Breaking Now

ബ്രക്‌സിറ്റില്‍ അടുത്ത തോല്‍വി ഏറ്റുവാങ്ങി തെരേസ മേയ് സര്‍ക്കാര്‍; പാര്‍ലമെന്റില്‍ ലേബര്‍ പാര്‍ട്ടി മേശപ്പുറത്ത് വെച്ച ഫിനാന്‍സ് ബില്‍ ഭേദഗതി ടോറി വിമതരുടെ പിന്തുണയോടെ പാസായി; കരാര്‍ ഇല്ലാതെ പുറത്തിറങ്ങാമെന്ന വ്യാമോഹം വേണ്ടെന്ന് വിമതരുടെ മുന്നറിയിപ്പ്

കരാര്‍ നേടാതെ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചാല്‍ താന്‍ രാജിവെയ്ക്കുമെന്ന് ബിസിനസ്സ് സെക്രട്ടറി റിച്ചാര്‍ഡ് ഹാരിംഗ്ടണ്‍

ബ്രിട്ടന്റെ കരാര്‍ അംഗീകരിക്കാത്ത പക്ഷം ഇത് ഇല്ലാതെ തന്നെ യൂറോപ്യന്‍ യൂണിയന്‍ വിട്ടിറങ്ങാമെന്ന സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍ തിരുത്തി സര്‍ക്കാര്‍ പക്ഷത്തെ വിമതര്‍. കരാര്‍ നേടാതെ പുറത്തിറങ്ങിയാല്‍ ട്രഷറിയുടെ ടാക്‌സ് അധികാരങ്ങള്‍ക്ക് കൂച്ചുവിലങ്ങ് ഇടാനായി ലേബര്‍ പാര്‍ട്ടി എംപി വെറ്റ് കൂപ്പര്‍ അവതരിപ്പിച്ച ഫിനാന്‍സ് ബില്ലിനാണ് ടോറി വിമതരുടെ പിന്തുണയോടെ പാസായത്. ഈ തിരിച്ചടി തെരേസ മേയ്ക്കുള്ള ശക്തമായ മുന്നറിയിപ്പാണ്. പ്രത്യേകിച്ച് ഇരുപതോളം വരുന്ന യൂറോപ്പ് അനുകൂല ടോറി എംപിമാരുടെ ശക്തിപ്രകടനം കൂടിയായി ഇത് മാറി. ലേബര്‍ എംപി അവതരിപ്പിച്ച ഭേദഗതി 296-നെതിരെ 303 വോട്ടുകള്‍ നേടി പാസായതോടെയാണ് സര്‍ക്കാരിന് പരാജയം സമ്മതിക്കേണ്ടി വന്നത്. 

ലേബര്‍ പാര്‍ട്ടിയുമായിട്ടുള്ള തങ്ങളുടെ കൂട്ടുകെട്ട് തുടരുമെന്ന് ടോറി വിമതര്‍ പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കി. മാര്‍ച്ച് അവസാനിക്കുമ്പോള്‍ വ്യക്തമായ കരാര്‍ ഇല്ലാതെ വരേണ്ടതില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ അത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഭേഗതി വിജയിച്ചത് അസ്വസ്ഥത ജനിപ്പിക്കുന്നതാണെങ്കിലും ടാക്‌സുകള്‍ സ്വരൂപിക്കാന്‍ ട്രഷറിക്ക് തടസ്സങ്ങള്‍ ഉണ്ടാകില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് പറയുന്നു. തന്നോടൊപ്പം നില്‍ക്കേണ്ട പ്രോ-റിമെയിന്‍ എംപിമാര്‍ പ്രതിപക്ഷത്തിനൊപ്പം ചേരുന്നതാണ് പ്രധാനമന്ത്രി ഇതിലേറെ അപകടകരമായി കാണുന്നത്. വരുന്ന മാസങ്ങളില്‍ സര്‍ക്കാരിന് കൂടുതല്‍ കുഴപ്പങ്ങള്‍ സമ്മാനിക്കാന്‍ ഈ കൂട്ടുകെട്ടിന് സാധിക്കും. 

ഇതിനിടെ കരാര്‍ നേടാതെ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചാല്‍ താന്‍ രാജിവെയ്ക്കുമെന്ന് ബിസിനസ്സ് സെക്രട്ടറി റിച്ചാര്‍ഡ് ഹാരിംഗ്ടണ്‍ പ്രഖ്യാപിച്ചു. രാജിവെച്ച് താന്‍ വിമതര്‍ക്കൊപ്പം ചേരുമെന്ന് ഹാരിംഗ്ടണ്‍ വ്യക്തമാക്കി. ഫിനാന്‍സ് ബില്‍ ഭേദഗതി പ്രകാരം ട്രഷറിയുടെ പ്രത്യേക ചെലവാക്കല്‍ അധികാരത്തിനാണ് വിലങ്ങിടുന്നത്. മുന്‍ മന്ത്രിമാരായ സര്‍ ഒലിവര്‍ ലെറ്റ്‌വിന്‍, നിക് ബോള്‍സ്, ഹെല്‍ത്ത് കമ്മിറ്റി ചെയര്‍മാന്‍ സാറാ വോളാസ്റ്റണ്‍ എന്നിവരും ഭേദഗതിയെ പിന്തുണച്ചു. കരാറില്ലാതെ വന്നാല്‍ ട്രഷറി ടാക്‌സ് പിരിക്കുന്നതിന് എതിരെ ലിബറല്‍ ഡെമോക്രാറ്റുകള്‍ ഭേദഗതി മേശപ്പുറത്ത് വെച്ചെങ്കിലും ഇതിന് കാര്യമായ പിന്തുണയില്ലാത്തതിനാല്‍ വിജയിക്കാന്‍ സാധ്യതയില്ല. 

വരാനിരിക്കുന്ന ദിവസങ്ങളില്‍ ഇതിലേറെ പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ തിരിച്ചറിയുന്നത്. പ്രത്യേകിച്ച് പ്രതിപക്ഷത്തിനൊപ്പം ടോറി വിമതര്‍ ചേരുന്നത് തെരേസ മേയ്ക്ക് കാര്യങ്ങള്‍ ദുഷ്‌കരമാക്കും. 




കൂടുതല്‍വാര്‍ത്തകള്‍.