Breaking Now

സ്റ്റാഫോര്‍ഡിലെ വീട്ടിലുണ്ടായ ഗ്യാസ് പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ വെന്തുമരിച്ച സംഭവത്തില്‍ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു; കുറ്റകരമായ അനാസ്ഥ മൂലമുള്ള നരഹത്യക്ക് കേസ്; സ്‌ഫോടനത്തിന്റെ കാരണം സ്ഥിരീകരിക്കാതെ നടപടി

ചൊവ്വാഴ്ച പുലര്‍ച്ചെ 2.40നാണ് സ്റ്റാഫോര്‍ഡിലെ വീട്ടിലേക്ക് ഫയര്‍ഫൈറ്റര്‍മാരും, പോലീസും, ആംബുലന്‍സ് സംഘങ്ങളും കുതിച്ചെത്തിയത്

നാല് ചെറിയ കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ഗ്യാസ് സ്‌ഫോടനത്തില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. കുറ്റകരമായ അനാസ്ഥ മൂലമുള്ള നരഹത്യ ചുമത്തിയാണ് അമ്മയെയും, അച്ഛനെയും പോലീസ് അറസ്റ്റ് ചെയ്തത്. 24-കാരി നതാലി യൂണിറ്റ്, പങ്കാളി 28-കാരന്‍ ക്രിസ് മൗള്‍ട്ടണ്‍ എന്നിവരാണ് സ്റ്റാഫോര്‍ഡിലെ വീട്ടിലുണ്ടായ അഗ്നിബാധയില്‍ നിന്നും ഒന്നാം നിലയിലെ ജനല്‍ വഴി പുറത്തുകടന്ന് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച നടന്ന അപകടത്തില്‍ ഇവരുടെ രണ്ട് വയസ്സുള്ള ഇളയമകന്‍ ജാക്ക് മാത്രമാണ് രക്ഷപ്പെട്ടത്. 

ദമ്പതികളുടെ മക്കളായ ഒലി, കീഗന്‍, ടില്ലി, യൂണിറ്റിന്റെ ആദ്യ ബന്ധത്തിലെ കുട്ടി റിലി എന്നിവരാണ് തീപിടുത്തത്തില്‍ വെന്തുമരിച്ചത്. മൗള്‍ട്ടണ് ചെറിയ പൊള്ളലും, യൂണിറ്റിന് പുക ശ്വസിച്ചത് മൂലമുണ്ടായ ബുദ്ധിമുട്ടിനുമാണ് ചികിത്സ നല്‍കിയത്. ഇരുവരും ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. എന്നാല്‍ ഇവരുടെ പരുക്കുകള്‍ ജീവന് അപകടം ഉണ്ടാക്കുന്നവയല്ലെന്നാണ് റിപ്പോര്‍ട്ട്. എന്താണ് തീ പടരാന്‍ കാരണമായതെന്ന് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. ഗ്യാസ് പൊട്ടിത്തെറിച്ചതാണ് കാരണമെന്നാണ് പ്രാഥമിക വിവരം. പ്രവര്‍ത്തനം തകരാറിലായ ബോയ്‌ലര്‍ ആകാം ഇതിലേക്ക് വഴിയൊരുക്കിയതെന്നാണ് കരുതുന്നത്. 

ചൊവ്വാഴ്ച പുലര്‍ച്ചെ 2.40നാണ് സ്റ്റാഫോര്‍ഡിലെ വീട്ടിലേക്ക് ഫയര്‍ഫൈറ്റര്‍മാരും, പോലീസും, ആംബുലന്‍സ് സംഘങ്ങളും കുതിച്ചെത്തിയത്. എന്റെ കുട്ടികള്‍, എന്റെ കുട്ടികള്‍ എന്ന് നിലവിളിക്കുന്ന നതാലിയുടെ കരച്ചില്‍ അയല്‍ക്കാര്‍ കേട്ടിരുന്നു. സംഭവത്തില്‍ മാതാപിതാക്കളെ അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. സ്‌ഫോടനത്തില്‍ വീടിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു, ജനലുകള്‍ പൊട്ടിത്തെറിച്ചു, വീടിന് അകത്ത് പുക നിറഞ്ഞ് കറുത്തിരുന്നു. നാല് കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് സൗത്ത് സ്റ്റാഫോര്‍ഡ്ഷയര്‍ കൊറോണറുടെ കോര്‍ട്ട് വ്യക്തമാക്കി. 

കുട്ടികളുടെ കുടുംബത്തിനായി ഫണ്ട് റെയ്‌സിംഗ് ഇതുവരെ 28500 പൗണ്ട് സ്വരൂപിച്ച് കഴിഞ്ഞു. കുട്ടികള്‍ക്കായി അനുശോചനങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.