Breaking Now

വേലി തന്നെ വിളവ് തിന്നാല്‍! മരിച്ചുപോയ രോഗിയെ ചികിത്സിച്ചതിനും ബില്‍; ആശുപത്രിയിലെ സുപ്രധാന ഉപകരണങ്ങള്‍ മോഷ്ടിക്കുക; ചാരിറ്റി ഫണ്ടില്‍ വരെ കൈയിട്ട് വാരുക; എന്‍എച്ച്എസില്‍ നിന്നും 1.25 ബില്ല്യണ്‍ പൗണ്ട് അടിച്ചുമാറ്റിയ പട്ടികയില്‍ നഴ്‌സുമാര്‍ മുതല്‍ ഡോക്ടര്‍മാരും, രോഗികളും വരെ; തട്ടിപ്പ് പിടിക്കപ്പെട്ടാല്‍ കമ്പിയെണ്ണാം

40,000 നഴ്‌സുമാര്‍ക്ക് ശമ്പളം നല്‍കാനോ 5000 ആംബുലന്‍സ് വാങ്ങിക്കാനോ കഴിയുന്ന തുക കവരുന്നുവെന്നതാണ് ഞെട്ടിക്കുന്ന അവസ്ഥ!

പൊതുജനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യസേവന രംഗമാണ് ബ്രിട്ടന്റെ എന്‍എച്ച്എസ്. ഇവിടെ ജോലി ചെയ്യുന്നത് 1.5 മില്ല്യണ്‍ പേരും. ഇവരില്‍ ഭൂരിപക്ഷവും ന്യൂനതകള്‍ക്ക് ഇടയിലും ആത്മാര്‍ത്ഥമായ സേവനം കാഴ്ചവെയ്ക്കുന്നു. പക്ഷെ ഇത്രയും വലിയ സ്ഥാപനത്തില്‍ ചൂഷണം നടത്താനും, മോഷണം വരെ നടത്താനുമുള്ള അവസരങ്ങളും ഏറെയാണ്. പ്രതിവര്‍ഷം എന്‍എച്ച്എസില്‍ നിന്നും മോഷ്ടിക്കപ്പെടുന്നത് 1.25 ബില്ല്യണ്‍ പൗണ്ടാണെന്നാണ് കണക്കുകള്‍. അതായത് 40,000 നഴ്‌സുമാര്‍ക്ക് ശമ്പളം നല്‍കാനോ 5000 ആംബുലന്‍സ് വാങ്ങിക്കാനോ കഴിയുന്ന തുക എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നവരും, ചികിത്സ തേടിയെത്തുന്ന രോഗികളും കവരുന്നുവെന്നതാണ് ഞെട്ടിക്കുന്ന അവസ്ഥ!

പ്രിസ്‌ക്രിപ്ഷന്റെയും, ആനുകൂല്യങ്ങളുടെയും പേരിലാണ് രോഗികള്‍ വലിയ തോതില്‍ പണം കൈക്കലാക്കുന്നത്. ചില തട്ടിപ്പ് കോണ്‍ട്രാക്ടര്‍മാര്‍ തങ്ങളുടെ സപ്ലൈ വാങ്ങിപ്പിച്ചും എന്‍എച്ച്എസിനെ ചതിക്കുന്നു. ഇതിനെല്ലാം പുറമെയാണ് ജീവനക്കാര്‍ ആവശ്യമുള്ള പണം ചുളുവില്‍ അടിച്ചെടുക്കുന്നത്. ഫ്രോഡ് സ്‌ക്വാഡ് എന്‍എച്ച്എസ് എന്ന ബിബിസി പരിപാടിയാണ് നഴ്‌സുമാര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെയുള്ളവരുടെ തട്ടിപ്പുകള്‍ പുറത്തെത്തിക്കുന്നത്. ബര്‍മിംഗ്ഹാമില്‍ നിന്നുമുള്ള ഡെന്റല്‍ ഡോക്ടര്‍ ജോയ്‌സ് ട്രെയില്‍ മരിച്ച വ്യക്തികളെ വരെ ചികിത്സിച്ചെന്ന് കാണിച്ചാണ് 7000 ഇന്‍വോയ്‌സുകള്‍ സമര്‍പ്പിച്ചത്. ആഡംബര ജീവിതത്തിനായി വളഞ്ഞ വഴിയില്‍ പണമുണ്ടാക്കിയ ട്രെയില്‍ പിടിക്കപ്പെട്ടതോടെ 7 വര്‍ഷത്തെ ശിക്ഷ അനുഭവിക്കുകയാണ്. 

അയിര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഉപകരണം കാണാതെ പോയതോടെ ക്യാന്‍സര്‍ രോഗിയുടെ ഓപ്പറേഷന്‍ റദ്ദായി. ഇൗ സംശയത്തില്‍ നടത്തിയ അന്വേഷണത്തില്‍ പിടിയിലായത് ആശുപത്രിയിലെ ഡീകണ്ടാമിനേഷന്‍ യൂണിറ്റ് സൂപ്പര്‍വൈസര്‍ ഡാനിയല്‍ ഡ്രെഗ്‌ഹോണാണ്. 1.3 മില്ല്യണ്‍ പൗണ്ട് വിലയുള്ള 134 സെറ്റ് ഉപകരണങ്ങള്‍ അടിച്ചുമാറ്റി യുഎസിലെ കരിഞ്ചന്തയില്‍ വിറ്റ ഇയാള്‍ക്ക് നാല് വര്‍ഷത്തെ ശിക്ഷയാണ് ലഭിച്ചത്. എസെക്‌സിലെ ബേസിഡല്‍ഡണ്‍ & തുറോക്ക് ഹോസ്പിറ്റല്‍ ട്രസ്റ്റിന്റെ ഹെഡ് ക്ലിനിസിഷ്യനായിരുന്ന ജോണ്‍ മുള്ളോര്‍ഡും സംഘവും ചെയ്യാത്ത ജോലിക്ക് എന്‍എച്ച്എസില്‍ നിന്നും കവര്‍ന്നത് 430,000 പൗണ്ടാണ്. മൂന്ന് വര്‍ഷത്തെ ശിക്ഷയാണ് ഇയാള്‍ക്ക് ലഭിച്ചത്. 

നഴ്‌സ് പദവിയില്‍ നിന്നും സൗത്ത് ഡിവോണ്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവായി വളര്‍ന്ന പൗളാ വാസ്‌കോ നൈറ്റിന് പ്രതിവര്‍ഷ ശമ്പളം 165,000 പൗണ്ടായിരുന്നു. ഇതും പോരാഞ്ഞ് ഭര്‍ത്താവ് വഴി അനധികൃതമായി ഫണ്ട് അടിച്ചുമാറ്റിയ ഇവര്‍ക്ക് ജോലിയും പോയി, സസ്‌പെന്‍ഡഡ് ജയില്‍ശിക്ഷയും സിദ്ധിച്ചു. 
കൂടുതല്‍വാര്‍ത്തകള്‍.