ഓക്സ്ഫോര്‍ഡ് സ്ട്രീറ്റില്‍ നടന്ന കവര്‍ച്ചയ്ക്ക് ശേഷം ട്യൂബ് സ്റ്റേഷനില്‍ അക്രമികള്‍ ആയുധവുമായി എത്തിയതിനെത്തുടര്‍ന്ന് ബോണ്ട് സ്ട്രീറ്റ് സ്റ്റേഷന് സായുധ പോലീസ് താല്‍ക്കാലികമായി അടച്ചു. അഞ്ച് പേരെയാണ് ഇവിടെ നിന്നും അറസ്റ്റ് ചെയ്തത്. കവര്‍ച്ചയ്ക്ക് ഇരയായ വ്യക്തിയാണ് ഇവരുടെ പക്കല്‍ ആയുധങ്ങള്‍ ഉള്ളതായി വിവരം നല്‍കിയത്. ഇതോടെയാണ് തിരക്കേറിയ സ്റ്റേഷനിലേക്ക് ഓഫീസര്‍മാര്‍ എത്തിയതെന്ന് മെറ്റ് പോലീസ് വക്താവ് വ്യക്തമാക്കി. സ്ഥലത്തെത്തിയ സായുധ പോലീസ് നിമിഷനേരം കൊണ്ട് പ്രതികളെ പിടികൂടി. ഇവരുടെ പക്കല്‍ നിന്നും തോക്കുകളും, കത്തിയും കണ്ടെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേഷന് ഒരു മണിക്കൂറോളം അടച്ചിട്ടു. ഇതോടെ ട്യൂബ് ശൃംഖലയില്‍ വലിയ തോതിലുള്ള തടസ്സങ്ങള്‍ നേരിട്ടു. ഓക്സ്ഫോര്‍ഡ് സ്ട്രീറ്റില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് പോലീസ് സ്ഥലത്തെത്തിയതെന്ന് വക്താവ് വിശദീകരിച്ചു. കവര്‍ച്ചയ്ക്ക് ഇരയായ വ്യക്തിയുമായി ഓഫീസര്‍മാര്‍ സംസാരിച്ചപ്പോഴാണ് കവര്‍ച്ചക്കാരുടെ പക്കല്‍ ആയുധങ്ങള്‍ ഉള്ളതായി വ്യക്തമായത്. ഇവര്‍ ബോണ്ട് സ്ട്രീറ്റ് അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷനില്‍ കടന്നുപോകുന്നതാണ് അവസാനമായി കണ്ടത്. ഇതോടെയാണ് സായുധ പോലീസും, ബ്രിട്ടീഷ് ട്രാന്‍സ്പോര്‍ട്ട് പോലീസും രംഗത്തിറങ്ങിയത്.
അഞ്ച് പേരെയാണ് കവര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്റ്റേഷന് അടച്ചിട്ടതോടെ ശൃംഖലയില്‍ വന്‍തോതില്‍ തടസ്സങ്ങള്‍ നേരിട്ടു. ട്രെയിനുകള്‍ സെന്‍ഡ്രല്‍, ജൂബിലി ലൈനുകളില്‍ പിടിച്ചിട്ടതോടെയാണ് യാത്രക്കാര്‍ കുരുക്കിലായത്. ബോണ്ട് സ്ട്രീറ്റിലെ സംഭവവികാസങ്ങളെത്തുടര്‍ന്നാണ് തടസ്സങ്ങള്‍ നേരിട്ടതെന്ന് ടിഎഫ്എല്‍ ട്വീറ്റ് ചെയ്തു. യാത്രകള്‍ക്ക് മറ്റ് വഴികള്‍ തെരഞ്ഞെടുക്കാനും അധികൃതര്‍ ആവശ്യപ്പെട്ടു. ടിക്കറ്റുകള്‍ ലണ്ടന്‍ ബസുകളിലും, ഡിഎല്ആറിലും സ്വീകരിക്കുകയും ചെയ്തു.
ഒരു മണിക്കൂറിന് ശേഷം സെന്‍ഡ്രല്‍ ലൈനും, ജൂബിലി ലൈന്‍ ബോണ്ട് സ്ട്രീറ്റ് സ്റ്റേഷനുകളും പ്രവര്‍ത്തനം പുനരാരംഭിച്ചതായി അപ്ഡേറ്റും എത്തി.