CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 51 Minutes 57 Seconds Ago
Breaking Now

ദൈവത്തിന് സ്തുതി; പ്രാര്‍ത്ഥനകള്‍ സഫലമായി; ബ്രിസ്‌റ്റോള്‍ സീറോ മലബാര്‍ സമൂഹത്തിന് ഇത് ക്രിസ്തുമസ് സമ്മാനം; സ്വന്തമായി ദേവാലയം പണിതുയര്‍ത്താന്‍ ഒരിടം സ്വന്തമാക്കി ബ്രിസ്റ്റോള്‍ സമൂഹം.

എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ ഓരോ കാരണങ്ങളുണ്ട്. എന്നാല്‍ ബ്രിസ്‌റ്റോളിലെ സീറോ മലബാര്‍ സമൂഹം ഏക മനസ്സോടെ വര്‍ഷങ്ങളായി പ്രാര്‍ത്ഥിക്കുന്ന ഒരു കാര്യമുണ്ട്. പ്രാര്‍ത്ഥനകള്‍ക്കായി ഒരുമിച്ച് കൂടുന്നത് സ്വന്തമായുള്ള ഒരു തുണ്ട് ഭൂമിയില്‍ പണിതുയര്‍ത്തുന്ന പവിത്രമായ ദേവാലയത്തിലാകണം എന്നതായിരുന്നു ആ പ്രാര്‍ത്ഥന. വര്‍ഷങ്ങള്‍ നീണ്ട ആ സ്വപ്നത്തിന്, ആ പ്രാര്‍ത്ഥനയ്ക്ക് ഒടുവില്‍ സാഫല്യം. ബ്രിസ്റ്റോള്‍ സീറോ മലബാര്‍ സമൂഹം ഏക മനസ്സോടെ കൈകോര്‍ത്ത് പിടിച്ചപ്പോള്‍ അപ്രതീക്ഷിതമായി ആ സ്വപ്നം പൂവണിയുകയായിരുന്നു. അതെ, ബ്രിസ്റ്റോള്‍ സീറോ മലബാര്‍ സമൂഹത്തിന് പ്രാര്‍ത്ഥനയ്ക്കായി ഇനി സ്വന്തം ദേവാലയം ഒരു വിളിപ്പാട് അകലെ മാത്രം. ഇതിനായുള്ള ഭൂമി സ്വന്തമാക്കാന്‍ കഴിഞ്ഞതിന്റെ ആഘോഷത്തിലാണ് ബ്രിസ്റ്റോളിലെ സീറോ മലബാര്‍ വിശ്വാസികള്‍. 

ഏറെ നാളത്തെ പ്രാര്‍ത്ഥനയുടേയും പരിശ്രമത്തിന്റെയും ഫലം കണ്ട ദിവസമായിരുന്നു വ്യാഴാഴ്ച . ലീഡ്‌സിലും ലിവര്‍പൂളിലും പ്രസ്റ്റണിലുമൊക്കെ സീറോ മലബാര്‍ സമൂഹത്തിന് സ്വന്തമായി പള്ളി അതാത്  പ്രദേശത്തെ  ലാറ്റിന്‍ ബിഷപ്പുമാര്‍ ഫ്രീയായി നല്‍കുമ്പോള്‍ ബ്രിസ്റ്റോള്‍ സമൂഹത്തിനു അതൊരു സ്വപ്നമായിരുന്നു.ബ്രിസ്റ്റോളില്‍ ഒരു പള്ളിയ്ക്കായി സീറോ മലബാര്‍ സമൂഹം ശ്രമിച്ചു തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പൂട്ടി കിടക്കുന്ന ഏതെങ്കിലും പള്ളിയുണ്ടെങ്കില്‍ അത് വാങ്ങിക്കാന്‍ ക്‌ളിഫ്ടണ്‍ രൂപതാ ബിഷപ്പിനോട് STSMCC ആഗ്രഹം അറിയിച്ചിരുന്നു. എന്നാല്‍ അങ്ങനെ പൂട്ടികിടക്കുന്ന  ഒരു പള്ളി ബ്രിസ്റ്റൊളിലില്ലാത്തതിനാല്‍ അതിനും  സാധിച്ചില്ല. 

കത്തോലിക്കാ വിശ്വാസികളുടെ കുടിയേറ്റ പാരമ്പര്യത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ടുള്ള ഒരു മുന്നേറ്റമാണിത്. ഒരു പുതിയ സ്ഥലത്തേക്ക് കുടിയേറുന്ന കത്തോലിക്കര്‍  ഇപ്പോഴും  അവരുടെ കൂട്ടായ്മ വന്നാല്‍ ഒരു മലയാളം കുര്‍ബാനയെന്ന സ്വപ്നമാകും അവരുടെ മനസ്സില്‍ . അന്യനാട്ടിലായാലും തങ്ങളുടെ കുട്ടികള്‍ക്കായി സണ്‍ഡേ സ്‌കൂള്‍ വേദപാഠം ഒരുക്കുകയെന്നത് ഏവരും മനസില്‍ ആഗ്രഹിക്കും. അങ്ങനെ ചെറിയ കൂട്ടായ്മയില്‍ തുടങ്ങി നീണ്ട 18 വര്‍ഷങ്ങള്‍ കൊണ്ട് വളര്‍ന്നു വലുതായി യുകെയിലെ ഏറ്റവും വലിയ സീറോ മലബാര്‍ കൂട്ടായ്മയായി മാറിയ ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍  സമൂഹത്തിന്റെ ഒരു ചരിത്രപരമായ നേട്ടമാണ് ഇത്.

നീണ്ട 18 വര്‍ഷങ്ങള്‍ കൊണ്ട്  വളര്‍ന്ന ബ്രിസ്റ്റോളിലെ സീറോ മലബാര്‍ സമൂഹം അവരുടെ  അടുത്ത തലമുറയില്‍ വിവാഹങ്ങള്‍  നടക്കുകയും പുതിയ തലമുറ വരികയും ചെയ്തു .ബ്രിസ്റ്റോളില്‍ മൂന്നാം തലമുറ വന്നു തുടങ്ങുന്ന സമയത്തും നമുക്കൊരു പള്ളി സ്വന്തമായി വേണമെന്ന് വിശ്വാസികള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തോള മായി സീറോ മലബാര്‍ ചാപ്ലിനായിരിക്കുന്ന ഫാ പോള്‍ വെട്ടിക്കാട്ടിന്റെ നേതൃത്വത്തില്‍ എല്ലാ ദിവസവും പള്ളി സ്വന്തമാക്കുന്നതിന് വേണ്ടി നടത്തിയ ദിവ്യ കാരുണ്യ ആരാധനയ്ക്കുള്ള ഫലമാണ് ഇപ്പോള്‍ പൂവവണിയുന്നത് .

കുറേ നാളുകളായി  പ്രവര്‍ത്തിക്കുന്ന ചര്‍ച്ച് പ്രൊജക്ട് കമ്മിറ്റിയും കുറച്ചു കുറച്ചായി അമ്പതും നൂറും പൗണ്ട് ശേഖരിച്ചു വച്ച വിശ്വാസികളും കണ്ട സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്കെത്തുകയാണ്. ഒരു പുതിയ സ്ഥലം വന്നപ്പോള്‍ ഇതു സ്വന്തമാകുമോ എന്ന് സംശയമുണ്ടായിരുന്നു. കിട്ടില്ലെന്ന ഉറപ്പിലാണ്  ലേലത്തില്‍ പങ്കെടുക്കാന്‍ പോലും പോയത്. അധികം ബാധ്യത വരാതിരിക്കാന്‍ ലേലത്തിന് അല്ലാതെ നേരിട്ട് വാങ്ങാനാകുമോ എന്നന്വേഷിച്ചു. മുമ്പ് പത്തുലക്ഷത്തിന് മേല്‍ പോയ സ്ഥലം നിലവിലെ ബഡ്ജറ്റില്‍ വാങ്ങാനാകില്ലെന്ന ആശങ്കയിലാണ് കമ്മിറ്റി അംഗങ്ങള്‍ ലേലത്തില്‍ പങ്കെടുക്കാന്‍ പോയത്. ദൈവാനുഗ്രഹത്താല്‍  ലേലത്തില്‍ പള്ളി കമ്മിറ്റിയ്ക്ക് വേണ്ടി ക്വാട്ട് ചെയ്ത തുകയില്‍ തന്നെ സ്ഥലം സ്വന്തമാക്കാനായി. ഉദ്ദേശിച്ചതിലും ഇരുപതിനായിരം പൗണ്ട് കുറച്ച് 725000 പൗണ്ടിന് വാങ്ങാന്‍ കഴിഞ്ഞു. ലേലമായതിനാല്‍ ആകെ തുകയുടെ പത്തുശതമാനം പണം അടച്ച്  ബാക്കി ഉണ്ടാക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ഏവരും. 18 ദിവസം കൊണ്ട് ബ്രിസ്റ്റോള്‍ സീറോ മലബാര്‍ സമൂഹം ഒരുമനസ്സോടെ ഓടിയ ഓട്ടം ചെറുതല്ല, എല്ലാവരും കൈയ്യും മെയ്യും മറന്ന് സഹായിച്ചതിന്റെ ഫലമായി സമൂഹത്തിനോട് ചേര്‍ന്ന് ഇംഗ്ലീഷ് സമൂഹത്തിന്റെ സഹായവും കൂടി എത്തിയപ്പോള്‍ 18 ദിവസം കൊണ്ട് പണം ഒരുക്കാനായി.

ദൈവത്തിന് നന്ദി പറയുന്ന നിമിഷമാണിത്. ബ്രിസ്റ്റോളിലെ സിസ്റ്റന്‍ കോമണ്‍ എന്ന സ്ഥലത്ത്  A4117  റിങ് റോഡിനോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു ഡിറ്റാച്ച്ഡ് വീടും ഒരു ഏക്കര്‍ 9 സെന്റ് സ്ഥലവും ഇപ്പോള്‍ ബ്രിസ്റ്റോള്‍ സീറോ മലബാര്‍ സമൂഹത്തിന് സ്വന്തം. 7 ഡിറ്റാച്ച്ഡ് വീടുകള്‍ പണിയാന്‍ അനുവാദം നല്‍കിയിരിക്കുന്ന സ്ഥലമായിരുന്നു ഇത്. കൗണ്‍സിലില്‍ നിന്നും പ്രീ പ്ലാനിംഗ് പെര്‍മിഷന്‍ വഴി പള്ളിയാക്കാന്‍ തടസ്സമില്ലെന്ന് കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചതോടെയാണ് എല്ലാം ഒത്തുവന്നിരിക്കുന്നത്. വാങ്ങിച്ച സ്ഥലം തങ്ങള്‍ക്ക് ഇണങ്ങുന്ന ദേവാലയം ആക്കി മാറ്റിയെടുക്കുക എന്ന വലിയ ഉത്തരവാദിത്വം ഇനി സീറോ മലബാര്‍ സമൂഹത്തിനുണ്ട് .

സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ ബ്രിസ്റ്റോള്‍ മിഷന്‍ പ്രഖ്യാപന സന്ദര്‍ശന വേളയില്‍ തന്നെ  ബ്രിസ്റ്റോളില്‍ ഭാവിയില്‍ പണിയാനുദ്ദേശ്ശിക്കുന്ന ദൈവാലയത്തിന്റെ അടിസ്ഥാനശിലയുടെ ആശീര്‍വാദകര്‍മ്മം  നിര്‍വ്വഹിച്ചിരുന്നു.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ  ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും എസ്ടിഎസ്എംസിസി വികാരി ഫാ പോള്‍ വെട്ടിക്കാട്ടിന്റെയും,ട്രസ്റ്റിമാരായ  പ്രസാദ്  ജോൺ, ലിജോ പടയാട്ടിൽ, ജോസ്  മാത്യു, ചര്‍ച്ച് പ്രൊജക്ട് കമ്മിറ്റി അംഗങ്ങൾ അതിലുപരി നിര്‍ലോഭമായ സഹകരണവുമായി എത്തിയ വിശ്വാസ സമൂഹത്തിന്റെയും ഒത്തൊരുമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദൈവം തന്ന സമ്മാനമാണിത്. എല്ലാവര്‍ക്കും ഒന്നിച്ച് കൂടാനുള്ള ദേവാലയമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാനുള്ള തുടക്കമാണിത്. ശക്തനായ ദൈവം ഇതിനും വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം.

 




കൂടുതല്‍വാര്‍ത്തകള്‍.