CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 26 Seconds Ago
Breaking Now

അജിത് ഡോവലിന്റെ മകന്‍ ഡയറക്ടറായ കമ്പനിയുടെ പേരില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 8300 കോടി രൂപയുടെ വിദേശ നിക്ഷേപമുണ്ടായെന്ന് ആരോപണം

കഴിഞ്ഞ 17 വര്‍ഷത്തിനിടയില്‍ വിദേശനിക്ഷേപമായി വന്ന അത്രയും തുക ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെത്തിയതെങ്ങനെയെന്ന് ജയറാം രമേഷ് ചോദിച്ചു

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ഡയറക്ടറായ കമ്പനിയുടെ പേരില്‍ ഒരുവര്‍ഷത്തിനുള്ളില്‍ 8300 കോടി രൂപയുടെ വിദേശനിക്ഷേപമുണ്ടായെന്ന് ആരോപണം. ഡോവലിന്റെ മകന്‍ വിവേക് ഡയറക്ടറായ കമ്പനിക്കെതിരെ കോണ്‍ഗ്രസ് ആണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച് 13 ദിവസത്തിനുള്ളില്‍ കേമെന്‍ ദ്വീപില്‍ രൂപവത്കരിച്ച കമ്പനിയുടെ പേരിലാണ് ഇത്രയും വലിയ തുകയുടെ നിക്ഷേപമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ 17 വര്‍ഷത്തിനിടയില്‍ വിദേശനിക്ഷേപമായി വന്ന അത്രയും തുക ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെത്തിയതെങ്ങനെയെന്ന് ജയറാം രമേഷ് ചോദിച്ചു. കമ്പനിക്ക് രണ്ടു ഡയറക്ടര്‍മാരുണ്ട്. ഒന്ന്, അജിത് ഡോവലിന്റെ മകന്‍ വിവേക് ഡോവല്‍. ഡോണ്‍ ഡബ്ല്യു. ഇബാങ്ക്‌സ് എന്ന പേരിലാണ് രണ്ടാം ഡയറക്ടര്‍. ഇതാരാണെന്നു വ്യക്തമാക്കണം. ഇയാളുടെപേര് നികുതിവെട്ടിപ്പു നടത്തിയവരെക്കുറിച്ചു വെളിപ്പെടുത്തലുള്ള പാനമ രേഖകളിലുമുണ്ടെന്നും ജയറാം രമേഷ് പറഞ്ഞു.

ഡോവലിന്റെ മകന്‍ വിവേക് ഡയറക്ടറായ കമ്പനിയുടെ ഇടപാടുകളെക്കുറിച്ച് 'ദി കാരവന്‍' മാസിക കഴിഞ്ഞദിവസം വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. നികുതിവെട്ടിപ്പുകാര്‍ പണം നിക്ഷേപിക്കുന്ന സ്ഥലമാണ് കരീബിയന്‍ കടലിലെ കേമെന്‍ ദ്വീപ്. പ്രധാനമന്ത്രി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച് 13 ദിവസത്തിന് ശേഷമാണ് ജി.എന്‍.വൈ. ഏഷ്യ എന്ന പേരില്‍ കമ്പനി രൂപവത്കരിച്ചത്. നാലാം മാസം മുതല്‍ ഈ കമ്പനിയില്‍നിന്ന് ഇന്ത്യയിലേക്ക് വിദേശനിക്ഷേപം വരാന്‍ തുടങ്ങി. 2017 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെയുള്ള കാലയളവില്‍ നേരിട്ടുള്ള വിദേശനിക്ഷേപമായി കേമെന്‍ ദ്വീപില്‍ നിന്നെത്തിയത് 8300 കോടി രൂപയാണെന്ന് റിസര്‍വ് ബാങ്ക് രേഖകള്‍ വ്യക്തമാക്കുന്നു. ഈ തുകയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഡോവലിന്റെ മറ്റൊരു മകന്‍ ശൗര്യയുടെ പേരില്‍ സിയൂസ് എന്ന പേരില്‍ കമ്പനിയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ജി.എന്‍.വൈ. ഏഷ്യയും സിയൂസും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നു സര്‍ക്കാര്‍ വിശദീകരിക്കണം, കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.




കൂടുതല്‍വാര്‍ത്തകള്‍.