തൃശ്ശൂരിലെ കണിമംഗലത്ത് അതിരാവിലെ എത്തിയാല്‍ വീടുകളില്‍ പാല്‍വിതരണം നടത്തുന്ന ഒരു വനിതയെ കാണാം. ഈ പാല്വിതരണക്കാരിയാണ് തൃശ്ശൂരിന്റെ ഭരണസാരഥ്യം നയിക്കുന്ന മേയര്‍ അജിത വിജയന്. കണിമംഗലത്തെ ഇരുനൂറോളം വീടുകളില്‍ പാല്‍വിതരണം നടത്തുന്ന അജിതയാണ് ബുധനാഴ്ച തൃശ്ശൂര്‍ മേയറായി സ്ഥാനം ഏറ്റെടുത്തത്.
സിറ്റി കോര്പ്പറേഷന് നേതാവാകുന്നതിന് മുന്‍പ് തന്നെ നാട്ടുകാരുടെ നേതാവാണ് അജിത. 18 വര്‍ഷമായി ഇവര്‍ പാല്‍വിതരണം നടത്തുന്നു. അതായത് സ്ഥലത്തെ ഇത്രയും വീട്ടുകാര്‍ക്ക് ഇനി പാല് എത്തിക്കുന്നത് തൃശ്ശൂര്‍ മേയറാണെന്നതാണ് വാസ്തവം. മേയര്‍ പദവി എത്തിയെന്ന് കരുതി പഴയ ജോലി ഉപേക്ഷിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാട്ടുകാരെ കാണാത്ത നേതാക്കളുടെ കൂട്ടത്തില്‍ താന്‍ വരില്ലെന്ന് അജിത പറയുന്നു. സിപിഎം അംഗമായ ഇവര്‍ 2005-ലാണ് കൗണ്‍സിലറായി ആദ്യം തെരഞ്ഞെടുക്കപ്പെടുന്നത്. 2010ല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായി. പുലര്‍ച്ചെ നാല് മണി മുതല്‍ 5 മണി വരെ നീളുന്ന പാല്‍വിതരണം മേയര്‍ പദവി ഏറ്റെടുത്തത് കൊണ്ട് പ്രശ്നത്തിലാകില്ലെന്ന് അവര്‍ വ്യക്തമാക്കി.