മാഞ്ചസ്റ്റര്‍: യുക്മ നാഷണല്‍ കമ്മിറ്റി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും യുക്മയുടെ നാഷണല്‍, റീജിയണല്‍ കമ്മിറ്റികളുടേയും അംഗ അസോസിയേഷനുകളുടെയും പ്രവര്‍ത്തനത്തിനായി ഫണ്ട് ശേഖരിക്കുന്നതിന്റെ ഭാഗമായി നടത്തിയ ക്രിസ്തുമസ് പുതുവത്സര സമ്മാന പദ്ധതിയുടെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ ടൊയോട്ടാ ഐഗോ കാര്‍ സമ്മാനമായി ലഭിച്ചത് യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയനിലെ തൃശ്ശൂര്‍ സ്വദേശിയായ സി.എസ് മിത്രന്.
ബര്‍മിംഗ്ഹാമില്‍ താമസിക്കുന്ന മിത്രന്‍ ലണ്ടനില്‍ ബിസിനസ്സ് നടത്തി വരികയാണ്. സിനിമയില്‍ ഏറെ താത്പര്യമുള്ള ഇദ്ദേഹം സ്വന്തം സിനിമാ കമ്പനിയായ നിര്‍മ്മാല്യത്തിന്റെ ബാനറില്‍ മലയാളത്തിലും തമിഴിലും സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ ഡോ. രജനിയാണ് ഭാര്യ. യു.കെ ഹെല്‍ത്ത് സയന്‍സില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി കരസ്ഥമാക്കിയിട്ടുള്ള രജനി ഒരു നൃത്ത കലാകാരി കൂടിയാണ്. കാലിക്കറ്റ് മെഡിഫെസ്റ്റില്‍ കലാതിലക പട്ടം നേടിയിട്ടുള്ള രജനി പത്തു വര്‍ഷമായി യു.കെയില്‍ ദൃശ്യ ഭാരതി സ്‌കൂള്‍ ഓഫ് ഡാന്‍സ് നടത്തി വരികയാണ്. ഏക മകള്‍ ജ്യോതിക എ ലെവല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. ജ്യോതിക രണ്ട് തവണ യുക്മ റീജണല്‍ കലോത്സവത്തില്‍ കലാതികമായിരുന്നു. കൂടാതെ നാഷണല്‍ കലോത്സവത്തിലും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
ഭാഗ്യ ദേവത യോര്‍ക്ഷയര്‍ ഹംബര്‍ റീജിയണില്‍ ഇത്തവണയും സമ്മാനവുമായി എത്തി.
കഴിഞ്ഞ വര്‍ഷം യുക്മ യുഗ്രാന്റിന്റെ ആദ്യത്തെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായിരുന്നുവെങ്കില്‍ ഇത്തവണ അത് രണ്ടും അഞ്ചും സമ്മാനങ്ങളുമായിട്ടാണെന്ന് മാത്രം. യു ഗ്രാന്‍ഡ് രണ്ടാം സമ്മാനമായ പതിനാറ് ഗ്രാം സ്വര്‍ണ്ണത്തിനു അര്‍ഹരായത് ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷനിലെ അംഗങ്ങളായ ഷിറാസ് തന്‍വി ദമ്പതികളാണ്. ബ്രാഡ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ ഷിറാസ് ഹസ്സല്‍ 2007 മുതല്‍ ഐ ടി മേഖലയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലിചെയ്യുന്നു. മികച്ച ബാഡ്മിന്റണ്‍ കളിക്കാരനായ അദ്ദേഹം ഈ മാസം ഷെഫീഡില്‍ വെച്ച് നടത്തിയ യുക്മ ബാഡ്മിന്റണ്‍ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ തന്‍വി സൈനബ് എഛ് ആര്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ഉദ്യോഗസ്ഥയാണ്. കഴിഞ്ഞ തവണ ഒന്നാം സമ്മാനം നേടിയതും ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷനിലെ അംഗമായ സിബിക്കും കുടുംബത്തിനുമായിരുന്നു.
മൂന്നാം സമ്മാനം ഈസ്റ്റ് ആംഗ്ലിയ റീജിയനിലേക്ക്...
യുക്മ ജാല മാഗസിന്റെ ചീഫ് എഡിറ്ററും എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റുമായ ശ്രീ.റെജി നന്തിക്കാട്ടിനാണ് യുക്മ യു ഗ്രാന്റ് നറുക്കെടുപ്പിലൂടെ 8 ഗ്രാം സ്വര്‍ണം ലഭിച്ചത്. 2006 ല്‍ യുകെയിലെത്തിയ കോട്ടയം സ്വദേശിയായ റെജി നന്തിക്കാട്ട് ഭാര്യ തനൂജ റെജി, മകന്‍ ജെറിന്‍ റെജി, മരുമകള്‍ ലീന ജെറിന്‍ എന്നിവരൊന്നിച്ച് ഈസ്റ്റ് ആഗ്ലി റീജിയനിലെ എന്‍ഫീല്‍ഡിലാണ് താമസിക്കുന്നത്.
നാലാം സമ്മാനം സൗത്ത് വെസ്റ്റ് റീജിയനില്‍...
യു ഗ്രാന്റ് നറുക്കെടുപ്പിലൂടെ നാലാം സമ്മാനമായ 4 ഗ്രാം സ്വര്‍ണ്ണം ലഭിച്ചത് സാലിസ്ബറിയിലെ ജിനോ ജോസിനാണ്.
യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ സാലിസ്ബറി മലയാളി അസ്സോസിയേഷന്‍ സജീവാംഗമായ ജിനോ ജോസ് കോതമംഗലം സ്വദേശിയാണ്. ഭാര്യക്കും മൂന്നു മക്കള്‍ക്കുമൊപ്പം സാലിസ്ബറിയില്‍ താമസമാക്കിയിട്ടുള്ള ജിനോ മികച്ചൊരു ഫിസിയോതെറാപ്പിസ്റ്റ് കൂടിയാണ്. നിലവില്‍ അമേരിക്കയിലാണ് ജോലി നോക്കുന്നത്. അവധിക്ക് സാലിസ്ബറിയിലെത്തിയ ജിനോ സാലിസ്ബറി മലയാളി അസ്സോസിയേഷന്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷത്തിനിടെയാണ് യു ഗ്രാന്റ് ടിക്കറ്റ് കരസ്ഥമാക്കിയത്. കുട്ടികളായ അലീനാ, ആഡ്രിയാ, ആബേല്‍ എന്നിവര്‍ യുക്മ കലമേളകളിലെ നിറസാന്നിധ്യമാണ്.
ലീഡ്‌സിലൂടെ രണ്ടാമത്തെ സമ്മാനം യോര്‍ക് ഷെയര്‍ ആന്‍ഡ് ഹംപര്‍ റീജിയനിലേക്ക്...
ലീഡ്‌സ് സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ ലാബില്‍ ജോലിചെയ്യുന്ന ജേക്കബ് സിനി ദമ്പതികള്‍ക്കാണ് അഞ്ചാം സമ്മാനമായ രണ്ടു ഗ്രാം സ്വര്‍ണ്ണം ലഭിച്ചത്. മകള്‍ ജാസ്മിന്റെ പേരില്‍ ജേക്കബ് എടുത്ത ടിക്കറ്റിനു അഞ്ചാം സമ്മാനം ലഭിച്ചുകൊണ്ടായിരുന്നു യുക്മ യു ഗ്രാന്‍ഡ് നറുക്കെടുപ്പ് ആരംഭിച്ചതുതന്നെ. യുക്മ റീജിയണല്‍ ഡ്രോയിങ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയിട്ടുള്ള ജേക്കബ് ലീഡ്‌സ് ഗ്ലാഡിയേറ്റര്‍ ക്രിക്കറ് ടീം ക്യാപ്റ്റനും ലീഡ്‌സില്‍ നിന്നുള്ള യുക്മ പ്രതിനിധിയുമാണ്. ഭാര്യ സിനി നഴ്‌സ് ആയി ജോലി ചെയ്യുന്നു. കഴിഞ്ഞ തവണത്തെ നറുക്കെടുപ്പിലും ലീഡ്‌സ് മലയാളി അസോസിയേഷനില്‍ നിന്നുള്ള അംഗത്തിന് പ്രോത്സാഹന സമ്മാനം ലഭിച്ചിരുന്നു.
യുക്മ യുഗ്രാന്റ് ബംപര്‍ നറുക്കെടുപ്പ് യു കെ മലയാളികള്‍ക്കായി യുക്മയുടെ ക്രിസ്തുമസ് പുതുവത്സര സമ്മാനമായിരുന്നു. യു ഗ്രാന്റ് വിജയികള്‍ക്ക് യുക്മയുടെ അഭിനന്ദനങ്ങള്‍... വിജയികള്‍ക്ക് എല്ലാവര്‍ക്കും സൗകര്യപ്രദമായ ഏറ്റവും അടുത്ത ദിവസം സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്.
യു ഗ്രാന്റ് സമ്മാന പദ്ധതിയുടെ വിജയത്തിനായി സഹകരിച്ച യുക്മ നാഷണല്‍ റീജിയണല്‍ കമ്മിറ്റികളോടും, അംഗ അസോസിയേഷനുകളോടും യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, യുക്മ യുഗ്രാന്റിന്റെ ചുമതല വഹിച്ച നാഷണല്‍ ട്രഷറര്‍ അലക്‌സ് വര്‍ഗ്ഗീസ്, ജോയിന്റ് ട്രഷറര്‍ ജയകുമാര്‍ നായര്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തി.