Breaking Now

ക്രൂരത അതിരുവിടുന്നു; കാറും, ബൈക്കും കൂട്ടിമുട്ടിയതിന് കൗമാരക്കാരനെ നടുറോഡില്‍ വെച്ച് അക്രമി സംഘം 7 തവണ പിന്നില്‍ നിന്നും കുത്തി; വാല്‍താം ഫോറസ്റ്റില്‍ വെച്ചുണ്ടായ അക്രമത്തില്‍ 14-കാരന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചുവീണു

പ്രദേശത്തെ ഗുണ്ടാ ഗ്യാംഗുകള്‍ തമ്മിലുള്ള വൈരമാണ് ഇതിന് പിന്നിലെന്നാണ് വിവരം

നോര്‍ത്ത് ഈസ്റ്റ് ലണ്ടനില്‍ 14 വയസ്സുകാരനെ നടുറോഡില്‍ വെച്ച് എതിര്‍ സംഘത്തില്‍ പെട്ട അംഗങ്ങള്‍ കുത്തിക്കൊന്നു. വാല്‍താം ഫോറസ്റ്റ് ബിക്ലെ റോഡില്‍ വൈകുന്നേരം 6.30നായിരുന്നു സംഭവങ്ങള്‍. പിന്നില്‍ നിന്നും ഏഴ് തവണ കുത്തേറ്റ കൗമാരക്കാരന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. വാഹനങ്ങള്‍ കൂട്ടിമുട്ടിയെന്ന റിപ്പോര്‍ട്ടിലാണ് ഓഫീസര്‍മാര്‍ സ്ഥലത്തെത്തിയത്. ആണ്‍കുട്ടി ഓടിച്ചിരുന്ന മോപ്പഡില്‍ ഒരു കാര്‍ വന്നിടിക്കുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ മൂന്ന് പുരുഷന്‍മാര്‍ പിന്നീട് ഇരയെ കുത്തിവീഴ്ത്തിയ ശേഷം കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. 

സ്ഥലത്തെത്തിയ പാരാമെഡിക്കുകള്‍ കൗമാരക്കാരനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആഴത്തിലുള്ള കുത്തുകള്‍ ഇവന്റെ ജീവന്‍ കവര്‍ന്നു. 'പാരാമെഡിക്കുകള്‍ ജീവന്‍ രക്ഷിക്കാന്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും 7.09-ഓടെ കൗമാരക്കാരന്‍ മരിച്ചു. അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല, അന്വേഷണം തുടരുന്നു', മെട്രോപൊളിറ്റന്‍ പോലീസ് വ്യക്തമാക്കി. പൊടുന്നനെ വാഹനം മുട്ടിയതും തുടര്‍ന്നുണ്ടായ കത്തിക്കുത്തും കൊലപാതകവും ദൃക്‌സാക്ഷികളെ ഭയപ്പെടുത്തിയിരിക്കുകയാണ്. ആണ്‍കുട്ടി സഞ്ചരിച്ച മോപ്പഡില്‍ കാറിലെത്തിയവര്‍ മനഃപ്പൂര്‍വ്വം ഇടിപ്പിച്ചതായാണ് തോന്നിയതെന്ന് ഒരു ദൃക്‌സാക്ഷി വ്യക്തമാക്കി. ഇടിച്ചുവീഴ്ത്തിയ ശേഷം പുറത്ത് മാരകമായി മുറിവേല്‍പ്പിക്കുകയായിരുന്നു. 

മോപ്പഡില്‍ നിന്നും വീണതോടെ ബോധംപോയ ആണ്‍കുട്ടിയുടെ ഹെല്‍മെറ്റും തെറിച്ച് പോയിരുന്നു. ഇതിന് ശേഷമാണ് കുത്തിയത്. കനത്ത ആഴത്തിലുള്ള മുറിവുകളാണ് ഇരയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. പ്രദേശത്തെ ഗുണ്ടാ ഗ്യാംഗുകള്‍ തമ്മിലുള്ള വൈരമാണ് ഇതിന് പിന്നിലെന്നാണ് വിവരം. ബ്യൂമോണ്ട് ക്രൂ, ഒലിവര്‍ ക്ലോസ് എന്നീ പേരുകളിലുള്ള സംഘങ്ങള്‍ തമ്മിലാണ് ശത്രുത നിലനില്‍ക്കുന്നത്. ഇവര്‍ സ്ഥിരമായി തമ്മിലടിക്കുകയും, കത്തികള്‍ കൈയില്‍ കൊണ്ടുനടക്കുകയും ചെയ്യുന്നതായി പ്രദേശവാസികള്‍ വ്യക്തമാക്കി. രാത്രി പുറത്തിറങ്ങി നടക്കുന്ന ഈ സംഘങ്ങള്‍ സുരക്ഷിതമല്ലാതാക്കി മാറ്റിയെന്നും ഇവര്‍ പരാതിപ്പെടുന്നു. 

വാല്‍താംസ്റ്റോവില്‍ 18-കാരനെ കുത്തിപ്പരുക്കേല്‍പ്പിച്ച് ദിവസങ്ങള്‍ പിന്നിടുന്നതിന് മുന്‍പാണ് പുതിയ അക്രമം. പത്ത് വര്‍ഷത്തിനിടെ തലസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട വര്‍ഷമാണ് 2018 എന്ന് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് കണക്കുകള്‍ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ടവരില്‍ ഏറിയ പങ്കും കുട്ടികളും, കൗമാരക്കാരുമാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. 




കൂടുതല്‍വാര്‍ത്തകള്‍.