Breaking Now

റെയിന്‍ഹാമില്‍ ഭര്‍ത്താവ് 39-കാരിയായ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; പിന്നാലെ വീട്ടില്‍ തൂങ്ങിമരിച്ച് 51-കാരന്‍; കൊല നടത്തി ആത്മഹത്യ ചെയ്തത് തന്നെയെന്ന് പോലീസ്

റെയില്‍ഹാമില്‍ നടന്ന രണ്ട് മരണങ്ങളില്‍ പോലീസ് അന്വേഷണം തുടരുകയാണെന്ന് മെറ്റ് പോലീസ് വക്താവ്

ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഈസ്റ്റ് ലണ്ടനിലെ റെയിന്‍ഹാമില്‍ ലോവര്‍ മാര്‍ഡൈക് അവെന്യൂവിലെ വീട്ടില്‍ വെച്ചാണ് കൊലപാതകവും ആത്മഹത്യയും അരങ്ങേറിയത്. ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. 39-കാരി സിംബിസോ അരീത്താ മൗലയാണ് കൊല്ലപ്പെട്ടത്. 51-കാരനായ ഭര്‍ത്താവ് ഗരികായി മൗലയെ തൂങ്ങിമരിച്ച നിലയിലും വീട്ടില്‍ നിന്നും കണ്ടെത്തി. 

വെള്ളിയാഴ്ച രാവിലെ 7.50നാണ് ദമ്പതികളുടെ വീട്ടിലേക്ക് പോലീസിനെ വിളിച്ചുവരുത്തുന്നത്. സിംബിസോയുടെ കഴുത്തില്‍ ബലത്തില്‍ കുത്തിപ്പിടിച്ചാണ് കൊല നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും ഭാര്യയുടെ കൊലപാതകി ഭര്‍ത്താവ് തന്നെയാണെന്നും അധികൃതര്‍ പറയുന്നു. കൊല നടത്തിയ ശേഷം ഇയാള്‍ തൂങ്ങിമരിച്ചെന്നാണ് കരുതുന്നത്. ദാരുണമായ സംഭവത്തിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ റോംഫോര്‍ഡ് ക്യൂന്‍സ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ വെച്ച് പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍ക്ക് വിധേയമാക്കി. മരണവുമായി ബന്ധപ്പെട്ട് മറ്റാരെയും തല്‍ക്കാലം അന്വേഷിക്കുന്നില്ലെന്ന് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് വ്യക്തമാക്കി. 

റെയില്‍ഹാമില്‍ നടന്ന രണ്ട് മരണങ്ങളില്‍ പോലീസ് അന്വേഷണം തുടരുകയാണെന്ന് മെറ്റ് പോലീസ് വക്താവ് അറിയിച്ചു. ഔദ്യോഗിക തിരിച്ചറിയല്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെങ്കിലും മരിച്ചത് 39-കാരി സിംബിസോ അരീത്താ മൗലയും, ഭര്‍ത്താവ് 51-കാരന്‍ ഗരികായി മൗലയുമാണെന്ന് പോലീസ്, മറ്റ് ഓഫീസര്‍മാരും സ്ഥിരീകരിച്ചു. ലണ്ടന്‍ ആംബുലന്‍സ് സര്‍വ്വീസാണ് ഇവരുടെ വീട്ടിലേക്ക് പോലീസിനെ വിളിച്ചത്. അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചതായും വക്താവ് കൂട്ടിച്ചേര്‍ത്തു. മെറ്റിലെ ഹോമിസൈഡ് & മേജര്‍ ക്രൈം കമ്മാന്‍ഡും അന്വേഷണം നടത്തുന്നുണ്ട്. 

വ്യാഴാഴ്ച, ജനുവരി 3 രാത്രി 1030 മുതല്‍ പിറ്റേന്ന് രാവിലെ 8 മണി വരെയുള്ള സമയങ്ങളില്‍ ഈ സംഭവം നടന്ന പ്രദേശത്ത് എന്തെങ്കിലും ദുരൂഹമായ കാര്യങ്ങള്‍ കണ്ടിട്ടുണ്ടെങ്കില്‍ പോലീസിനെ വിവരം അറിയിക്കാനും ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടു. 




കൂടുതല്‍വാര്‍ത്തകള്‍.