ഓണ്‍ലൈന്‍ ചലഞ്ചുകളുടെ കാലമാണിത്. പ്രചരണത്തിനും മറ്റുമായി ഓരോ സിനിമകളുടെയും, പാട്ടുകളുടെയും പേരില്‍ ഓണ്‍ലൈന്‍ ചലഞ്ചുകള്‍ നടത്തുമ്പോള്‍ ചിലരുടെയെങ്കിലും ജീവനുകള്‍ അപകടത്തിലാകുന്നു. ബ്ലൂവെയില്‍ ചലഞ്ച് പോലുള്ള കുപ്രശസ്തമായ ഗെയിമുകളും ഇതില്‍ ഓണ്‍ലൈന്‍ പ്രേമികള്‍ക്ക് പാഠമായി. എന്നിട്ടും പഠിക്കുന്നില്ലെന്നാണ് പുതിയ ചലഞ്ച് വ്യക്തമാക്കുന്നത്. ബേര്‍ഡ് ബോക്സ് എന്ന ഹൊറര്‍ ചിത്രത്തെ പിന്‍പറ്റിയാണ് പുതിയ ചലഞ്ച്.
കണ്ണുകെട്ടി ഓരോ സാഹസങ്ങള്‍ക്ക് ഇറങ്ങുന്നതാണ് ബേര്‍ഡ് ബോക്സ് ചലഞ്ചിലെ രീതി. ഇതിന്റെ പേരും പറഞ്ഞ് ഒരു സ്ത്രീ കണ്ണുകെട്ടി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതോടെയാണ് ഉട്ടാഹ് പോലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ക്യാപ് കണ്ണിന് മുകളിലൂടെ ഇട്ടാണ് ട്രാഫിക്കിലൂടെ കൗമാരക്കാരിയായ ഡ്രൈവര്‍ വാഹനം ഓടിച്ചത്.
ഏതാനും ലൈനുകള്‍ സുരക്ഷിതമായി മറികടന്ന ശേഷമാണ് ഒരു എസ്യുവിയിലേക്ക് ഇവരുടെ കാര്‍ ഇടിച്ചുകയറിയത്. അടുത്തുള്ള ലാംപ് പോസ്റ്റില്‍ ഇടിച്ചാണ് വാഹനം നിന്നത്. ഇത്തരം ചലഞ്ചുകള്‍ ഏറ്റെടുത്ത് റോഡില്‍ മറ്റുള്ളവരുടെ ജീവന് കൂടി അപകടത്തിലാക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് പോലീസ് വ്യക്തമാക്കി. ആദ്യം സുഹൃത്തിനോട് സംസാരിച്ച് വാഹനം ഓടിച്ചപ്പോള്‍ അപകടത്തില്‍ പെട്ടതാണെന്നായിരുന്നു അവകാശവാദമെങ്കിലും പിന്നീട് സത്യം വെളിപ്പെടുത്തി.
നെറ്റ്ഫ്ളിക്സിലുള്ള ബേര്‍ഡ് ബോക്സ് എന്ന പരിപാടിയുടെ ആരാധകരാണ് ബേര്‍ഡ് ബോക്സ് ചലഞ്ചിന് തുടക്കമിട്ടത്.