Breaking Now

അത് സാല തന്നെ; കടലില്‍ തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നും കണ്ടെത്തിയത് അര്‍ജന്റീന ഫുട്‌ബോള്‍ താരത്തിന്റെ മൃതദേഹമെന്ന് സ്ഥിരീകരണം; പ്രതീക്ഷ തകര്‍ന്ന് പൈലറ്റിന്റെ കുടുംബം

റോബോട്ടിക് സബ്മറൈനുകള്‍ ഉപയോഗിച്ചുള്ള തെരച്ചിലിനൊടുവില്‍ ഒരു മൃതദേഹം വീണ്ടെടുക്കാന്‍ സാധിച്ചിരുന്നു

ഇംഗ്ലീഷ് ചാനലിന്റെ അടിത്തട്ടില്‍ തകര്‍ന്നടിഞ്ഞ വിമാന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും വീണ്ടെടുത്ത മൃതദേഹം ഫുട്‌ബോള്‍ താരം എമിലിയാനോ സാലയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ജനുവരി 21ന് കാണാതായ പൈപ്പര്‍ മാലിബു ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസമാണ് നവീനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു മൃതദേഹം വീണ്ടെടുത്തത്. അതുമുതല്‍ ഇത് അര്‍ജന്റീനക്കാരന്‍ ഫുട്‌ബോള്‍ താരത്തിന്റേതാണോ, അതോ പൈലറ്റ് ഡേവിഡ് ഇബോട്‌സന്റേതോ എന്ന ആകാംക്ഷയില്‍ കാത്തിരിക്കുകയായിരുന്നു ഇരുവരുടെ കുടുംബങ്ങളും. 

പരിശോധനകള്‍ക്ക് ശേഷം ഡോര്‍സെറ്റ് പോലീസാണ് 28-കാരന്‍ ഫുട്‌ബോളറുടേത് തന്നെയാണ് കണ്ടെടുത്ത മൃതദേഹമെന്ന് സ്ഥിരീകരിച്ചത്. ഫ്രാന്‍സിലെ നാന്റെസില്‍ കളിച്ചിരുന്ന സാല യുകെയില്‍ പുതിയ ജീവിതം ആരംഭിക്കാന്‍ ഇരിക്കവെയാണ് ദുരന്തം. 15 മില്ല്യണ്‍ പൗണ്ടിന് കാര്‍ഡിഫ് എഫ്‌സിയുമായി കരാര്‍ ഒപ്പിട്ട് ടീമിനൊപ്പം ചേരാനുള്ള യാത്രയാണ് സാലയുടെയും പൈലറ്റിന്റെയും ജീവനെടുത്തത്. കൊറോണറുടെ പരിശോധനയിലാണ് വീണ്ടെടുത്ത മൃതദേഹം ഇവരില്‍ ആരുടേതാണെന്ന് സ്ഥിരീകരിച്ചത്. വാര്‍ത്ത പുറത്തുവന്നതോടെ അന്തരിച്ച ഫുട്‌ബോളര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സോഷ്യല്‍ മീഡിയയിലും, സ്‌റ്റേഡ് ഡി ലാ ബിജോറിലും ജനങ്ങള്‍ രംഗത്തിറങ്ങി. 

സാലയുടെ പഴയ ടീം നാന്റെസ് മത്സരത്തിന് ഇറങ്ങിയപ്പോള്‍ താരത്തിന്റെ പടുകൂറ്റന്‍ ചിത്രം സ്റ്റേഡിയത്തില്‍ ഉയര്‍ത്തി. താരങ്ങള്‍ സാലയുടെ ചിത്രമുള്ള ടിഷര്‍ട്ട് അണിഞ്ഞാണ് കളത്തിലിറങ്ങിയത്. കാലാവസ്ഥ കടുപ്പമായതിനാല്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കരയിലേക്ക് എത്തിക്കില്ലെന്നാണ് കരുതുന്നത്. ഇതോടെ പൈലറ്റ് ഇബോട്‌സന്റെ മൃതദേഹം വീണ്ടെടുക്കുന്ന കാര്യവും സംശയത്തിലായി. അപകടത്തില്‍ പെട്ടവര്‍ രക്ഷപ്പെടില്ലെന്നതിനാല്‍ നാല് ദിവസത്തിന് ശേഷം ഔദ്യോഗിക തെരച്ചില്‍ അവസാനിപ്പിച്ചിരുന്നു. ഇതിന് ശേഷം വിമാനത്തിനും, മൃതദേഹങ്ങളും കണ്ടെത്താന്‍ സ്വകാര്യ ടീമാണ് തെരച്ചിലിന് ഇറങ്ങിയത്. 

റോബോട്ടിക് സബ്മറൈനുകള്‍ ഉപയോഗിച്ചുള്ള തെരച്ചിലിനൊടുവില്‍ ഒരു മൃതദേഹം വീണ്ടെടുക്കാന്‍ സാധിച്ചിരുന്നു. പൈലറ്റിന്റെ കുടുംബത്തിന്റെ പ്രതീക്ഷ ഏകദേശം അസ്തമിച്ച മട്ടിലാണ്. പ്രത്യേകിച്ച് ഇദ്ദേഹത്തിന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ആരും ഇടപെടുമെന്ന പ്രതീക്ഷയില്ല. 




കൂടുതല്‍വാര്‍ത്തകള്‍.