CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 27 Minutes 15 Seconds Ago
Breaking Now

സത്യങ്ങള്‍ തുറന്ന് പറയാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഭയപ്പെടുന്ന നാടായി ഇന്ത്യ മാറുന്നു; ഭരണപക്ഷത്തെ ഭയന്ന് ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ ലണ്ടനില്‍ പത്രസമ്മേളനം നടത്തി ഒരു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍; ഗോമാതാ കളി ഒരു ബിസിനസ്സ് മോഡലെന്ന് നിരഞ്ജന്‍ താക്ലെ

കാര്‍ഡിയാക് രോഗിയെ 3 ജഡ്ജിമാർ നേരെ കൊണ്ടുപോയത് ഓര്‍ത്തോ ആശുപത്രിയിലാണെന്നതാണ് അത്ഭുതകരം

സത്യം പറയേണ്ടത് തന്നെയാണ്. പക്ഷെ അത് പറയാനായി ഇന്ത്യയില്‍ നിന്നും യുകെ വരെ ഒരു പത്രസമ്മേളനത്തിന് വരേണ്ടി വന്നുവെന്നത് മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യയില്‍ നേരിടുന്ന ഭീഷണിയുടെ ആഴം വ്യക്തമാക്കുന്നതാണ്. അവാര്‍ഡുകള്‍ നേടിയിട്ടുള്ള അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ നിരഞ്ജന്‍ താക്ലെയാണ് ലണ്ടന്‍ കാംബെര്‍വെല്ലിലെ ഓര്‍ട്ടസ് കോണ്‍ഫറന്‍സ് സെന്ററില്‍ വെച്ച് താന്‍ നടത്തിയിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ അന്വേഷണത്തെക്കുറിച്ച് ഓര്‍ത്തെടുത്തത്. തന്റെ മകള്‍ ഉള്‍പ്പെടെയുള്ള യുവതലമുറയ്ക്ക് മാധ്യമപ്രവര്‍ത്തകരോട് വിശ്വാസം തോന്നുന്നതിന് വേണ്ടിയാണ് വിവാദമായ ജസ്റ്റിസ് ലോയയുടെ മരണത്തിന് പിന്നാലെ പോയതെന്ന് താക്ലെ വ്യക്തമാക്കി. 

സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയും അസഭ്യവും കേട്ടിരിക്കവെ തന്നെ കാണാനായി പൂനെയിലെ ഹോട്ടലില്‍ എത്തിയ 19 വയസ്സുകാരിയാണ് ജസ്റ്റിസ് ലോയയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാനുള്ള വഴിയൊരുക്കിയതെന്ന് നിരഞ്ജന്‍ താക്ലെ പറയുന്നു. 'തന്റെ അമ്മാവന്‍ കൊല്ലപ്പെതാണെന്ന് പറഞ്ഞാണ് ആ പെണ്‍കുട്ടി സമീപിക്കുന്നത്. 19 വയസ്സ് മാത്രം പ്രായമുള്ള ആ കുട്ടി വികാരപരമായാണ് സംസാരിച്ച് തുടങ്ങിയത്. ജസ്റ്റിസ് ലോയ കൊല്ലപ്പെട്ടത് ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ വെച്ചാണ്. ആ പെണ്‍കുട്ടിയുടെ വാക്കുകള്‍ കേട്ട് ലോയയുടെ മകന്‍ അനൂജ് ലോയയെ കാണാന്‍ പോയെങ്കിലും തീര്‍ത്തും നിരാശാജനകമായിരുന്നു അവസ്ഥ. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് എല്ലാം മറുപടി നല്‍കിയത് ഒപ്പമുണ്ടായിരുന്ന മുത്തശ്ശനാണ്. ഇതിനുള്ള കാരണം അന്വേഷിച്ചപ്പോഴാണ് മാധ്യമപ്രവര്‍ത്തനത്തിന്റെ അവസ്ഥയെക്കുറിച്ച് ചിന്തിച്ച് പോയത്. അനൂജിന് ലോകത്തുള്ള ഒരാളെയും വിശ്വാസമില്ലെന്നാണ് ഇതിന് കാരണമെന്ന് മുത്തശ്ശന്‍ പറഞ്ഞു, അതുകൊണ്ട് തന്നെ ആരോടും സംസാരിക്കാന്‍ ആ കൗമാരക്കാരന്‍ തയ്യാറായില്ല', താക്ലെ ഓര്‍മ്മിക്കുന്നു

ഒരു ചെറിയ പ്രായക്കാരന്‍ ഇത്രയും കഠിനമായ നിലപാട് സ്വീകരിക്കുന്നതിനെക്കുറിച്ച് മകളോട് സംസാരിച്ചപ്പോഴാണ് ഈ കേസിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന തീരുമാനത്തില്‍ താന്‍ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തനതതില്‍ സ്വന്തം മകള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അനൂജ് എങ്ങിനെ വിശ്വസിക്കുമെന്നാണ് ഞാന്‍ ചിന്തിച്ചത്. എന്നാല്‍ അന്വേഷണം ഒട്ടും എളുപ്പമായിരുന്നില്ല, സര്‍ക്കാരും, ഉദ്യോഗസ്ഥരും വിവരങ്ങള്‍ കൈമാറാതെ ഏറെ ബുദ്ധിമുട്ടിച്ചു. പക്ഷെ സത്യത്തിലേക്കുള്ള ആ യാത്ര പല ഞെട്ടിക്കുന്ന വിവരങ്ങളുമാണ് നിരഞ്ജന്‍ താക്ലെയുടെ കൈകളിലെത്തിച്ചത്. 

'ജസ്റ്റിസ് ലോയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടി. ഇത് കൈയില്‍ കിട്ടിയപ്പോഴാകട്ടെ പല വൈരുദ്ധ്യങ്ങളും ശ്രദ്ധയില്‍പെട്ടു. കാര്‍ഡിയാക് അറസ്റ്റ് ആണ് മരണകാരണമെന്ന് ഒരു വശത്ത് പറയുമ്പോഴും മറുഭാഗത്ത് ശ്വാസകോശവും, കിഡ്‌നിയും സമ്മര്‍ദം നേരിട്ടതായി പറയുന്നു. തലയില്‍ ഏല്‍ക്കുന്ന മാരകമായ ആഘാതങ്ങള്‍ക്ക് മാത്രമാണ് ഈ വിധത്തില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നു', റിപ്പോര്‍ട്ടിനെക്കുറിച്ച് താക്ലെ വിശദീകരിക്കുന്നു.  

'തലയുടെ പിന്നില്‍ മുറിവുണ്ടായിരുന്നു, ഇതില്‍ രക്തവും വാര്‍ന്നിട്ടുണ്ട്. നെഞ്ച് വേദന അനുഭവപ്പെട്ടാണ് ജസ്റ്റിസ് ലോയയെ ആശുപത്രിയിലെത്തിക്കുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ കാര്‍ഡിയാക് രോഗിയെ നേരെ കൊണ്ടുപോയത് ഓര്‍ത്തോ ആശുപത്രിയിലാണെന്നതാണ് അത്ഭുതകരം. ഇവിടെ ഏതാനും മണിക്കൂറുകള്‍ കാത്തുനിന്ന ശേഷമാണ് കാര്‍ഡിയോ ആശുപത്രിയിലേക്ക് മാറ്റുന്നത്. ഇവിടെ എത്തുന്നതിന് 12 മിനിറ്റ് മുന്‍പ് മരിച്ചെന്നാണ് ആശുപത്രി റിപ്പോര്‍ട്ട്. പക്ഷെ അവിടെയും കള്ളക്കളി നടന്നതായി ഇവരുടെ ബില്‍ തെളിവ് നല്‍കി. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് മരിച്ച വ്യക്തിയില്‍ ന്യൂറോസര്‍ജറി നടത്തിയെന്നാണ് ബില്‍ പറയുന്നത്. ഒരു മൃതദേഹത്തിന് ഇത് നടത്തിയെങ്കില്‍ തെളിവ് നശിപ്പിക്കല്‍ തന്നെയാണ് ഉദ്ദേശം. മഹാരാഷ്ട്രയിലെ നിയമം അനുസരിച്ച് പോസ്റ്റ്‌മോര്‍ട്ടങ്ങള്‍ വീഡിയോ, ഫോട്ടോഗ്രാഫി ചെയ്യും. അത്ഭുതമെന്ന് പറയട്ടെ ജസ്റ്റിസ് ലോയയുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഈ ചട്ടം പാലിച്ചില്ല', താക്ലെ വ്യക്തമാക്കി. 

ദുരൂഹതയുടെ ഒരു നീണ്ടനിരയാണ് ജസ്റ്റിസ് ലോയയുടെ മരണത്തിന് ശേഷമുണ്ടായ നടപടികള്‍ തുറന്നിട്ടത്. എന്നാല്‍ ലോയ കേസില്‍ ജോലി ചെയ്തിരുന്ന മാധ്യമങ്ങള്‍ പോലും തന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചു. ഇതോടെ ഇവിടെ നിന്നും രാജിവെച്ചിറങ്ങി. പിന്നീട് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനുള്ള ധൈര്യം കാണിച്ചില്ല. ഒടുവില്‍ കാരവന്‍ ഇത് പ്രസിദ്ധീകരിക്കാന്‍ സമ്മതിച്ചു. പക്ഷെ ഇതിന് ശേഷം ഒരു കേസ് പോലും തങ്ങള്‍ക്കെതിരെ വന്നിട്ടില്ല. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ടെന്നതിന് തെളിവാണിത്. ഇതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും സാധിച്ചിട്ടില്ലെന്നത് ആധികാരികതയെ ഉയര്‍ത്തിക്കാണിക്കുന്നുവെന്നും താക്ലെ വ്യക്തമാക്കുന്നു. 

പശു അമ്മയാണെന്ന് പറയുന്നതില്‍ ബജ്‌രംഗ്ദള്‍ പോലുള്ള തീവ്ര സംഘടനകള്‍ കാണിക്കുന്ന ഇരട്ടത്താപ്പിനെയും താക്ലെ പൊളിച്ചടുക്കുന്നു. 'പശു അമ്മയാണെന്ന് പറയുന്നു. പഠിച്ച വ്യക്തിയെന്ന നിലയില്‍ പശുവില്‍ നിന്നും പാല്‍ നമ്മള്‍ പിടിച്ചെടുക്കുകയാണ് ചെയ്യുന്നത്. പശുവിനെ ചൂഷണം ചെയ്ത ശേഷമാണ് ഈ അമ്മയെന്ന വിളി. ചാണകത്തിന് ആണവ വികരണങ്ങള്‍ ചെറുക്കാന്‍ കഴിയുമെന്ന് ആര്‍എസ്എസുമായി ബന്ധപ്പെട്ട സംഘങ്ങള്‍ അവകാശപ്പെടുന്നു. ആവശ്യമെങ്കില്‍ ക്യാന്‍സറില്‍ നിന്ന് വരെ മോചിപ്പിക്കുമത്രേ. ഇതൊന്നും പോരാതെ ഗോമൂത്രത്തില്‍ സ്വര്‍ണ്ണം ഉണ്ടെന്നാണ് മറ്റ് ചിലരുടെ കണ്ടെത്തല്‍. ശമ്പളകമ്മീഷന്‍ വേതനം വര്‍ദ്ധിപ്പിക്കുന്നതിന് പകരം ഗോമൂത്രം നല്‍കിയാല്‍ മതിയാകും', താക്ലെ വ്യക്തമാക്കി. 

പ്രധാനമന്ത്രി പറയുന്നു ഗണപതിയെ പ്ലാസ്റ്റിക് സര്‍ജറി ചെയ്തതാണെന്ന്, ശാസ്ത്രം അത്രയ്‌ക്കൊക്കെ പുരോഗമിച്ചു. ഇതിനെ ചോദ്യം ചെയ്താല്‍ ദൈവവിരുദ്ധനെന്ന് വിളിക്കും. പക്ഷെ ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല, ദൈവത്തെ കാണിക്കാന്‍ ആവശ്യപ്പെട്ടാല്‍ ദൈവവിരുദ്ധനായി മാറും. ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് ഇതിലേറെ തമാശയാണ് പങ്കുവെച്ചത്. 'രാവണന് 24 എയര്‍പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെന്നാണ് പ്രഖ്യാപിക്കപ്പെട്ടത്. എങ്കില്‍ എന്തിനാണ് രാമന് കുരങ്ങന്‍മാരുടെ സഹായത്തോടെ ലങ്കയിലേക്ക് പാലം നിര്‍മ്മിക്കേണ്ടി വന്നത്. അപ്പോള്‍ ആരാണ് കൂടുതല്‍ പുരോഗമിച്ചത്. ഇതൊക്കെ നാട്ടില്‍ വെച്ച് പറഞ്ഞാല്‍ ഭീഷണിയും തെറിവിളിയുമാണ്', താക്ലെ പറയുന്നു. 

പശുക്കളെ സംരക്ഷിക്കുന്നത് ബജ്‌രംഗ്ദള്‍ പോലുള്ള സംഘനകള്‍ക്ക് ബിസിനസ്സ് രീതിയാണ്. പശുവിനെ വാങ്ങാനെന്ന വ്യാജേന താന്‍ നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് ഈ വിവരങ്ങള്‍ താക്ലെ തിരിച്ചറിയുന്നത്. 'പശുവിനെ വാങ്ങുന്നയാള്‍ മാസം എടുത്ത് കഴിഞ്ഞാല്‍ തൊലി ഇവര്‍ക്ക് സൗജന്യമായി നല്‍കണം. ഇത് നിങ്ങള്‍ക്ക് അനുവാദമില്ലാത്തതല്ലേ എന്ന് ചോദിച്ചപ്പോള്‍ തൊലിയെ ആദരിക്കണോ, സമ്പത്തിന്റെ ദേവതയായ ലക്ഷ്മിയെ ആരാധിക്കണോ എന്നാണ് അയാള്‍ മറുചോദ്യം ഉന്നയിച്ചത്', താക്ലെയോട് ബജ്‌രംഗ്ദള്‍ നേതാവായ പശു കച്ചവടക്കാരന്‍ വ്യക്തമാക്കി. 

ആളുകളെ കൊല്ലുന്നത് ഭയം ജനിപ്പിക്കാനാണ്, ഇത് തുടര്‍ന്നു കൊണ്ടേയിരിക്കും, അയാള്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ആ വാക്കുകള്‍ സത്യമാണെന്ന് താക്ലെ തന്റെ അനുഭവങ്ങളില്‍ നിന്നും പറയുന്നു. ഇതൊരു ബിസിനസ്സ് മോഡലാണ്, ഭക്തിയെന്ന വ്യാജേന ഭയമാണ് ഇവിടെ വില്‍ക്കുന്നത്, ഇന്ത്യയില്‍ പത്രസമ്മേളനം നടത്താന്‍ കഴിയാതെ ലണ്ടനില്‍ എത്തിയ താക്ലെയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നു. 

ജസ്റ്റിസ് ലോയയുടെ മരണത്തിലെ സത്യങ്ങള്‍ പുറത്തെത്തിച്ച മാധ്യമപ്രവര്‍ത്തകന്റെ വാക്കുകളെ ഇന്ത്യാ സര്‍ക്കാര്‍ ഭയക്കുന്നത് കൊണ്ടാണ് രാജ്യത്ത് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെയാണ് യുകെയില്‍ എത്തി ഈ ഞെട്ടിക്കുന്ന സത്യങ്ങള്‍ താക്ലെ പങ്കുവെച്ചത്. ഗ്ലോബല്‍ ഇന്ത്യന്‍സ് ഫോറം സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ ജിജി സ്വാഗതം ആശംസിച്ചു, മനീഷ മഗന്‍ജി മോഡറേറ്ററായിരുന്നു. പത്രസമ്മേളനം ലൈവായി പ്രദര്‍ശിപ്പിച്ച ഗര്‍ഷോം ടിവി രാജ്യത്തെ ചില സ്ഥലങ്ങളില്‍ ബ്ലോക്ക് ചെയ്തതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഫേസ്ബുക്ക് ലൈവും തടസ്സപ്പെട്ടു. 




കൂടുതല്‍വാര്‍ത്തകള്‍.