Breaking Now

24 മണിക്കൂറിനിടെ തെരേസ മേയ്ക്ക് രണ്ടാം തോല്‍വി; കരാര്‍ വോട്ടിനിട്ട് തള്ളിയാല്‍ മൂന്നാം ദിവസം 'പ്ലാന്‍ ബി' അവതരിപ്പിക്കണം; ബ്രക്‌സിറ്റ് നടപ്പാക്കുന്നത് വൈകുമെന്ന് ഉറപ്പായി; വിമത നീക്കം ടോറി സര്‍ക്കാരിനെ വീഴ്ത്തിയേക്കും; ഏപ്രില്‍ 4ന് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ നീക്കം

കരാറില്ലാതെ ഇയു ഉപേക്ഷിക്കുന്ന സാഹചര്യം നേരിട്ടാല്‍ മേയ്‌ക്കെതിരെ അവിശ്വാസ പ്രമേയം പാസാക്കുമെന്നാണ് കണ്‍സര്‍വേറ്റീവ് എംപിമാരുടെ ഭീഷണി

ഒരു സര്‍ക്കാരിന് 24 മണിക്കൂറിനിടെ രണ്ട് തവണ സഭയില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വരുന്നത് അപൂര്‍വ്വമായ കാര്യമാണ്. അത്തരം അപൂര്‍വ്വമായ സാഹചര്യത്തിലൂടെയാണ് തെരേസ മേയ് സര്‍ക്കാര്‍ ഇപ്പോള്‍ കടന്നുപോകുന്നത്. ബ്രക്‌സിറ്റിന് ശേഷം ട്രഷറിയുടെ ടാക്‌സ് അധികാരങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട ശേഷമാണ് അടുത്ത ആഴ്ച പാര്‍ലമെന്റ് ബ്രക്‌സിറ്റ് കരാറിനെ വോട്ടിനിട്ട് തള്ളിയാല്‍ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പ്ലാന്‍ ബി'യുമായി പ്രധാനമന്ത്രി എത്തണമെന്ന ഭേദഗതി പാസായത്. 297-നെതിരെ 308 വോട്ടുകള്‍ക്കാണ് സര്‍ക്കാരിന് തോല്‍വി നേരിട്ടത്. ഇതോടെ പ്രധാനമന്ത്രി അവതരിപ്പിക്കുന്ന കരാര്‍ സഭയ തള്ളിയേക്കുമെന്ന് നം.10 ആദ്യമായി തുറന്ന് സമ്മതിച്ചു. 

ഇതോടെ ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ക്കായി പ്രയോഗിച്ച ആര്‍ട്ടിക്കിള്‍ 50-യുടെ കാലാവധി നീട്ടണമെന്നാണ് റിമെയിനേഴ്‌സ് ആവശ്യപ്പെടുന്നത്. ഈ വര്‍ഷം മാര്‍ച്ച് 29ന് കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ലേബര്‍ ഷാഡോ ബ്രക്‌സിറ്റ് സെക്രട്ടറി സര്‍ കെയിര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. ഇത് അസാധ്യമാണ്, പ്രാക്ടിക്കലായി നിരവധി കാരണങ്ങള്‍ ബാക്കിയാണ്, അദ്ദേഹം ചൂണ്ടിക്കാണിച്ചു. അടുത്ത ചൊവ്വാഴ്ച ബ്രക്‌സിറ്റ് കരാര്‍ അവതരിപ്പിക്കുമ്പോള്‍ പ്രധാനമന്ത്രി തെരേസ മേയ് തോല്‍വി തന്നെയാണ് മുന്നില്‍ കാണുന്നത്. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് ആദ്യമായി പൊതുസമൂഹത്തിന് മുന്നില്‍ സമ്മതിക്കുകയും ചെയ്തിരിക്കുന്നു. 

അതേസമയം സ്പീക്കര്‍ ജോണ്‍ ബെര്‍കോവ് സര്‍ക്കാരിനെ തോല്‍പ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നെന്ന് ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ഭേദഗതി ചര്‍ച്ച കഴിഞ്ഞ് തള്ളുമെന്ന് കരുതി ഇരിക്കവെയാണ് സ്പീക്കര്‍ ഇതില്‍ വോട്ടിംഗ് അനുവദിച്ചത്. ഇയുവില്‍ നിന്നും കരാറില്ലാതെ പുറത്തിറങ്ങാന്‍ ബ്രിട്ടനെ അനുവദിക്കാതിരിക്കാനുള്ള ഗറില്ല യുദ്ധം എംപിമാര്‍ അണിയറയില്‍ നടത്തുന്നതിന്റെ പ്രതിഫലനമാണ് ഈ തോല്‍വികള്‍. ബ്രക്‌സിറ്റ് ബില്ലിനെ തോല്‍പ്പിക്കാന്‍ വിമതര്‍ ലേബര്‍ പാര്‍ട്ടിക്കൊപ്പം ചേരുന്നതിന് ആണവ പ്രയോഗം തന്നെ മറുപടിയായി തെരഞ്ഞെടുക്കാന്‍ തെരേസ മേയ്ക്ക് മേല്‍ സമ്മര്‍ദം ഏറുകയാണ്. കരാറില്ലാതെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് എംപിമാര്‍ നിലപാട് സ്വീകരിച്ചാല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് ആവശ്യമുയരുന്നത്. 

ഇങ്ങനെ സംഭവിച്ചാല്‍ ഏപ്രില്‍ 4-ന് പൊതുതെരഞ്ഞെടുപ്പ് നടന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. കരാറില്ലാതെ ഇയു ഉപേക്ഷിക്കുന്ന സാഹചര്യം നേരിട്ടാല്‍ മേയ്‌ക്കെതിരെ അവിശ്വാസ പ്രമേയം പാസാക്കുമെന്നാണ് കണ്‍സര്‍വേറ്റീവ് എംപിമാരുടെ ഭീഷണി. ഇവരെ തോല്‍പ്പിക്കാനാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന ബ്രക്‌സിറ്റുകാരുടെ ആവശ്യം. 




കൂടുതല്‍വാര്‍ത്തകള്‍.