രണ്ടര വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് ജോസ് മൗറീനോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടിറങ്ങി. സീസണില്‍ ക്ലബില്‍ പ്രകടനം നിരാശാജനകമായതോടെയാണ് അടിയന്തരമായി മൗറീനോയുമായുള്ള കരാര്‍ ക്ലബ് അവസാനിപ്പിച്ചത്. 2016-ലാണ് മാനേജറായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എത്തിച്ചത്. മുന്‍ നെതര്‍ലാന്‍ഡ്സ് മാനേജര്‍ ലൂയിസ് വാന്‍ ഗാലിനെ പുറത്താക്കിയാണ് മൗറീനോയെ ചുമതലയേല്‍പ്പിച്ചത്.
ആദ്യ രണ്ട് വര്‍ഷത്തില്‍ മൗറീനോയുടെ നേതൃത്വത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇഎഫ്എല്‍ കപ്പ്, യൂറോപ്പാ ലീഗ് കിരീടങ്ങള്‍ നേടിയിരുന്നു. പക്ഷെ പുതിയ സീസണില്‍ ക്ലബിന്റെ പ്രകടനം തീര്‍ത്തും നിരാശാജനകമായിരുന്നു. 'മാനേജര്‍ ജോസ് മൗറീനോ അടിയന്തരമായി ക്ലബ് വിട്ടതായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രഖ്യാപിക്കുന്നു', യുണൈറ്റഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ക്ലബിനായി നല്കിയ സേവനങ്ങള്‍ക്ക് മാഞ്ചസ്റ്റര്‍ നന്ദി അറിയിക്കുന്നു. ഭാവിയിലേക്ക് എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നു. നിലവിലെ സീസണ് തീരുന്നത് വരെ താല്‍ക്കാലിക മാനേജര്‍ ചുമതല നിര്‍വ്വഹിക്കും. പുതിയ ഫുള്‍ടൈം മാനേജര്‍ക്കായി ക്ലബ് റിക്രൂട്ട്മെന്റ് നടപടികള്‍ ആരംഭിക്കും, ക്ലബ് അറിയിച്ചു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നിലവില്‍ പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്താണ്.