Breaking Now

വാട്‌ഫോര്‍ഡില്‍ കാമുകിയുടെ വീട്ടിലെത്തിയ രഹസ്യ കാമുകനെ കുത്തിക്കൊന്നു; സഹോദരനെ പേടിച്ച് ഗാരേജില്‍ ഒളിച്ചിരുന്ന 18-കാരനെ തുടര്‍ച്ചയായി ആഞ്ഞുകുത്തി; മാതാപിതാക്കള്‍ മക്കളെ വീട്ടിലാക്കി ഹോളിഡേ ആഘോഷിക്കാന്‍ പോയി തിരിച്ചെത്തുമ്പോള്‍ കാത്തിരുന്നത് ഞെട്ടിക്കുന്ന വാര്‍ത്ത

വാട്‌ഫോര്‍ഡിലെ വീട്ടില്‍ സുഹൃത്തുക്കള്‍ വന്നുപോകരുതെന്ന് രക്ഷിതാക്കളുടെ കടുത്ത നിര്‍ദ്ദേശമുണ്ടായിരുന്നു

മാതാപിതാക്കള്‍ വിദേശത്ത് ഹോളിഡേ ആഘോഷത്തിന് പോയപ്പോള്‍ വീട്ടിലെത്തിയ സഹോദരിയുടെ കാമുകനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി. വീട്ടുകാര്‍ അറിയാതെ രഹസ്യമായി സൂക്ഷിച്ച ബന്ധത്തിലെ 18-കാരനെയാണ് സഹോദരന്‍ ഗാരേജില്‍ കണ്ടെത്തിയതോടെ കുത്തിക്കൊന്നത്. 19 വയസ്സുള്ള പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതായിരുന്നു റിസാന്‍ ഉദയകുമാര്‍. ഈ സമയത്ത് വീട്ടില്‍ തിരിച്ചെത്തിയ 16 വയസ്സുള്ള സഹോദരനാണ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ ഉദയകുമാറിനെ അക്രമിച്ചത്. 

ഇപ്പോള്‍ 17 വയസ്സ് പ്രായമുള്ള പ്രതിയുടെ പേരുവിവരങ്ങള്‍ നിയമപരമായ കാരണങ്ങളാല്‍ പുറത്തുവിട്ടിട്ടില്ല. 2018 ജൂലൈ 10നാണ് റിസാന്‍ ഉദയകുമാര്‍ കൊല്ലപ്പെട്ടത്. എന്നാല്‍ താന്‍ കൊന്നിട്ടില്ലെന്ന് പ്രതി വാദിക്കുന്നു. സഹോദരിക്കൊപ്പം കൗമാരക്കാരനെ വീട്ടില്‍ കണ്ടെത്തിയതോടെ രോഷാകുലനായ സഹോദരന്‍ അക്രമം അഴിച്ചുവിട്ടെന്നാണ് കേസ്. നെഞ്ചിന്റെ ഇടതുഭാഗത്തേറ്റ കുത്താണ് മരണകാരണമെന്ന് കണ്‍സള്‍ട്ടന്റ് ഫോറന്‍സിക് പതോളജിസ്റ്റ് ഷാര്‍ലെറ്റ് റാണ്ടാല്‍ ജൂറിക്ക് മൊഴി നല്‍കി. 

എല്ല് തകര്‍ത്ത്, വാരിയെല്ലിന് ഇടയിലൂടെ ഹൃദയത്തില്‍ കത്തില്‍ കുത്തിയതോടെ പൊടുന്നനെ, വന്‍തോതില്‍ രക്തസ്രാവത്തിന് ഇടയാക്കിയെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. മറ്റ് പരുക്കുകള്‍ വലിയ പ്രശ്‌നമായി മാറില്ലായിരുന്നുവെന്നും പതോളജിസ്റ്റ് പറഞ്ഞു. തങ്ങള്‍ ഹോളിഡേയ്ക്ക് പോകുമ്പോള്‍ വാട്‌ഫോര്‍ഡിലെ വീട്ടില്‍ സുഹൃത്തുക്കള്‍ വന്നുപോകരുതെന്ന് രക്ഷിതാക്കളുടെ കടുത്ത നിര്‍ദ്ദേശമുണ്ടായിരുന്നു. മേല്‍നോട്ടത്തിന് ചില ബന്ധുക്കളെയും ചുമതലപ്പെടുത്തി.

ഇത്തരത്തില്‍ ഒരു ദിവസം റിസാന്‍ വീട്ടിലുള്ളപ്പോള്‍ സഹോദരന്‍ ഓടിപ്പാഞ്ഞെത്തി. അവനെവിടെ എന്ന് ചോദിച്ചായിരുന്നു രോഷപ്രകടനം. ഗാരേജില്‍ ഒളിച്ചിരുന്ന റിസാനെ കണ്ടെത്തി ഇയാള്‍ തുടര്‍ച്ചയായി കത്തിക്ക് കുത്തി. മര്‍ദ്ദിക്കുകയാണെന്നാണ് ഓടിയെത്തിയ കാമുകി ആദ്യം കരുതിയത്. എന്നാല്‍ പിടിച്ച് മാറ്റിയപ്പോഴാണ് റിസാന്റെ ശരീരത്തില്‍ നിന്നും രക്തം ഒഴുകുന്നത് ശ്രദ്ധിച്ചത്. ഒപ്പം സഹോദരന്റെ കൈയില്‍ കത്തിയും കണ്ടു. ബഹളം കേട്ടെത്തിയ വഴിപോക്കനാണ് 999-ല്‍ വിളിച്ച് സംഭവം അറിയിച്ചത്. റിസാനെ വാട്‌ഫോര്‍ഡ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. ഇതോടെയാണ് സഹോദരനെ അറസ്റ്റ് ചെയ്തത്. 




കൂടുതല്‍വാര്‍ത്തകള്‍.