CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 12 Minutes 49 Seconds Ago
Breaking Now

ക്രിസ്മസ് കുളമാക്കാന്‍ കനത്ത മഴയും, ശക്തിയായ കാറ്റും റെഡി; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്; റോഡ്, റെയില്‍ ഗതാഗതം താറുമാറാകാന്‍ സാധ്യത; ഇന്നുമുതല്‍ യാത്രക്ക് ഇറങ്ങുന്നവര്‍ അറിയാന്‍

ഡിസംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ ഇടവേള തുടങ്ങുന്നതോടെ റോഡുകളില്‍ തിരക്ക് വര്‍ദ്ധിക്കും.

ബ്രിട്ടന്റെ ക്രിസ്മസ് ഒരുക്കങ്ങളുടെ ശോഭ കെടുത്താന്‍ മോശം കാലാവസ്ഥ വിരുന്നെത്തുന്നു. കനത്ത മഴയും കാറ്റുമാണ് ഇന്ന് മുതല്‍ പ്രതീക്ഷിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ക്രിസ്മസ് യാത്രകള്‍ക്ക് ഇറങ്ങുന്ന കുടുംബങ്ങള്‍ റോഡിലും, റെയില്‍വെയിലും കുടുങ്ങാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രാജ്യത്തെ 35 പ്രദേശങ്ങള്‍ക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൗത്ത് വെസ്റ്റ് മേഖലയിലാണ് പ്രധാനമായും കടുത്ത വെള്ളപ്പൊക്കം പ്രതീക്ഷിക്കുന്നത്. 

ആഘോഷകാലം കുടുംബത്തോടും, സുഹൃത്തുക്കള്‍ക്കുമൊപ്പം ചെലവഴിക്കാന്‍ 19 മില്ല്യണ്‍ മോട്ടോറിസ്റ്റുകള്‍ നിരത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ച് ഇരിക്കവെയാണ് ഈ അപ്രതീക്ഷിത കാലാവസ്ഥാ മാറ്റം, ഇന്ന് പെയ്യുന്ന മഴ മൂലം ആക്‌സ് നദിയും, യാര്‍ടി നദിയും കരകവിഞ്ഞ് പ്രശ്‌നം സൃഷ്ടിക്കുമെന്ന് എന്‍വയോണ്‍മെന്റ് ഏജന്‍സി വ്യക്തമാക്കി. എക്‌സ്മൗത്ത്, ഹെറെഫോര്‍ഡ്ഷയര്‍, ബ്രൈഡ്‌ലിംഗ്ടണ്‍, സൗത്ത് ഡിവോണ്‍, ഡോര്‍സെറ്റ്, സോമര്‍സെറ്റ് എന്നിവിടങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

വെള്ളം പലഭാഗത്തും പൊങ്ങുന്നതോടെ ഡ്രൈവിംഗ് പ്രശ്‌നങ്ങള്‍ക്ക് സാധ്യതയേറുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. അടുത്ത നാലഞ്ച് ദിവസങ്ങളില്‍ ഈ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വെയിലും, മഴയും ഇടകലര്‍ന്നെത്തും. രാജ്യത്തിന്റെ സൗത്ത്, വെസ്റ്റ് ഭാഗങ്ങളിലാകും മഴ കനക്കുക. കാലാവസ്ഥയ്‌ക്കൊപ്പം 229 മൈലില്‍ റോഡ് ജോലികളും, റെയില്‍ ജോലികളും നടക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് ഇതുമായുള്ള മല്‍പ്പിടുത്തവും ആവശ്യമായി വരും. 

ഡിസംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ ഇടവേള തുടങ്ങുന്നതോടെ റോഡുകളില്‍ തിരക്ക് വര്‍ദ്ധിക്കും. വെള്ളിയാഴ്ചയാണ് കനത്ത തിരക്ക് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം കാലാവസ്ഥ കൂടി മോശമാകുന്നതോടെ കാര്യങ്ങള്‍ വഷളാകും. 




കൂടുതല്‍വാര്‍ത്തകള്‍.