിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും അതുകൊണ്ട് തന്നെ യാതൊരു കുറവുമില്ല. 

എന്നാല്‍ സ്ത്രീധനത്തിന്റെ പേരിലുള്ള തര്‍ക്കത്തിനൊടുവില്‍ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം പിന്നിട്ട യുവതിയെ ജീവനോടെ കത്തിക്കുകയാണ് ഒരു ഭര്‍തൃവീട്ടുകാര്‍ ചെയ്ത കൃത്യം. ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലാണ് ഞെട്ടിക്കുന്ന കുറ്റകൃത്യം അരങ്ങേറിയത്. പെണ്‍വീട്ടുകാര്‍ ഭര്‍തൃവീട്ടുകാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ വൈകിയതോടെയാണ് നവവധുവിനെ ഇവര്‍ ജീവനോടെ കത്തിച്ച് കൊന്നത്. സംഭവത്തില്‍ പെണ്‍വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. 

വരന്റെ വീട്ടുകാര്‍ക്ക് ഒരു വീട് വേണമെന്നായിരുന്നു ആവശ്യം. ഇതിന്റെ പേരില്‍ അവര്‍ യുവതിയെ നല്ല രീതിയില്‍ അപമാനിച്ചു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുന്നതിന് മുന്‍പാണ് ഈ പെരുമാറ്റം. അപമാനിക്കലും മര്‍ദ്ദനവും കഴിഞ്ഞിട്ടും ആവശ്യം അംഗീകരിച്ച് കിട്ടാതെ വന്നതോടെയാണ് യുവതിയെ ഇവര്‍ കൊലപ്പെടുത്തിയത്. സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ ഇന്ത്യയില്‍ ഞെട്ടിക്കുന്ന തോതിലാണ് അരങ്ങേറുന്നത്. 

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കുകള്‍ പ്രകാരം രാജ്യത്ത് കൊല്ലപ്പെടുത്ത സ്ത്രീകളില്‍ 40 മുതല്‍ 50 ശതമാനം വരെ പേരും സ്ത്രീധനത്തിന്റെ പേരിലാണ് കൊല ചെയ്യപ്പെടുന്നത്. 1961 ഇന്ത്യന്‍ ഗവണ്‍മെന്റ് സ്ത്രീധനം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടും ഇതിന്റെ പേരിലുള്ള കൊലയ്ക്ക് അറുതിയില്ല. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.