Breaking Now

18 മാസത്തിനിടെ മരിച്ചത് അഞ്ച് ഗര്‍ഭിണികള്‍; ബര്‍മിംഗ്ഹാം എന്‍എച്ച്എസ് ട്രസ്റ്റില്‍ ആശങ്ക, അടിയന്തര അന്വേഷണം; ദുരന്തങ്ങളില്‍ നിന്നും പാഠം പഠിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ്; ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാനെന്ന് ചീഫ് നഴ്‌സ്

വെസ്റ്റ് ബ്രോംവിച്ചിലെ സാന്‍ഡ്‌വെല്‍ ജനറല്‍ ഹോസ്പിറ്റല്‍, ബര്‍മിംഗ്ഹാമിലെ സിറ്റി ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് മറ്റേണിറ്റി സേവന കേന്ദ്രങ്ങള്‍

ആശുപത്രികളില്‍ എത്തുന്ന എല്ലാവരുടെയും ജീവന്‍ രക്ഷിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. ആരോഗ്യം കുറഞ്ഞ ആളുകള്‍ മരണപ്പെട്ടാല്‍ അതില്‍ വലിയ അത്ഭുതവുമില്ല. എന്നാല്‍ വയറ്റില്‍ ഒരു ജീവനുമായി എത്തുന്ന ഗര്‍ഭിണികള്‍ മരണപ്പെട്ടാല്‍ സ്ഥിതി ആശങ്കാജനകമാണ്. ബര്‍മിംഗ്ഹാം ആശുപത്രിയിലാണ് അഞ്ച് ഗര്‍ഭിണികള്‍ തുടര്‍ച്ചയായി മരണപ്പെട്ടത്. ഇതോടെ സംഭവങ്ങളില്‍ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍.

മരണങ്ങളില്‍ എന്‍എച്ച്എസ് സാന്‍ഡ്‌വെല്‍ & വെസ്റ്റ് ബര്‍മിംഗ്ഹാം ഹോസ്പിറ്റല്‍സ് ട്രസ്റ്റ് അന്വേഷണം നടത്തും. രണ്ട് മരണങ്ങള്‍ വെറും നാല് മാസത്തെ ഇടവേളയിലാണ് സംഭവിച്ചത്. ദുരന്തങ്ങളില്‍ നിന്നും പാഠം പഠിക്കുമെന്നാണ് അന്വേഷണം പ്രഖ്യാപിക്കവെ ചീഫ് എക്‌സിക്യൂട്ടീവ് ടോബി ലൂയിസ് പറഞ്ഞത്. രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കും., ഈ കാലഘട്ടത്തില്‍ ബാധിക്കപ്പെട്ട കുടുംബങ്ങള്‍ പരിപൂര്‍ണ്ണ പിന്തുണ നല്‍കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് ട്രസ്റ്റ് വ്യക്തമാക്കി. 

പതിനെട്ട് മാസത്തിനിടെയാണ് അഞ്ച് ഗര്‍ഭിണികളുടെ മരണം സംഭവിച്ചിരിക്കുന്നത്. ഈ ദുരന്തങ്ങളില്‍ നിന്നും എന്തെല്ലാം പാഠം ഉള്‍ക്കൊള്ളണമെന്ന് അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കും. തങ്ങളുടെ പരിചരണത്തിലുള്ള ആരെങ്കിലും മരിക്കുന്നത് ദുഃഖകരമായ കാര്യമാണെന്ന് ചീഫ് നഴ്‌സ് പോളാ ഗാര്‍ഡ്‌നര്‍ പറഞ്ഞു. ഈ സംഭവങ്ങള്‍ ഗുരുതരമായി കണക്കാക്കുന്നതിനാല്‍ ഇതിന്റെ കാരണം കണ്ടെത്താനാണ് ആഭ്യന്തര അന്വേഷണം. കമ്മീഷന്റെ ഉപദേശങ്ങളില്‍ നിന്നും മറ്റേണിറ്റി ടീമിന് ഭാവിയിലേക്കുള്ള വിവരങ്ങള്‍ നല്‍കും. 

സുരക്ഷയ്ക്കും, ഗുണമേന്മയ്ക്കും ട്രസ്റ്റ് നല്‍കുന്ന പ്രാധാന്യം പ്രദേശത്തെ ജനങ്ങള്‍ക്ക് ബോധ്യമാക്കാനാണ് ഈ അന്വേഷണമെന്നാണ് കരുതുന്നത്. 2017 മാര്‍ച്ചില്‍ കെയര്‍ ക്വാളിറ്റി കമ്മീഷന്‍ നടത്തിയ പരിശോധനയില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നാണ് ട്രസ്റ്റിന് ലഭിച്ച റേറ്റിംഗ്. ജീവനക്കാരുടെ എണ്ണക്കുറവും, മോശം കെയര്‍ പ്ലാനിംഗുമാണ് പ്രധാന ആശങ്കകളായി ചൂണ്ടിത്താണിക്കുന്നത്. വെസ്റ്റ് ബ്രോംവിച്ചിലെ സാന്‍ഡ്‌വെല്‍ ജനറല്‍ ഹോസ്പിറ്റല്‍, ബര്‍മിംഗ്ഹാമിലെ സിറ്റി ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് ട്രസ്റ്റിന്റെ പ്രധാന മറ്റേണിറ്റി സേവന കേന്ദ്രങ്ങള്‍. 




കൂടുതല്‍വാര്‍ത്തകള്‍.