കത്തിക്കുത്തേറ്റ് കുടല്‍മാല പുറത്തുചാടിയ ആള് ജീവനു വേണ്ടി പിടയ്ക്കുമ്പോള്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ആള്‍ക്കൂട്ടം. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് സംഭവം. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഖൈലയിലായിരുന്നു സംഭവം. കത്തിക്കുത്ത് നടക്കുമ്പോള്‍ സംഭവത്തില്‍ ഇടപെടാതെ അയല്‍വാസികള്‍ നോക്കി നില്‍ക്കുകയും ചിലര്‍ മൊബൈലില്‍ പകര്‍ത്തുകയുമായിരുന്നു.
ചെറിയ കാര്യത്തിന് അയല്‍ക്കാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ആക്രമണത്തിനിടെ 35 കാരി സുനിത കൊല്ലപ്പെട്ടു. സുനിതയുടെ ഭര്‍ത്താവ് വീരു, ഇവരുടെ മകന് ആകാശ് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അയല്‍വാസിയായ മുഹമ്മദ് ആസാദാണ് ആക്രമിച്ചത്. ആസാദും സുനിതയും നാലുദിവസം മുമ്പുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിലെത്തിയത്.
സുനിതയുടെ മകള്‍ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ഇട്ട കുപ്പി റോഡില്‍ നിന്ന ആസാദിന്റെ ശരീരത്തില്‍ വീണതാണ് കാരണം. ഇതിന്റെ പേരില്‍ വാക്കേറ്റമുണ്ടായി. ആക്രമണത്തിന് ശേഷം ചോര പുരണ്ട കത്തിയുമായി ആസാദ് സ്റ്റേഷനില്‍ കീഴടങ്ങി .