Breaking Now

ആയിരക്കണക്കിന് വിദേശ നഴ്‌സുമാരെ വലവീശിപ്പിടിക്കാന്‍ ബ്രിട്ടന്‍; 10 വര്‍ഷ പദ്ധതിയുടെ ഭാഗമായി റിക്രൂട്ട്‌മെന്റ് മാമാങ്കം വരുന്നു; ഒഴിവുള്ള 1 ലക്ഷം തസ്തികകളിലേക്ക് അടിയന്തര റിക്രൂട്ട്‌മെന്റ്; ബ്രിട്ടന്‍ നഴ്‌സുമാരെ മാടിവിളിക്കുന്നു

വാഗ്ദാനം ചെയ്ത സേവനം ഉറപ്പാക്കാന്‍ വിദേശ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാതെ തരമില്ല

എന്‍എച്ച്എസില്‍ ആരോഗ്യ ജീവനക്കാരുടെ കുറവ് സംബന്ധിച്ച പരാതി നികത്താന്‍ തെരേസ മേയുടെ 10 വര്‍ഷ പദ്ധതിയില്‍ നടപടി. ആയിരക്കണക്കിന് വിദേശ നഴ്‌സുമാരെയും, ഡോക്ടര്‍മാരെയും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത് പ്രതിസന്ധി പരിഹരിക്കാമെന്നാണ് പദ്ധതിയുടെ കണക്കുകൂട്ടല്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യോഗ്യരായ ആരോഗ്യ ജീവനക്കാരെ കൊള്ളയടിക്കുന്നെന്ന് പഴികേട്ട രീതി നേരത്തെ തന്നെ വലിയ തോതില്‍ വിമര്‍ശന വിധേയമായിട്ടുണ്ട്. 

പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ബില്ല്യണ്‍ പൗണ്ടിന്റെ അധിക ഫണ്ട് ഉപയോഗിച്ച് രോഗികള്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്താനാണ് ലക്ഷ്യമാക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഒഴിവുള്ള തസ്തികളിലേക്ക് വിദേശ ജീവനക്കാരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതി. വാഗ്ദാനം ചെയ്ത സേവനം ഉറപ്പാക്കാന്‍ വിദേശ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാതെ തരമില്ല. അതുകൊണ്ട് തന്നെ ഒഴിവുള്ള 1 ലക്ഷം തസ്തികകളിലേക്കാണ് അടിയന്തര റിക്രൂട്ട്‌മെന്റ് നടത്തുക. 

അന്താരാഷ്ട്ര നഴ്‌സുമാരെ എന്‍എച്ച്എസിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള നടപടി അത്യാവശ്യമാണെന്ന് പദ്ധതി പറയുന്നു. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് റിക്രൂട്ട്‌മെന്റ് പരിപാടി വന്‍തോതില്‍ നടത്തി ഓരോ വര്‍ഷവും ആയിരക്കണക്കിന് നഴ്‌സുമാരെ സേവനത്തിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നിലവില്‍ ആയിരക്കണക്കിന് വിദേശ ജിപിമാകെ റിക്രൂട്ട് ചെയ്യുന്നതിന് പിന്നാലെയാണ് എന്‍എച്ച്എസ് നഴ്‌സുമാരെ ഉറക്കുന്നത്. 

എന്നാല്‍ ഇത്തരം റിക്രൂട്ട്‌മെന്റ് മറ്റ് രാജ്യങ്ങളിലെ ആരോഗ്യ രംഗത്തെ തകര്‍ക്കുമെന്നാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഡെയിം ഡോണാ കിനെയര്‍ വിമര്‍ശിച്ചു. തല്‍ക്കാലത്തേക്ക് പരിഹാരം കാണാമെങ്കിലും പ്രതിസന്ധി പരിഹരിക്കാന്‍ ഇത് മതിയാകില്ല. നഴ്‌സുമാരെ കിട്ടാന്‍ മറ്റ് രാജ്യങ്ങളുടെ കാലുപിടിക്കുന്നത് ശാശ്വതമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.