CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 59 Minutes 34 Seconds Ago
Breaking Now

മാന്ദാമംഗലം പള്ളിയില്‍ യാക്കോബായ ഓര്‍ത്തഡോക്‌സ് സംഘര്‍ഷം ; മെത്രോപ്പൊലീത്ത ഉള്‍പ്പെടെ 22 പേര്‍ക്ക് പരിക്ക്

അഞ്ചു വൈദികര്‍ ഉള്‍പ്പെടെ 28 പേരെ അറസ്റ്റ് ചെയ്തു.

തൃശൂര്‍ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ യാക്കോബായ ഓര്‍ത്തഡോക്‌സ് സംഘര്‍ഷം. കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്ക്. പള്ളിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. രാത്രി പതിനൊന്നു മണിയോടെ അരങ്ങേറിയ ഏറ്റുമുട്ടലില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയോസ് ഉള്‍പ്പെടെ 22 പേര്‍ക്കു പരുക്കേറ്റു. അഞ്ചു വൈദികര്‍ ഉള്‍പ്പെടെ 28 പേരെ അറസ്റ്റ് ചെയ്തു.

ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പ്രാര്‍ഥന സ്വാതന്ത്ര്യം നിഷേധിച്ചെന്നാരോപിച്ച് ബുധനാഴ്ച ഭദ്രാസനാധിപന്റെ നേതൃത്വത്തില്‍ പള്ളിക്കു പുറത്ത് കുത്തിയിരിപ്പ് സമരം തുടങ്ങിയിരുന്നു. യാക്കോബായ വിഭാഗം പള്ളിക്കകത്ത് പ്രാര്‍ഥനാ സമരവും നടത്തുന്നുണ്ട്. ഇതിനിടെയാണ് രാത്രി ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയത്. ഒരു വിഭാഗം വിശ്വാസികള്‍ ഗേറ്റ് തുറന്നതിന് പിന്നാലെ പള്ളിയില്‍ നിന്നും കല്ലേറ് ഉണ്ടാവുകയായിരുന്നു. പിന്നാലെ തിരിച്ചും കല്ലേറുണ്ടായി. വ്യാഴാഴ്ച രാത്രി ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ പള്ളിക്കുള്ളിലേക്ക് കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമെന്നും ഇതര ജില്ലകളില്‍ നിന്നുള്ളവരാണ് പള്ളി ആക്രമിച്ചതെന്നും യാക്കോബായ വിഭാഗം ആരോപിച്ചു. അതേസമയം, യാക്കോബായ വിഭാഗം സമരപന്തല്‍ പൊളിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആരോപണം.

സമരത്തിന് നേതൃത്വം കൊടുത്തിരുന്ന ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാനോന്‍ മാര്‍ മിലിത്തിയോസിനും പരുക്കേറ്റു. കല്ലേറില്‍ പരുക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിലും തൃശൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോടതി ഉത്തരവുണ്ടായിട്ടും സുരക്ഷ നല്‍കാതിരുന്ന പൊലീസാണ് ഈ സംഘര്‍ഷത്തിന്റെ ഉത്തരവാദിയെന്ന് യൂഹന്നാന്‍മാര്‍ മിലിത്തിയോസ് ആരോപിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.