CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 27 Minutes 25 Seconds Ago
Breaking Now

അത് ശരി, കളി ഇങ്ങനെയാണല്ലേ! യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഇറങ്ങിപ്പോന്നാല്‍ പണി അയര്‍ലണ്ടിനും; ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ ജനങ്ങള്‍ക്ക് വിശക്കും; പോര്‍ട്ടുകളില്‍ തിക്കിത്തിരക്ക്; റിപബ്ലിക്കിന്റെ കണക്കുകൂട്ടലുകള്‍ ഞെട്ടിക്കുന്നത്

തെറ്റായ ബ്രിട്ടീഷ് വിടവാങ്ങല്‍ വലിയ നാശത്തിന് കാരണമാകുമെന്ന് ഇയു കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കര്‍ മുന്നറിയിപ്പ് നല്‍കി

ബ്രക്‌സിറ്റ് ചര്‍ച്ചകളില്‍ യുകെയെ മുള്‍മുനയില്‍ നിര്‍ത്തുന്ന സമീപനമാണ് അയര്‍ലണ്ട് സ്വീകരിച്ച് വരുന്നത്. ഏത് വിധേനയും ബ്രസല്‍സില്‍ നിന്നും കരാര്‍ നേടണമെന്ന് പ്രധാനമന്ത്രി തെരേസ മേയ്ക്ക് മേല്‍ അവര്‍ സമ്മര്‍ദം ചെലുത്തിവരികയാണ്. ഇതിന്റെ ഭാഗമായി ഇയുവുമായി ഉണ്ടാക്കിയ കരട് കരാറില്‍ അയര്‍ലണ്ടിലെ ബാക്ക്‌സ്റ്റോപ്പ് സുപ്രധാന വിഷയമാണ്. ഇത് നടപ്പാക്കിയില്ലെങ്കിലും കടുപ്പമേറിയ ഐറിഷ് അതിര്‍ത്തി നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണി. എന്നാല്‍ ഇതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഐറിഷ് സര്‍ക്കാര്‍ തന്നെ പുറത്തുവിട്ടതോടെയാണ് യഥാര്‍ത്ഥ പ്രശ്‌നം തിരിച്ചറിയുന്നത്. ബ്രിട്ടന്‍ കരാറില്ലാതെ പുറത്തിറങ്ങിയാല്‍ അയര്‍ലണ്ടിനും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. 

കരാറില്ലാതെ പുറത്തിറങ്ങിയാല്‍ ഡബ്ലിന് നേരിടേണ്ടി വരുന്നത് കടുപ്പമേറിയ നടപടികളാണ്. ഭക്ഷ്യക്ഷാമവും, പോര്‍ട്ടുകളില്‍ വലിയ ക്യൂവും ഇതിന്റെ പ്രത്യാഘാതമായി നേരിടണം. സുപ്രധാനമായ സപ്ലൈ ശൃംഖലയില്‍ കാര്യമായ തിരിച്ചടി നേരിടും. ഇതിന്റെ ആഘാതം കുറയ്ക്കാനുള്ള നടപടികള്‍ മാത്രമാണ് സര്‍ക്കാരിന് സ്വീകരിക്കാന്‍ കഴിയുക. മാര്‍ച്ചില്‍ യുകെ കരാര്‍ നേടാതെ ഇറങ്ങിപ്പോന്നാലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ അതിര്‍ത്തിയുടെ കടുപ്പം കുറയ്ക്കാന്‍ ശ്രമിക്കുമെന്ന് ഐറിഷ് സര്‍ക്കാര്‍ പുറത്തുവിട്ട പദ്ധതികള്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച പ്രശ്‌നങ്ങള്‍ വളരെ ദുഃഖകരവും, ഇരുളടഞ്ഞതുമാണെന്ന് ഉപപ്രധാനമന്ത്രി സിമോണ്‍ കവേനി വ്യക്തമാക്കി. 

ഈ അവസരം പരമാവധി മുതലെടുക്കാനാകും ഇനി ബ്രക്‌സിറ്റുകാരുടെ ശ്രമം. ചര്‍ച്ചകളില്‍ കൂടുതല്‍ സഹായകമായ നിലപാട് സ്വീകരിക്കാന്‍ അവര്‍ അയര്‍ലണ്ടിനെ നിര്‍ബന്ധിക്കും. 'ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ ബ്രക്‌സിറ്റ് നടപടികളില്‍ സഹായകരമായ നിലപാടല്ല സ്വീകരിച്ചത്. രാഷ്ട്രീയനേട്ടത്തിനാണ് അദ്ദേഹം ശ്രമിച്ചത്. ബ്രക്‌സിറ്റ് മര്യാദാപരമായ രീതിയില്‍ പുറത്തുവന്നില്ലെങ്കില്‍ അയര്‍ലണ്ടിനും നഷ്ടങ്ങളുണ്ട്', ടോറി എംപി ഹെന്‍ട്രി സ്മിത്ത് ചൂണ്ടിക്കാണിച്ചു. കരാറില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് ഇയു റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഐറിഷ് റിപ്പോര്‍ട്ട് വെളിച്ചം കണ്ടത്. ബ്രിട്ടീഷ് എയര്‍ലൈന്‍സുകള്‍ക്ക് നിബന്ധനകളും, അധിക കസ്റ്റംസ് പരിശോധനകള്‍ ഏറ്റുവാങ്ങുന്നതോടൊപ്പം യുകെ ബാങ്കുകള്‍ക്കും, ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും പരിധികളും നിശ്ചയിക്കപ്പെടുമെന്ന് ഇയു റിപ്പോര്‍ട്ട് വ്യക്തമാക്കി. 

തെറ്റായ ബ്രിട്ടീഷ് വിടവാങ്ങല്‍ വലിയ നാശത്തിന് കാരണമാകുമെന്ന് ഇയു കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കര്‍ മുന്നറിയിപ്പ് നല്‍കി. യുദ്ധാനന്തരമുള്ള സാഹചര്യങ്ങളാണ് ബ്രിട്ടീഷ് അതിര്‍ത്തിയില്‍ നേരിടേണ്ടി വരികയെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.