Breaking Now

'നല്ല പെണ്ണായി അടങ്ങി ഇരിക്ക്'; മദ്യപിച്ച് ബോധമില്ലാതെ പബ്ബില്‍ നിന്നിറങ്ങിയ യുവതിയെ ലിഫ്റ്റ് കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റി; ഒഴിഞ്ഞ തെരുവിലെത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കി; കാറില്‍ നിന്നും വലിച്ചിഴച്ച് തെരുവില്‍ ഉപേക്ഷിച്ച് സ്ഥലംവിട്ടു

സഹായം അഭ്യര്‍ത്ഥിച്ച് പല വാതിലുകളിലും മുട്ടിയെങ്കിലും ആരും വാതില്‍ പോലും തുറന്നില്ല

ഇരയെ തേടിയിറങ്ങിയ വേട്ടക്കാരെ അവര്‍ തെരുവുകളില്‍ പബ്ബുകള്‍ക്ക് സമീപം കറങ്ങിനടന്നു. മദ്യപാനം കഴിഞ്ഞ് പബ്ബുകളില്‍ നിന്നും ഒറ്റയ്ക്ക് ഇറങ്ങുന്ന സ്ത്രീകളായിരുന്നു ഈ രണ്ട് പേരുടെ ലക്ഷ്യം. ഇത്തരം സ്ത്രീകളെ ലൈംഗിക പീഡനത്തിന് ഇരയാക്കി സുഖമായി രക്ഷപ്പെടാമെന്ന് കരുതിയെങ്കിലും നിയമം അവരെ വെളിച്ചത്ത് കൊണ്ടുവന്നു. 20-കാരന്‍ നജീറുള്‍ മിയാ, 21-കാരന്‍ സയെദ് അഹമ്മദ് എന്നിവര്‍ സണ്ടര്‍ലാണ്ടിലെ ടേക്ക്-എവെയ്ക്ക് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്താണ് ലക്ഷ്യമിട്ടത് പോലെ ഒരു ഇരയെ പൊക്കിയത്. ടാക്‌സിയാണെന്ന് ധരിച്ച് ഇവര്‍ക്ക് അരികിലേക്കെത്തിയ യുവതിയാണ് വലയില്‍ കുടുങ്ങിയത്. ലൈസന്‍സില്ലാത്ത ടാക്‌സിയെന്ന് തെറ്റിദ്ധരിച്ച് തന്നെ വീട്ടിലെത്തിക്കാന്‍ പണം നല്‍കിയ യുവതിയെ അക്രമികള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. 

മദ്യപിച്ച് ലക്കുകെട്ട് വരുന്ന സ്ത്രീകളെ ലൈംഗികമായി അതിക്രമിക്കാന്‍ ലക്ഷ്യമിട്ടാണ് യുവാക്കള്‍ കാറില്‍ തെരുവില്‍ കറങ്ങിയതെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. അഹമ്മദ് ഡ്രൈവറായും, മിയ യാത്രക്കാരനുമായാണ് ഇരുന്നത്. രാത്രി പാര്‍ട്ടി കഴിഞ്ഞ് ഇറങ്ങിയ ഇര സുഹൃത്തില്‍ നിന്നും വേര്‍പ്പെട്ടതോടെയാണ് അക്രമികള്‍ ഇവരെ ലക്ഷ്യംവെച്ചത്. ഫോണിന്റെ ബാറ്ററി തീര്‍ന്നതിനാല്‍ ഇവര്‍ക്ക് ടാക്‌സി വിളിക്കാനും സാധിച്ചില്ല. ഇതോടെയാണ് ലിഫ്റ്റ് കൊടുക്കാമെന്ന യുവാക്കളുടെ വാഗ്ദാനം സ്വീകരിച്ച് ഇവര്‍ കാറില്‍ കയറിയത്. എന്നാല്‍ വാഹനത്തില്‍ കയറിയതോടെ യുവാക്കളുടെ മട്ടുമാറി. 

വീട്ടിലേക്ക് പോകുന്നതിന്റെ എതിര്‍ദിശയിലാണ് അക്രമികള്‍ കാര്‍ ഓടിച്ചത്. എന്തോ പ്രശ്‌നമുണ്ടെന്ന് ഈ ഘട്ടത്തിലാണ് യുവതി തിരിച്ചറിയുന്നത്. കൂടുതല്‍ പണം ആവശ്യപ്പെട്ട് ഇവര്‍ യുവതിയെ അപമാനിച്ച് തുടങ്ങിയതോടെ രക്ഷപ്പെടാനായി സ്വന്തം ബാഗ് തന്നെ ഇവര്‍ കൈമാറി. പിന്നീട് ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം കാറില്‍ വെച്ച് തന്നെ ഇരുവരും യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ നല്ല സ്ത്രീയായി ഇരിക്കാനാണ് ഇവര്‍ ഉപദേശിച്ചത്. അക്രമത്തിന് ശേഷം കാറില്‍ നിന്നും യുവതിയെ തെരുവിലേക്ക് വലിച്ചിഴച്ച് ഇട്ട ശേഷം ഇവര്‍ സ്ഥലം വിട്ടു. 

സഹായം അഭ്യര്‍ത്ഥിച്ച് പല വാതിലുകളിലും മുട്ടിയെങ്കിലും ആരും വാതില്‍ പോലും തുറന്നില്ല. ഒടുവില്‍ ഒരു വീട്ടുകാര്‍ മാത്രം വാതില്‍ തുറക്കുകയും ഇവരോട് യുവതി കാര്യങ്ങള്‍ വെളിപ്പെടുത്തുകയുമായിരുന്നു. എന്നാല്‍ വീട്ടിലെത്തിക്കുന്നതിന് ലിഫ്റ്റ് നല്‍കിയാല്‍ ലൈംഗിക സേവനം നല്‍കാമെന്ന് യുവതി പറഞ്ഞതായാണ് യുവാക്കളുടെ വാദം. പീഡനക്കുറ്റങ്ങള്‍ ഇവര്‍ സമ്മതിച്ചിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.