Breaking Now

ഗാറ്റ്‌വിക്ക് വിമാനത്താവളത്തെ വലച്ച ഡ്രോണ്‍ ഹീത്രൂവില്‍; താല്‍ക്കാലികമായി അടച്ച വിമാനത്താവളം തുറന്നു; സൈന്യം ഇടപെടുന്നു

ദിവസേന 2 ലക്ഷം യാത്രക്കാര്‍ സഞ്ചരിക്കുന്ന വിമാനത്താവളമാണ് ഹീത്രൂവിലേത്

ക്രിസ്മസ് സീസണില്‍ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ച ഡ്രോണ്‍ പറത്തല്‍ പ്രശ്‌നത്തില്‍ ഇതുവരെ പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇരുട്ടില്‍ തപ്പി നടക്കവെ വീണ്ടും ഡ്രോണ്‍ തലവേദനയായി മാറുകയാണ്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഹീത്രൂവില്‍ ഡ്രോണ്‍ പറന്നതായി പോലീസ് സ്ഥിരീകരിക്കുന്നത്. 

അന്വേഷണത്തില്‍ സൈന്യത്തിന്റെ സഹായം തേടിയതായി പോലീസ് വ്യക്തമാക്കി. ഡ്രോണ്‍ കണ്ടതോടെ ആയിരങ്ങളുടെ യാത്ര ദുരിതത്തിലാകുമെന്ന ആശങ്ക ഉയര്‍ന്നു. ഗാറ്റ്‌വിക്ക് വിമാനത്താവളം അടച്ചിട്ടപ്പോള്‍ ലക്ഷക്കണക്കിന് യാത്രക്കാരുടെയും, ആയിരക്കണക്കിന് വിമാനങ്ങളുടെ യാത്ര മുടങ്ങിയിരുന്നു. താല്‍ക്കാലികമായി അടച്ച ശേഷം ഹീത്രൂ പ്രവര്‍ത്തനം പുനരാരംഭിച്ചതായി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. 

ഡ്രോണ്‍ പറക്കുന്നത് കണ്ടവരില്‍ പോലീസുകാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെയാണ് അന്വേഷണത്തില്‍ സൈന്യത്തെ സഹകരിപ്പിക്കുന്നത്. അടിയന്തരമായി പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും, വ്യാപകമായ തെരച്ചിലിനുമാണ് ഹീത്രൂ മേഖലയില്‍ അന്വേഷണം പുരോഗമിക്കുന്നത്. വിമാനങ്ങള്‍ നിലത്തിറക്കിയതോടെ യാത്ര മുടങ്ങിയ യാത്രക്കാര്‍ തങ്ങളുടെ രോഷം സോഷ്യല്‍ മീഡിയ വഴി രേഖപ്പെടുത്തി. 

ദിവസേന 2 ലക്ഷം യാത്രക്കാര്‍ സഞ്ചരിക്കുന്ന വിമാനത്താവളമാണ് ഹീത്രൂവിലേത്. വ്യോമയാന നിയമപ്രകാരം വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ക്രിമിനല്‍ കുറ്റമാണ്. പിടിക്കപ്പെട്ടാല്‍ ജീവപര്യന്തമാണ് ശിക്ഷ. 




കൂടുതല്‍വാര്‍ത്തകള്‍.