ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനാകാന്‍ അപേക്ഷ സമര്‍പ്പിച്ച് മുന്‍ സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റര്‍ ഗാരി കിര്സ്റ്റണ്. സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി കളിക്കുകയും, കോച്ച് ചെയ്യുകയും ചെയ്ത ശേഷം 2011-ല്‍ ഇന്ത്യയുടെ പരിശീലകനായി രാജ്യത്തിന് ലോകകപ്പ് കിരീടവും നേടിക്കൊടുത്ത വ്യക്തിയാണ് കിര്സ്റ്റണ്. ബിസിസിഐയ്ക്ക് അപേക്ഷ അയച്ചുനല്‍കിയ അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നംഗ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒഴിഞ്ഞ് കിടക്കുന്ന ഇന്ത്യന്‍ പരിശീലക സ്ഥാനത്തെക്കുറിച്ച് അന്വേഷിച്ചറിഞ്ഞ ശേഷമാണ് അപേക്ഷ നല്‍കിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കിംഗ്സ് ഇലവന് കോച്ച് മൈക്ക് ഹെസനും ഇതേക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ട്. 2011-ല്‍ എംഎസ് ധോണിയുടെ ഇന്ത്യന്‍ ടീമിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചത് കിര്‍സ്റ്റന്റെ പരിശീലനമായിരുന്നു. അതുകൊണ്ട് തന്നെ വനിതാ ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് മുന്‍ഗണന ഇദ്ദേഹത്തിന് തന്നെ.
മറ്റ് നിരവധി താരങ്ങളും കോച്ചിംഗ് ഒഴിവിലേക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. അതുല്‍ ബെദാദെ, ഡേവിഡ് ജോണ്സണ്, രാകേഷ് ശര്‍മ്മ, മനോജ് പ്രഭാകര്‍, ഒവൈസ് ഷാ, ഷെര്ഷലെ ഗിബ്സ്, ദിമിത്രി മസ്കരാനസ്, ഡേവ് വാട്മോര്‍ തുടങ്ങി നിരവധി പേരാണ് ഇന്ത്യന്‍ ടീമിലേക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ശാന്ത രംഗസ്വാമി, കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്കവാദ് എന്നിരടങ്ങിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പാനലാണ് കോച്ചിനെ തെരഞ്ഞെടുക്കുക.
ജനുവരി 24ന് ന്യൂസിലാന്‍ഡ് പര്യടനം ആരംഭിക്കുന്നതിന് മുന്‍പ് പുതിയ കോച്ചിനെ ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.