ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ചരിത്ര നേട്ടം കുറിച്ച് ഇന്ത്യ. മഴകാരണം അഞ്ചാം ദിവസം കളി ഉപേക്ഷിച്ചതിനാല്‍ സിഡ്നി ടെസ്റ്റ് മത്സരം സമനിലയില്‍ അവസാനിച്ചു. നാലു മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി. ഓസ്ത്രേലിയയില്‍ ഇന്ത്യയുടെ ആദ്യ പരമ്പര നേട്ടമാണിത്. മൂന്നു സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര പരമ്പരയിലെ താരമായി.
സിഡ്നി ടെസ്റ്റില്‍ കയ്യെത്തും ദൂരെയാണ് ഇന്ത്യയുടെ വിജയ മോഹം അവസാനിച്ചത്. ആദ്യ ഇന്നിങ്സില്‍ 300 റണ്‍സിന് പുറത്തായ ആതിഥേയര്‍ ഫോളോ ഓണ്‍ വഴങ്ങിയിരുന്നു. നാലാം ദിവസം അറുപതിലധികം ഓവറുകള്‍ നഷ്ടമായത് ഇന്ത്യന്‍ ജയസാധ്യതയ്ക്ക് തിരിച്ചടിയായി. എങ്കിലും 31 വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ ഓസീസിനെ ഫോളോ ഓണ്‍ ചെയ്യിക്കുന്ന ടീം എന്ന ഖ്യാതിയോടെയാണ് ഇന്ത്യ കയറിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ചൈനാമാന്‍ ബോളര്‍ കുല്‍ദിപ് യാദവാണ് ഓസീസിനെ തളച്ചത്.
നാലാം ദിവസം ആറു വിക്കറ്റിന് 236 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസീസ് ഇന്നിങ്സ് 80 മിനിറ്റേ നീണ്ടുള്ളൂ. തലേന്നത്തെ സ്കോറില്‍ തന്നെ (25) കമ്മിന്‍സിന്റെ ഓഫ് സ്റ്റംപ് തെറിപ്പിച്ച് മുഹമ്മദ് ഷമിയാണ് കാര്യങ്ങള്‍ തുടങ്ങിവച്ചത്. പിന്നാലെ ഹാന്‍ഡ്സ്കോംബിനെ (37) മടക്കി ബുമ്രയും കരുത്തുകാട്ടി.
നേഥന്‍ ലയണിനെ(0) വിക്കറ്റിന് മുന്നില്‍ കുടുക്കിയ കുല്‍ദീപ് വളരെ നേരത്തെ അഞ്ച് വിക്കറ്റ് നേട്ടത്തില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ 11ാം നമ്പറില്‍ ഇറങ്ങിയ ഹെയ്സല്‍വുഡിനെ പൂജ്യത്തില്‍ നില്‍ക്കേ കുല്‍ദീപിന്റെ പന്തില്‍ വിഹാരി വിട്ടുകളഞ്ഞത് വിനയായി. 21 റണ്‍സെടുത്ത ഹെയ്സല്‍വുഡ് അവസാന വിക്കറ്റില്‍ സ്റ്റാര്‍ക്കുമൊത്ത് 42 റണ്‍സ് ചേര്‍ത്തതിന് ശേഷമാണ് മടങ്ങിയത്. വിക്കറ്റ് വീഴ്ത്തിയത് കുല്‍ദീപ് തന്നെ എന്നു മാത്രം. ആദ്യ ഇന്നിങ്സില്‍ പൂജാര (193), ഋഷഭ് പന്ത് (159) , രവീന്ദ്ര ജഡേജ (81) എന്നിവരാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലെത്തിയത്.