Breaking Now

വാട്‌സ്ആപ്പിലെ സെക്‌സ് ഗെയിം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ഉറങ്ങിക്കിടന്ന സ്ത്രീയെ ബലാത്സംഗം ചെയ്ത് മത്സരം വിജയിച്ചു; ഞെട്ടിക്കുന്ന പീഡനക്കേസില്‍ കുറ്റങ്ങള്‍ നിഷേധിച്ച് 23-കാരന്‍; വാട്‌സ്ആപ്പിലെ ഗ്രൂപ്പിലെ വിവരങ്ങള്‍ കണ്ട് ഞെട്ടി ബ്രിട്ടന്‍

ഗെയിമില്‍ വിജയിച്ചാല്‍ ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെ ചെലവില്‍ ഒരു സൗജന്യ നൈറ്റ് ഔട്ടാണ് സമ്മാനം.

ഇനി ഇതിന്റെ കുറവ് കൂടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓണ്‍ലൈനില്‍ ബ്ലൂവെയില്‍ പോലുള്ള ആളുകളെ അപകടത്തിലാക്കുന്ന ഗെയിമുകള്‍ നടമാടുന്ന കാലമാണിത്. അപ്പോഴാണ് ഒരു ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം വാട്‌സ്ആപ്പില്‍ വാതുവെച്ച് ഒരു സ്ത്രീയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസ് പുറത്തുവരുന്നത്. വോര്‍സെസ്റ്റര്‍ഷയര്‍ സിസിസി ഓള്‍-റൗണ്ടര്‍ അലക്‌സ് ഹെപ്‌ബേണാണ് കേസില്‍ ആരോപണ വിധേയനായത്. സഹതാരങ്ങളുമായി വാട്‌സ്ആപ്പില്‍ ബെറ്റ് വെച്ചാണ് ഇയാള്‍ ഉറങ്ങിക്കിടന്ന സ്ത്രീയെ ബലാത്സംഗം ചെയ്തത്. 

ലൈംഗികമായി കീഴടക്കല്‍ ഗെയിമാണ് പീഡനത്തില്‍ കലാശിച്ചതെന്ന് കോടതിയില്‍ നടന്ന വാദങ്ങളില്‍ വിശദീകരിക്കപ്പെട്ടു. ഒരു നൈറ്റ് ഔട്ട് കഴിഞ്ഞ് അലക്‌സിന്റെ സഹതാരം ജോ ക്ലാര്‍ക്കും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം കിടന്നുറങ്ങുകയായിരുന്ന സ്ത്രീക്ക് നേരെയാണ് അലക്‌സ് വാതുവെപ്പില്‍ വിജയിക്കാന്‍ അക്രമം അഴിച്ചുവിട്ടത്. തനിക്കൊപ്പം ഉള്ളത് ക്ലാര്‍ക്ക് ആണെന്നായിരുന്നു സ്ത്രീ ആദ്യം കരുതിയത്. എന്നാല്‍ ഇയാള്‍ മുറിയില്‍ നിന്നും പുറത്തേക്ക് പോയ തക്കത്തിന് അലക്‌സ് മുറിയില്‍ കടന്ന് സ്ത്രീയെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. ഇരുട്ടില്‍ അലക്‌സിന്റെ മുടിയില്‍ തൊട്ടപ്പോഴും ഓസ്‌ട്രേലിയന്‍ ആക്‌സന്റില്‍ സംസാരിച്ചപ്പോഴുമാണ് ഇത് ക്ലാര്‍ക്കല്ലെന്ന് സ്ത്രീ മനസ്സിലാക്കിയതെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. 

സംഭവത്തെത്തുടര്‍ന്ന് തെരുവില്‍ കരഞ്ഞ് തകര്‍ന്ന നിലയില്‍ യുവതിയെ കണ്ടതോടെ ഒരു വഴിപോക്കനാണ് പോലീസിന്റെ സഹായം തേടിയത്. അലക്‌സിനെ മാറ്റാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ അക്രമം തുടര്‍ന്നു. സംഭവം യുവതി ഒരു സുഹൃത്തിനെ വിളിച്ച് അറിയിക്കുകയും ചെയ്തതായി പ്രോസിക്യൂഷന്‍ അറിയിച്ചു. ക്രിക്കറ്റ് താരത്തിന്റെ മൊബൈലില്‍ വാട്‌സ്ആപ്പിലുള്ള ഒരു ഗ്രൂപ്പ് സ്ത്രീകളെ ഉപയോഗപ്പെടുത്തിയ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഒന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗ്രൂപ്പ് അംഗങ്ങള്‍ ലൈംഗികതയില്‍ ഏര്‍പ്പെട്ട സ്ത്രീകളുടെ വിവരങ്ങള്‍ ഇതില്‍ രേഖപ്പെടുത്തി. ഇതില്‍ നിന്നുമാണ് ഈ ഗ്രൂപ്പിലെ അംഗങ്ങള്‍ തുടങ്ങിവെച്ച ഒരു ഗെയിമാണ് പീഡനത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കിയത്. 

ഗെയിമില്‍ വിജയിച്ചാല്‍ ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെ ചെലവില്‍ ഒരു സൗജന്യ നൈറ്റ് ഔട്ടാണ് സമ്മാനം. ചാറ്റിലെ മറ്റ് വിവരങ്ങള്‍ ക്രിക്കറ്റര്‍ക്ക് സ്ത്രീകളോടുള്ള മനോഭാവം വ്യക്തമാക്കുന്നതായി പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാണിച്ചു. ഉറക്കത്തിലായ ഒരു സ്ത്രീയെ കണ്ടപ്പോള്‍ ആ മാനസികാവസ്ഥ ഇയാള്‍ പ്രകടിപ്പിക്കുകയായിരുന്നു. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ ജനിച്ച അലക്‌സ് വോര്‍സ്റ്റര്‍ പോര്‍ട്ട്‌ലാന്‍ഡ് സ്ട്രീറ്റിലാണ് താമസിക്കുന്നത്. താന്‍ പീഡിപ്പിച്ചിട്ടില്ലെന്നും പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധമെന്നുമാണ് ഇയാളുടെ വാദം. 




കൂടുതല്‍വാര്‍ത്തകള്‍.