Breaking Now

ഇന്ത്യക്കെതിരെ ലണ്ടനില്‍ പരിപാടി നടത്തി പാകിസ്ഥാന്‍; പൊളിച്ച് കൈയില്‍ കൊടുത്ത് ഇന്ത്യ; യുകെ ഒഫീഷ്യലുകള്‍ പങ്കെടുക്കാതെ വിട്ടുനിന്നു; ഇളിഭ്യനായി പാക് വിദേശകാര്യമന്ത്രി; ഇന്ത്യന്‍ നയതന്ത്രം കൊലമാസ്സാണ്!

ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് ഓണ്‍ കശ്മീര്‍ (എപിപിജി-കെ) ആണ് ഹൗസ് ഓഫ് കോമണ്‍സ് ഹാളില്‍ ചടങ്ങ് നടത്തിയത്

എനിക്ക് അങ്ങ് തലസ്ഥാനത്തും ഉണ്ടെടാ പിടി എന്ന് സേതുരാമയ്യര്‍ സിബിഐയോട് പ്രതാപചന്ദ്രന്റെ കഥാപാത്രം വിളിച്ചുപറയുന്നത് ഓര്‍മ്മയില്ലേ. ഇതല്‍പ്പം മാറ്റി ഞങ്ങള്‍ക്ക് അങ്ങ് യുകെയില്‍ ഉണ്ടെടാ പിടിയെന്ന് പാകിസ്ഥാനോട് വിളിച്ച് പറഞ്ഞാലും ഒട്ടും അധികമാകില്ല. എന്താണ് സംഗതിയെന്നല്ലേ, ഇന്ത്യയുടെ അവിഭാജ്യ ഘടകമായ കശ്മീരിന്റെ പേരില്‍ ഐക്യദാര്‍ഢ്യ ദിനം ആചരിക്കുന്ന പാകിസ്ഥാന്‍ ഇതിന്റെ ഭാഗമായി ലണ്ടനില്‍ നടത്തിയ പരിപാടിയാണ് ഇന്ത്യ പൊളിച്ചടുക്കിയത്. 

ലണ്ടനില്‍ കശ്മീരിന്റെ പേരില്‍ ഇന്ത്യക്കെതിരെ നടത്തുന്ന പരിപാടിയില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രാതിനിധ്യം ഇല്ലെന്ന് ഉറപ്പാക്കാന്‍ ഇന്ത്യ നയതന്ത്ര ചാനലുകള്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. ഫെബ്രുവരി 5നാണ് പാകിസ്ഥാന്‍ കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനം ആചരിക്കുന്നത്. ഇക്കുറി പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ് ലണ്ടനിലെ ചടങ്ങിന് നേതൃത്വം വഹിച്ചത്. 

പാക് വിദേശകാര്യ മന്ത്രി എത്തുന്നുവെന്ന് അറിഞ്ഞതോടെ ഇന്ത്യന്‍ നേതൃത്വം ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. വിഷയം ബ്രിട്ടീഷ് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തി. കോണ്‍ഫറന്‍സ് തടയാന്‍ കഴിയില്ലെങ്കിലും ഔദ്യോഗിക പ്രാതിനിധ്യം ഉണ്ടാകില്ലെന്ന് ബ്രിട്ടന്‍ ഉറപ്പുനല്‍കി. ഖുറേഷിയുടെ ലണ്ടന്‍ യാത്ര ഇതോടെ സ്വകാര്യ സന്ദര്‍ശനമാക്കി മാറ്റാമെന്നും ബ്രിട്ടന്‍ അറിയിച്ചു. ഒരു വിദേശകാര്യ മന്ത്രിയുടെ വരവ് ഏകപക്ഷീയമാക്കി മാറ്റുന്നത് പതിവില്ലാത്ത കാര്യമായിട്ട് കൂടി ഇക്കാര്യത്തില്‍ ഇന്ത്യന്‍ നീക്കം ഫലപ്രദമാകുകയായിരുന്നു. 

ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് ഓണ്‍ കശ്മീര്‍ (എപിപിജി-കെ) ആണ് ഹൗസ് ഓഫ് കോമണ്‍സ് ഹാളില്‍ ചടങ്ങ് നടത്തിയത്. പാക് വംശജരായ ഇന്ത്യാവിരുദ്ധ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയരായ ലേബര്‍, ടോറി എംപിമാര്‍ ഇതില്‍ പങ്കാളികളാണ്. കശ്മീര്‍ ജനതയ്ക്ക് നേരെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുന്നതായി ആരോപിക്കുന്ന പാക് പ്രമേയത്തിനെതിരെ ശബ്ദം ഉയര്‍ത്തിയ കശ്മീരികളെ വേദിയില്‍ നിന്നും പുറത്താക്കി. പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചതുമില്ല. 

ഇതോടെ പൊതുപരിപാടിയായി നടത്തപ്പെട്ട പാകിസ്ഥാന്റെ കശ്മീര്‍ ഐക്യദാര്‍ഢ്യ പരിപാടി അടച്ചിട്ട വാതിലുകള്‍ക്ക് അപ്പുറമാണ് നടത്തിയത്. പാകിസ്ഥാന്റെ കശ്മീര്‍ അജണ്ട പ്രോത്സാഹിപ്പിക്കുന്ന നേതാക്കള്‍ മാത്രമാക്കി ചടങ്ങ് ഒതുക്കാന്‍ ഇന്ത്യന്‍ നീക്കങ്ങള്‍ക്ക് സാധിച്ചു. കശ്മീര്‍ വിഷയം ഇന്ത്യയും, പാകിസ്ഥാനും തമ്മില്‍ തീര്‍ക്കേണ്ട വിഷയമാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് യുകെ തീര്‍ത്തുപറഞ്ഞു. ലണ്ടനിലുള്ള ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ ചടുലമായ ഇടപെടലാണ് ബ്രിട്ടീഷ് മണ്ണിലെ ഇന്ത്യാവിരുദ്ധ പരിപാടി പൊളിക്കാന്‍ വഴിയൊരുക്കിയത്. 




കൂടുതല്‍വാര്‍ത്തകള്‍.