ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയെയും കെ എല്‍ രാഹുലിനെയും കളിപ്പിക്കില്ല. ഇരുവരെയും അന്വേഷണ വിധേയമായി പുറത്താക്കി. ടിവി ഷോയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ഇരുവര്‍ക്കുമെതിരെ അന്വേഷണം നടക്കുകയാണ്. ഇരുവരെയും രണ്ട് ഏകദിന മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നാണ് നേരത്തെ ബിസിസിഐക്ക് ലഭിച്ചിരിക്കുന്ന ശുപാര്‍ശ.
അവസാന ഇലവനില്‍ സ്ഥാനം ഉറപ്പുള്ള താരമായിരുന്നു പാണ്ഡ്യ. എന്നാല്‍ താരത്തെ ഒഴിവാക്കാനാണ് തീരുമാനമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കെ എല്‍ രാഹുലിനെ ടീമിലേക്ക് നേരത്തെ തന്നെ പരിഗണിച്ചിരുന്നില്ല. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ അംഗങ്ങളാണ് ഇരുതാരങ്ങളും. ഇരുവരെയും പരമ്പരയില്‍ നിന്ന് ഒഴിവാക്കണമോയെന്ന കാര്യത്തില്‍ ബിസിസിഐ തീരുമാനം വരാന്‍ കാത്തിരിക്കുകയാണ്. നേരത്തെ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഇരുതാരങ്ങളെയും തള്ളി പറഞ്ഞിരുന്നു. ഇരുവരുടെയും പരാമര്‍ശങ്ങള്‍ക്ക് ടീമിന് ഉത്തരവാദിത്വമില്ലെന്ന് കോഹ്ലി പറഞ്ഞു.