Breaking Now

സിബിഐ മേധാവി കസേര തെറിച്ച അലോക് വര്‍മ്മ പുണ്യാളനല്ല; അഴിമതിക്ക് തെളിവായി റോയുടെ കൈവശം ഫോണ്‍ രേഖകള്‍; പ്രധാനമന്ത്രി നയിക്കുന്ന സമിതിയുടെ തീരുമാനത്തിലേക്ക് നയിച്ചത് ഇക്കാര്യങ്ങള്‍

രഹസ്യാന്വേഷണ സംഘടനയായ റോയ്ക്ക് ലഭിച്ച ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ളവ റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചു.

സിബിഐ മേധാവി സ്ഥാനത്ത് നിന്നും അലോക് വര്‍മ്മയെ നീക്കം ചെയ്യാന്‍ ഇടയാക്കിയത് അഴിമതി, ഡ്യൂട്ടി ചെയ്യാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ട്. ഏജന്‍സിയുടെ 50 വര്‍ഷത്തിലേറെയുള്ള ചരിത്രത്തില്‍ ആദ്യമായാണ് മേധാവിയെ പുറത്താക്കുന്നത്. രഹസ്യാന്വേഷണ സംഘടനയായ റോയ്ക്ക് ലഭിച്ച ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ളവ റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഹൈപവര്‍ കമ്മിറ്റി സിവിസി റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയാണ് വര്‍മ്മയ്‌ക്കെതിരെ നടപടി സ്വീകരിക്കാനുള്ള തീരുമാനത്തില്‍ എത്തിച്ചത്. എട്ട് കുറ്റങ്ങളാണ് വര്‍മ്മയ്‌ക്കെതിരെ റിപ്പോര്‍ട്ട് ഉയര്‍ത്തുന്നത്. ചൊവ്വാഴ്ച സുപ്രീംകോടതി നേതൃസ്ഥാനത്തേക്ക് മടക്കിക്കൊണ്ടുവന്നതിന് പിന്നാലെയാണ് സമിതി തീരുമാനം. സമിതി അംഗമായ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വര്‍മ്മയെ നീക്കം ചെയ്യുന്നതിനെ എതിര്‍ത്തപ്പോള്‍ ജസ്റ്റിസ് എകെ സിക്രി തീരുമാനത്തെ അനുകൂലിച്ചു. 

വിവാദമായ മാംസ വ്യാപാരി മൊയിന്‍ ഖുറേഷി കേസിനെക്കുറിച്ച് റിപ്പോര്‍ട്ട് പറയുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ്സുകാരന്‍ സതീഷ് ബാബു സനയെ ഈ കേസില്‍ പ്രതിയാക്കാന്‍ വര്‍മ്മ ക്ലിയറന്‍സ് നല്‍കിയില്ല. ഈ കേസ് നയിച്ചത് സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയായിരുന്നു. ഒക്ടോബര്‍ 23ന് വര്‍മ്മയ്‌ക്കൊപ്പം അസ്താനയെയും നിര്‍ബന്ധിത അവധിക്ക് അയച്ചിരുന്നു. സിബിഐയിലെ ഒന്നാം നമ്പറുകാരനുമായി പണം കൈമാറുന്നത് സംബന്ധിച്ച ഫോണ്‍ രേഖകള്‍ റോയ്ക്കും ലഭിച്ചതായി സിവിസി റിപ്പോര്‍ട്ട് വ്യക്തമാക്കി. 

ഗുര്‍ഗാവിലെ സ്ഥലമിടപാട് കേസില്‍ 36 കോടി കൈകളില്‍ മറിഞ്ഞെന്നാണ് സിവിസി ആരോപണം. മുന്‍ കേന്ദ്രമന്ത്രി ലാലു പ്രസാദ് യാദവ് ഉള്‍പ്പെട്ട ഐആര്‍സിടിസി കേസിലും വര്‍മ്മ ഒരു ഓഫീസറെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സിബിഐയിലേക്ക് എത്തിക്കാന്‍ വര്‍മ്മ മുന്‍കൈയെടുത്തു. ഇതിനെതിരെ വിജിലന്‍സ് രംഗത്ത് വന്നെങ്കിലും ഇവര്‍ക്ക് ഫയലുകള്‍ കൈമാറാതെ വര്‍മ്മ ഒളിച്ച് കളിച്ചെന്നുമാണ് ആരോപണങ്ങള്‍. 

 




കൂടുതല്‍വാര്‍ത്തകള്‍.