CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 15 Minutes 17 Seconds Ago
Breaking Now

വിശ്വാസങ്ങളെ വെല്ലുവിളിച്ച് കലാപം സൃഷ്ടിക്കുന്നതല്ല നവോത്ഥാനം: ലെയ്റ്റി കൗണ്‍സില്‍

കോട്ടയം: ജനഹൃദയങ്ങളില്‍ കാത്തുസൂക്ഷിക്കുന്ന വിശ്വാസസത്യങ്ങളെ വെല്ലുവിളിച്ചും, രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ജനങ്ങളെ തെരുവിലേയ്ക്ക് തള്ളിവിട്ട് കലാപത്തിലൂടെ രക്തസാക്ഷികളെ സൃഷ്ടിച്ചുമല്ല നവോത്ഥാനം നടപ്പിലാക്കേണ്ടതെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

വിവിധ മതങ്ങളും സമൂഹങ്ങളും തലമുറകളായി കാത്തുസൂക്ഷിക്കുന്ന വിശ്വാസപൈതൃകങ്ങളും ആചാരസംഹിതകളും തെരുവില്‍ ചര്‍ച്ചചെയ്യപ്പെടുന്നത് അതീവ ദുഃഖകരമാണ്.  സാക്ഷരസമൂഹത്തില്‍ നവോത്ഥാനത്തിന്റെ വിത്തുപാകി പൊട്ടിമുളക്കേണ്ടത് പുത്തനറിവുകളിലുടെ മനുഷ്യമനസ്സുകളിലാണ്. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ആധുനിക കാലഘട്ടത്തില്‍ ചോദ്യം ചെയ്യപ്പെടുന്നതില്‍ തെറ്റില്ല.  ഇവയെ തിരിച്ചറിയുവാനും ഇവയ്‌ക്കെതിരെ നിലകൊള്ളുവാനും വിലയിരുത്തി പ്രതികരിക്കുവാനും ഇന്നത്തെ തലമുറ ബഹുദൂരം മുന്നിലുമാണ്. എന്നാല്‍ ഇതിന്റെ മറവില്‍ വിശ്വാസസത്യങ്ങളെയൊന്നാകെ വെല്ലുവിളിച്ച് ജനങ്ങളെ തെരുവിലേയ്ക്ക് തമ്മിലടിക്കാന്‍ പറഞ്ഞുവിടുന്നത് കിരാതനേതൃത്വങ്ങളാണ്.  

നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചും രക്തരൂക്ഷിതവിപ്ലവത്തിലൂടെയും നവോത്ഥാനം കൈവരിക്കാനാവുമെന്ന ചിന്തയും പ്രവര്‍ത്തനങ്ങളും പ്രാകൃതമാണ്.  നവോത്ഥാനത്തിന്റെ പേരില്‍ ജനങ്ങളെ കലാപത്തിലേയ്ക്ക് തള്ളിവിടുന്ന ഉന്നതരും നേതൃത്വങ്ങളും ഒരു പോറലുമേല്‍ക്കാതെ സുഖമായി ജീവിക്കുന്നത് സമൂഹം നോക്കിക്കാണണം.  തെരുവിലിറങ്ങിയ വിശ്വാസികളുടെയും അണികളുടെയും കുടുംബങ്ങള്‍ അനാഥരും അവശരുമാകുന്നു.  ഇതാണോ ആധുനിക നവോത്ഥാനമെന്ന് അറിവും  വിദ്യാഭ്യാസവുമുള്ള തലമുറ നേതൃത്വങ്ങള്‍ക്കെതിരെ വിരല്‍ചൂണ്ടി ചോദിക്കേണ്ട സമയമാണിത്.    

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്.  സമാനമായ കോടതിവിധി മഹാരാഷ്ട്രയിലുമുണ്ടായിട്ടുണ്ട്. എന്നാല്‍ ജനുവരി 22ന് സുപ്രീംകോടതി പരിഗണനയ്ക്കു വെച്ചിരിക്കുന്ന വിഷയത്തില്‍ തിടുക്കത്തില്‍ ഇരുട്ടിന്റെ മറവില്‍ അരങ്ങേറിയ നടപ്പാക്കല്‍പ്രക്രിയ സംശയമുണര്‍ത്തുന്നു.  ഭരണഘടനാഭേദഗതികള്‍ പോലും നീണ്ട ചര്‍ച്ചകള്‍ക്കുശേഷം മാത്രം നിലവില്‍ വരുന്ന ജനാധിപത്യരാജ്യമാണ് ഇന്ത്യയെന്നുള്ളത് പലരും മറക്കുന്നു.

രാഷ്ട്രീയ ഭരണ സമുദായ നേതൃത്വങ്ങള്‍ പരസ്പരം നടത്തുന്ന വെല്ലുവിളികളും വാഗ്വാദങ്ങളും അവസാനിപ്പിക്കണം.  പൊതുസമൂഹത്തില്‍ ഇതു സൃഷ്ടിക്കുന്ന അസഹിഷ്ണുത വളരെ വലുതാണ്.  ജനങ്ങളില്‍ സ്‌നേഹവും ഐക്യവും ഊട്ടിയുറപ്പിച്ച് സാഹോദര്യം ഉയര്‍ത്തിപ്പിടിക്കേണ്ടവരുടെ നേതൃത്വജീര്‍ണ്ണത അപമാനകരമാണ്.  പ്രളയദുരന്തത്തിലെ കേരളജനതയുടെ നന്മകള്‍ തുടര്‍ന്നും ആവര്‍ത്തിക്കുവാന്‍ പൊതുസമൂഹവും വിവിധ നേതൃത്വങ്ങളും വീണ്ടും കൈകോര്‍ക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.  

ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യന്‍.

സെക്രട്ടറി

സിബിസിഐ കൗണ്‍സില്‍ ഫോര്‍ ലെയ്റ്റി

9447355512

 

 




കൂടുതല്‍വാര്‍ത്തകള്‍.