പ്രസവത്തിനിടെ കുഞ്ഞ് രണ്ടായി മുറിഞ്ഞ സംഭവത്തില്‍ നഴ്സ് അറസ്റ്റില്‍. അമൃത് ലാല്‍ എന്ന നഴ്സിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രസവത്തിനിടെ കുഞ്ഞിനെ ശക്തമായി പുറത്തേക്ക് വലിച്ചെടുത്തത് ഇയാളാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ സഹായിയായിരുന്ന നഴ്സ് ജൂജാഹര്‍ സിങ്ങിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും നേരത്തെ ആശുപത്രി സസ്പെന്റ് ചെയ്തിരുന്നു.
രാജസ്ഥാനിലെ ജയ്സാല്‍മര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. പ്രസവത്തിനിടെ കുഞ്ഞിനെ ശക്തമായി പുറത്തേക്ക് വലിച്ചതിനെത്തുടര്‍ന്ന് കുട്ടി രണ്ടായി മുറിയുകയും കുഞ്ഞിന്റെ ഒരു ഭാഗം ഗര്‍ഭപാത്രത്തില്‍ കുടുങ്ങുകയും ചെയ്തു. പിഴവ് സംഭവിച്ചിട്ടും കുറ്റം മറച്ചുവയ്ക്കാനാണ് അമൃത് ലാല്‍ ശ്രമിച്ചത്.
പ്രസവത്തോടെ യുവതിയുടെ നില ഗുരുതരമാണെന്ന് ഭര്‍ത്താവ് തിലോക് ഭാട്ടിയയെ നഴ്സുമാര്‍ ധരിപ്പിച്ചു. തുടര്‍ന്ന് ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശപ്രകാരം കുഞ്ഞിന്റെ അമ്മ ദീക്ഷയെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
കുട്ടിയെ മൂന്ന് ഭാഗമായാണ് തനിക്ക് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ലഭിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞു. കുട്ടിയുടെ കാല് ഒടിഞ്ഞിരുന്നതായും കരളിന് സാരമായ തകരാര്‍ സംഭവിച്ചിരുന്നതായും ഡോക്ടര്‍ പറഞ്ഞു.