Breaking Now

ബ്രിട്ടനെ തണുത്ത് വിറപ്പിച്ച് കാലാവസ്ഥ; താപനില -4 സെല്‍ഷ്യസിലേക്ക് താഴ്ന്നു; തണുത്തുറഞ്ഞ മൂടല്‍മഞ്ഞ് കാര്യങ്ങള്‍ വഷളാക്കും; വൈദ്യുതി ബന്ധം തടസ്സപ്പെടാന്‍ സാധ്യത; യാത്രാ തടസ്സം ഉറപ്പ്

നോര്‍ത്ത് ഇംഗ്ലണ്ട്, വെയില്‍സ്, മധ്യ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ 0 സെല്‍ഷ്യസിന് തൊട്ട് മുകളിലാകും താപനില

ബ്രിട്ടനെ തണുത്ത് വിറപ്പിക്കുന്ന കാലാവസ്ഥ ഈ ആഴ്ച മുഴുവന്‍ തുടരുമെന്ന് ഉറപ്പായി. സ്‌കൂളിലേക്ക് മടങ്ങിപ്പോകാനുള്ള ദിവസങ്ങള്‍ ആഗതമായെങ്കിലും 80 മൈല്‍സ്/അവറിലുള്ള കാറ്റ് വീശിയടിക്കുന്നതിനാല്‍ യാത്ര സുഗമമാകില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇംഗ്ലണ്ടില്‍ മഴ മേഘങ്ങളുടെ സാന്നിധ്യമാണുള്ളത്. നോര്‍ത്തിലെ ചില പ്രദേശങ്ങളില്‍ ഇടയ്ക്കിടെ മഴയും പെയ്യുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ സ്‌കോട്ട്‌ലണ്ടില്‍ താപനില -3 സെല്‍ഷ്യസിലേക്ക് താഴുമെന്നാണ് റിപ്പോര്‍ട്ട്. 

നോര്‍ത്ത് ഇംഗ്ലണ്ട്, വെയില്‍സ്, മധ്യ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ 0 സെല്‍ഷ്യസിന് തൊട്ട് മുകളിലാകും താപനില. ആഴ്ചയുടെ പകുതി കടക്കുന്നതോടെ തണുപ്പും, മൂടല്‍മഞ്ഞും കനക്കും ഒപ്പം നോര്‍ത്ത് പ്രദേശങ്ങളില്‍ താപനില -4 സെല്‍ഷ്യസായി കുറയുകയും ചെയ്യും. ബ്ലാക്പൂള്‍, മാഞ്ചസ്റ്റര്‍, ലേക് ഡിസ്ട്രിക്ട് എന്നിങ്ങനെയുള്ള മേഖലകള്‍ ഉള്‍പ്പെടെ ഇംഗ്ലണ്ടില്‍ -3 സെല്‍ഷ്യസായിരിക്കും താപനില. നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടില്‍ മെറ്റ് ഓഫീസ് യെല്ലോ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. കാറ്റ് കനക്കുന്നതോടെ വ്യോമഗതാഗതവും, ഫെറി ഗതാഗതവും തടസ്സങ്ങള്‍ നേരിടും. 

ബസ്, ട്രെയിന്‍ സര്‍വ്വീസുകളെയും ഇത് ബാധിച്ചേക്കും. യാത്രകള്‍ക്ക് ദീര്‍ഘസമയം വേണ്ടിവന്നേക്കാമെന്നാണ് മുന്നറിയിപ്പ്. ഇതിന് പുറമെ ചില പ്രദേശങ്ങളില്‍ വൈദ്യുതിബന്ധവും തടസ്സപ്പെടും. രാവിലെ തിരക്കേറിയ സമയത്ത് യാത്രക്കിറങ്ങുന്നവര്‍ക്കാണ് ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരികയെന്ന് മെറ്റ് ഓഫീസ് പറയുന്നു. റോഡുകളില്‍ അതിവേഗത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. 

മേഘങ്ങള്‍ ഉണ്ടെങ്കിലും പലയിടത്തും മഴ പെയ്യുന്നില്ലെന്ന ആശ്വാമുണ്ട്. നോര്‍ത്ത് ഭാഗങ്ങളിലാണ് കാലാവസ്ഥയുടെ മാറ്റം പ്രധാനമായും പ്രതിഫലിക്കുന്നതും. 




കൂടുതല്‍വാര്‍ത്തകള്‍.