Breaking Now

കാര്‍ഡിഫ് സിറ്റി താരം എമിലിയാനോ സാല യാത്ര ചെയ്ത തകര്‍ന്ന വിമാനത്തില്‍ നിന്നും ഒരു മൃതദേഹം കണ്ടെത്തി കരയ്‌ക്കെത്തിച്ച് രക്ഷാപ്രവര്‍ത്തകര്‍; മൃതദേഹം ഫുട്‌ബോളറുടേതാണോ, പൈലറ്റിന്റേതോ എന്ന് ഉറപ്പിക്കാന്‍ കഴിയാതെ അന്വേഷണ ഉദ്യോഗസ്ഥര്‍; വിമാനം കടലിന്റെ അടിത്തട്ടില്‍ ഉപേക്ഷിക്കും

രക്ഷാപ്രവര്‍ത്തനം നടത്താന്‍ അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസി ഉള്‍പ്പെടെയുള്ള ഫുട്‌ബോള്‍ താരങ്ങള്‍ സംഭാവന നല്‍കിയിരുന്നു

കടലില്‍ തകര്‍ന്നുവീണ കാര്‍ഡിഫ് സിറ്റി താരം എമിലിയാനോ സാല സഞ്ചരിച്ച വിമാനത്തില്‍ നിന്നും ഒരു മൃതദേഹം കണ്ടെത്തി കരയ്‌ക്കെത്തിച്ച് രക്ഷാപ്രവര്‍ത്തകര്‍. ഇംഗ്ലീഷ് ചാനലില്‍ തകര്‍ന്ന വിമാനത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസി ഉള്‍പ്പെടെയുള്ള ഫുട്‌ബോള്‍ താരങ്ങള്‍ സംഭാവന നല്‍കിയിരുന്നു. ഫ്രാന്‍സിലെ നാന്റെസില്‍ നിന്നും കാര്‍ഡിഫിലേക്ക് ജനുവരി 21ന് നടത്തിയ യാത്രക്കിടെയാണ് വിമാനം കാണാതായത്. കാര്‍ഡിഫ് സിറ്റി ക്ലബിലേക്ക് 15 മില്ല്യണ്‍ പൗണ്ടിന് കരാര്‍ ഒപ്പുവെച്ച സാല ക്ലബിനൊപ്പം ചേരാനാണ് പൈലറ്റ് ഡേവിഡ് ഇബോട്‌സണ്‍ പറത്തിയ ചെറുവിമാനത്തില്‍ യാത്ര ചെയ്തത്. 

കണ്ടെത്തിയ മൃതദേഹം അര്‍ജന്റീനക്കാരന്‍ ഫുട്‌ബോള്‍ താരത്തിന്റേതാണോ, പൈലറ്റ് ഇബോട്‌സന്റേതാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായി ഡോര്‍സെറ്റ് പോര്‍ട്‌ലാന്‍ഡില്‍ സമ്പൂര്‍ണ്ണ പരിശോധന നടത്തും. റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിള്‍സ് ഉപയോഗിച്ചാണ് ദുര്‍ഘടമായ സാഹചര്യത്തിലും വെള്ളത്തില്‍ നിന്നും മൃതദേഹം വീണ്ടെടുത്തത്. പറ്റാവുന്ന എല്ലാ മാന്യതയോടെയുമാണ് ഇത് ചെയ്തതെന്ന് എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് പ്രതികരിച്ചു. വെള്ളത്തില്‍ 200 അടി താഴെയാണ് പൈപ്പര്‍ മാലിബു വിമാനം കിടക്കുന്നത്. മോശം കാലാവസ്ഥ മൂലം ഇത് വീണ്ടെടുക്കാന്‍ സാധിക്കുന്നില്ല. 

ആര്‍ഒവി ഉപയോഗിച്ചുള്ള ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് മൃതദേഹം വീണ്ടെടുക്കാന്‍ തീരുമാനിച്ചതെന്ന് എഎഐബി പറയുന്നു. സാഹചര്യങ്ങള്‍ പ്രതികൂലമായിരുന്നിട്ടും സ്‌പെഷ്യലിസ്റ്റ് കോണ്‍ട്രാക്ടര്‍മാര്‍ വിജയകരമായി മൃതദേഹം വീണ്ടെടുത്തു. കുടുംബാംഗങ്ങളെ പദ്ധതിയെക്കുറിച്ച് സമയാസമയങ്ങളില്‍ അറിയിച്ചതായും എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് വ്യക്തമാക്കി. വിമാന അവശിഷ്ടങ്ങള്‍ വീണ്ടെടുക്കുന്നത് ബുദ്ധിമുട്ടായതിനാല്‍ ഈ പദ്ധതി ഉപേക്ഷിച്ച് ആര്‍ഒവികള്‍ ഷിപ്പിലേക്ക് മടങ്ങി. കാലാവസ്ഥ അടുത്തൊന്നും മെച്ചപ്പെടില്ലെന്നതിനാല്‍ ഓപ്പറേഷന്‍ അവസാനിപ്പിച്ചതായും എഎഐബി വ്യക്തമാക്കി. മൃതദേഹം ഡോര്‍സെറ്റ് കൊറോണറുടെ കെയറിലേക്ക് മാറ്റിയിട്ടുണ്ട്. 

വിമാനത്തില്‍ സഞ്ചരിച്ചവര്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലാത്തതിനാല്‍ തിരച്ചില്‍ അവസാനിപ്പിക്കുകയാണെന്ന് ജനുവരി 24ന് ഗേണ്‍സീസ് ഹാര്‍ബര്‍ മിനിസ്റ്റര്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ഷിപ്‌റെക്ക് ഹണ്ടര്‍ എന്നറിയപ്പെടുന്ന ഓഷ്യന്‍ ശാസ്ത്രജ്ഞന്‍ ഡേവിഡ് മീണ്‍സിന്റെ നേതൃത്വത്തില്‍ ഒരു ടീമിനെ തെരച്ചിലിനായി നിയോഗിച്ചത്. സ്‌പെഷ്യലിസ്റ്റ് റോബോട്ടിക് സബ്മറൈനുകള്‍ ഉപയോഗിച്ച് ഞായറാഴ്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.