CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 12 Seconds Ago
Breaking Now

ഗാറ്റ്‌വിക്ക് എയര്‍പോര്‍ട്ട് ഡ്രോണ്‍ അക്രമത്തിന് പിന്നില്‍ ഇക്കോ വാരിയേഴ്‌സ്; പ്രതിസന്ധി മൂന്നാം ദിവസത്തിലേക്ക്; വെള്ളിയാഴ്ചയും എയര്‍പോര്‍ട്ടിലേക്ക് വരേണ്ടെന്ന് യാത്രക്കാരെ ഉപദേശിച്ച് അധികൃതര്‍; വ്യാഴാഴ്ച റദ്ദാക്കിയത് 760 വിമാനങ്ങള്‍; മൂന്നര ലക്ഷം പേരുടെ ക്രിസ്മസ് സ്വപ്‌നങ്ങള്‍ വെള്ളത്തിലായി; സൈന്യം രംഗത്ത്

എന്തിന് വേണ്ടിയാണ് ഡ്രോണുകള്‍ പറത്തുന്നതെന്നോ, ആരാണ് ഇതിന് പിന്നിലെന്നോ കണ്ടെത്താന്‍ കഴിയാത്ത അധികൃതരുടെ അവസ്ഥ രോഷത്തിന് കാരണമായി

ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍ അജ്ഞാത ഡ്രോണുകള്‍ സൃഷ്ടിച്ച പ്രതിസന്ധി മൂന്നാം ദിവസത്തിലേക്ക്. വെള്ളിയാഴ്ചയും വിമാനത്താവളത്തിലേക്ക് വരേണ്ടെന്നാണ് അധികൃതര്‍ യാത്രക്കാര്‍ക്ക് നല്‍കിയിരിക്കുന്ന ഉപദേശം. ഇതോടെ 350,000 പേരുടെ ക്രിസ്മസ് യാത്രയാണ് അവതാളത്തിലായത്. ഇന്നലെ രാത്രിയും ആളില്ലാത്ത ഡ്രോണുകള്‍ അധികൃതരെ കുഴപ്പത്തിലാക്കി. അജ്ഞാതനായ ഇതിന്റെ പൈലറ്റ് സമര്‍ദ്ധമായി ആര്‍മി സ്‌നൈപ്പറുകളെയും, ഹെലികോപ്ടറുകളെയും, 20 പോലീസ് യൂണിറ്റുകളെയും കബളിപ്പിച്ച് വരികയാണ്. പ്രതിയെ പിടികൂടാനുള്ള തെരച്ചിലുകള്‍ എങ്ങുമെത്തിയിട്ടില്ല. 

ഒരു ഇക്കോ വാരിയറാണ് ഡ്രോണ്‍ പറത്തുന്നതെന്നാണ് കരുതുന്നത്. യാത്രാ ജെറ്റുകളെ അപകടത്തിലാക്കുമെന്ന് ഭയന്ന് 760 വിമാനങ്ങളാണ് ഇന്നലെ യാത്ര റദ്ദാക്കിയത്. വെറുമൊരു സാധാരണ ഡ്രോണ്‍ ഉപയോക്താവല്ല പൈലറ്റെന്നാണ് വിദഗ്ധര്‍ കരുതുന്നത്. സംഘടിതമായാണ് ഇത്തരം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്. പ്രതിസന്ധി ആരംഭിച്ച് രണ്ട് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാന്‍ കഴിയുന്നില്ലെന്നത് പോലീസിനെ കുഴപ്പത്തിലാക്കുകയാണ്. വെള്ളിയാഴ്ചയും യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ എത്തിയിട്ട് കാര്യമില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. രാത്രി മുഴുവന്‍ ടെര്‍മിനലുകള്‍ അടച്ചിട്ടിരിക്കുകയാണ്. 

വെള്ളിയാഴ്ചയും വിമാനങ്ങള്‍ക്ക് യാത്ര തുടങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്വീകരിക്കേണ്ട പദ്ധതികളെക്കുറിച്ച് ആലോചന നടക്കുകയാണെന്ന് എയര്‍പോര്‍ട്ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വ്യക്തമാക്കി. ഹെക്ലര്‍ & കോഷ് സ്‌നൈപ്പറുകളുമായി സായുധ ഓഫീസര്‍മാര്‍ റണ്‍വേയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഡ്രോണുകള്‍ വെടിവെച്ചിടാനാണ് ഇവരുടെ ശ്രമം. എന്നാല്‍ ബുധനാഴ്ച മുതല്‍ 50 തവണയാണ് ഡ്രോണുകള്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടത്. യുകെയിലെ രണ്ടാമത്തെ തിരക്കേറിയ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ അവസ്ഥയിലാണ് ചില യാത്രക്കാര്‍. പ്രദേശത്തെ ഹോട്ടലുകള്‍ നിറഞ്ഞ് കവിഞ്ഞതോടെയാണ് ഇവര്‍ക്ക് ടെര്‍മിനലുകളില്‍ കഴിച്ച് കൂട്ടേണ്ടി വരുന്നത്. 

വെള്ളിയാഴ്ചയും പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ക്രിസ്മസ് അവധി ആഘോഷിക്കാന്‍ ശ്രമിക്കുന്ന ലക്ഷക്കണക്കിന് പേരുടെ പദ്ധതികള്‍ പൊളിയും. എന്തിന് വേണ്ടിയാണ് ഡ്രോണുകള്‍ പറത്തുന്നതെന്നോ, ആരാണ് ഇതിന് പിന്നിലെന്നോ കണ്ടെത്താന്‍ കഴിയാത്ത അധികൃതരുടെ അവസ്ഥ രോഷത്തിന് കാരണമായിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.