അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സെല്‍ഫിയെടുക്കുന്നതിനിടെ കൊക്കയില്‍ വീണ് മരിച്ച മലയാളി ദമ്പതികള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഒക്ടോബര്‍ 26 നാണ് തലശേരി കതീരൂര്‍ വിഷ്ണു (29), മീനാക്ഷി(29) എന്നിവര്‍ മരിച്ചത്. ട്രക്കിങ്ങിനിടെ പര്‍വ്വത നിരയില്‍ നിന്നും സെല്‍ഫിയെടുക്കവേ തെന്നിവീണാണ് അപകടമെന്ന് ബന്ധുക്കള്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട്. യോസാമിറ്റി നാഷണല്‍ പാര്‍ക്കില്‍ ട്രക്കിങ്ങിന് എത്തിയതായിരുന്നു ദമ്പതികള്‍ 3500 അടി ഉയരത്തില്‍ നിന്നാണ് ഇരുവരും വീണത്.
മരണത്തിന് മുമ്പ് ഇരുവരും എത്തില് ആല്‍ക്കഹോള്‍ അംശം അടങ്ങിയ മദ്യം കഴിച്ചിരുന്നു, തലയ്ക്ക് ഏറ്റ പരിക്കാണ് ഇരുവരുടേയും മരണ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ എത്രമാത്രം അളവിലാണ് മദ്യപിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല.
കൊക്കയിലേക്ക് വീണ ശേഷം കീശയില്‍ നിന്ന് ലഭിച്ച ലൈസന്‍സും ഐഡന്റിറ്റി കാര്‍ഡും കണ്ടാണ് ഇരുവരേയും തിരിച്ചറിഞ്ഞത്. വിഷ്ണു കാലിഫോര്‍ണിയയിലെ സിഡ്കോ സോഫ്റ്റ്വെയര് കമ്പനി എഞ്ചിനീയറായിരുന്നു. ഓഫീസില്‍ എത്താത്തതോടെ സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിഞ്ഞത്. കതിരൂര്‍ ശ്രേയസ് ഹോസ്പിറ്റലിലെ ഡോ എംവി വിശ്വനാഥ് ഡോ സി സുഹാസിനി ദമ്പതികളുടെ മകനാണ് വിഷ്ണു. സഹോദരന് ജിഷ്ണു. കോട്ടയം യൂണിന് ക്ലബിന് സമീപം രാമമൂര്‍ത്തി ചിത്ര ദമ്പതികളുടെ മകളാണ് മീനാക്ഷി. ഇരുവരും ചെങ്ങന്നൂരിലെ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിങ് കോളേജില്‍ സഹപാഠികളായിരുന്നു .