Breaking Now

ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് മാത്രമല്ല ബ്രിട്ടീഷ് എയര്‍വേസിലെ ഇന്ത്യന്‍ പൈലറ്റിനും 'ചായവില്‍പ്പനക്കാരന്‍' എന്ന് അധിക്ഷേപം; പരാതി നല്‍കിയപ്പോള്‍ തള്ളി; തെളിവുകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടപ്പോള്‍ നടപടി; ഇന്ത്യക്കാരനെ വംശീയമായ അധിക്ഷേപിച്ചും ഉപദ്രവിച്ചും രസിച്ച അഞ്ച് പൈലറ്റുമാകെ ബ്രിട്ടീഷ് എയര്‍വേസ് സസ്‌പെന്‍ഡ് ചെയ്തു

പൈലറ്റുമാരുടെ പെരുമാറ്റം ഒട്ടും അനുയോജ്യമല്ലെന്ന് ബ്രിട്ടീഷ് എയര്‍വേസ് പ്രതികരിച്ചു.

വംശീയമായ ഭാഷയും, അശ്ലീല ചിത്രങ്ങളും ഉള്‍പ്പെട്ട ഇമെയിലുകള്‍ വഴി ഇന്ത്യന്‍ വംശജനായ പൈലറ്റിനെ അധിക്ഷേപിച്ച് രസിച്ച അഞ്ച് പൈലറ്റുമാരെ ബ്രിട്ടീഷ് എയര്‍വേസ് സസ്‌പെന്‍ഡ് ചെയ്തു. തെളിവുകള്‍ സഹിതം ഒരു ബ്രിട്ടീഷ് മാധ്യമം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെയാണ് നാണംകെട്ട വിമാന കമ്പനി നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമായത്. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിനും ഉത്തരവായി.

ഇന്ത്യന്‍ വംശജനായ പൈലറ്റ് മനീഷ് പട്ടേലിന് നേരെയാണ് മറ്റ് പൈലറ്റുമാര്‍ അധിക്ഷേപം അഴിച്ചുവിട്ടത്. കറുത്തവരെ അധിക്ഷേപിക്കാന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിക്കുന്ന 'എന്‍' വാക്ക് തുടര്‍ച്ചയായി ഇമെയിലുകളില്‍ ഉപയോഗിച്ചാണ് സീനിയര്‍ ബിഎ ക്യാപ്റ്റന്‍ ഉപദ്രവിച്ചത്. മറ്റൊരു പൈലറ്റ് കോഴിയുമായി ലൈംഗികതയില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങളും അയച്ചു. ഇതിന് പുറമെ ബിബിസിയുടെ വിവാദമായ ബ്ലാക്ക് & വൈറ്റ് മിന്‍സ്ട്രല്‍ ഷോയിലെ കറുപ്പിച്ച വേഷത്തിലെത്തുന്നവരുടെ ചിത്രങ്ങളും അധിക്ഷേപിക്കാനായി ഉപയോഗിച്ചു. വിമാനം പറത്തുന്നതിനൊപ്പം പാര്‍ട്ട്‌ടൈം ട്രേഡ് യൂണിയന്‍ ഒഫീഷ്യലായി ജോലി ചെയ്ത ബിഎ പൈലറ്റുമാരാണ് ആരോപണം നേരിടുന്നത്. 

ബ്രിട്ടീഷ് എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ പ്രതിനിധികളായി ബിഎ പൈലറ്റുമാര്‍ മാസത്തില്‍ 45 മണിക്കൂര്‍ ഡ്യൂട്ടി ചെയ്യുന്നു. ബോയിംഗ് 777 ക്യാപ്റ്റനായിരുന്ന ഇന്ത്യന്‍ വംശജന്‍ 46-കാരന്‍ മനീഷ് പട്ടേലിനാണ് അധിക്ഷേപങ്ങള്‍ നേരിട്ടത്. കഴിഞ്ഞ വര്‍ഷം ബാല്‍പ റെപ് എന്ന നിലയില്‍ നിന്നും ഇദ്ദേഹം രാജിവെച്ചു. ഇതിന് ശേഷം എംപ്ലോയ്‌മെന്റ് ട്രിബ്യൂണലില്‍ സഹജീവനക്കാര്‍ വംശീയമായ ഇമെയിലുകള്‍ അയയ്ക്കുന്നതായി ചൂണ്ടിക്കാണിച്ച് പരാതി നല്‍കി. കൂടാതെ ചായവില്‍പ്പനക്കാരന്‍ തുടങ്ങി മോശം തമാശകളും നേരിടേണ്ടി വന്നു. ഇതിന് തക്കതായ മറുപടിയും നല്‍കിയെന്ന് മനീഷ് വ്യക്തമാക്കി. 

ടാക്‌സി ഡ്രൈവറും, കോര്‍ണര്‍ ഷോപ്പ് ഉടമയുമായ ശേഷമാണ് മനീഷ് പൈലറ്റായി പരിശീലനം നേടുന്നത്. പൈലറ്റുമാരുടെ പെരുമാറ്റം ഒട്ടും അനുയോജ്യമല്ലെന്ന് ബ്രിട്ടീഷ് എയര്‍വേസ് പ്രതികരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.